മുഹമ്മ: അഭിനയത്തിന്റെ അമ്പതാണ്ട് പിന്നിടുകയാണ് കെ.പി.എ.സി ശ്രീ കുമാർ. മുപ്പത്തഞ്ചോളം പ്രൊഫഷണൽ നാടകങ്ങളിലൂടെ പതിനായിരത്തിലധികം വേദികളിൽ ശ്രീകുമാർ ഇതിനകം വേഷമിട്ടുകഴിഞ്ഞു.അരങ്ങിലെ അഭിനയത്തോട് കുട്ടിക്കാലം മുതലേ ശ്രീ കുമാറിന് വല്ലാത്തൊരു ഇഷ്ടമുണ്ടായിരുന്നു. അതാണ് അദ്ദേഹത്തെ നടനായി വളർത്തിയതും കെ.പി.എ.സിയിലെത്തിച്ചതും.
മുഹമ്മ ചാരമംഗലം സംസ്കൃത ഹൈസ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് അരങ്ങിലെത്തിയത്.കായിപ്പുറം കുശലന്റെ പൊലീസ് സ്റ്റേഷൻ എന്ന നാടകത്തിൽ വില്ലനായി അഭിനയിച്ചതിന് സഹപാഠികളുടെയും അദ്ധ്യാപകരുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. ഇതോടെ അഭിനയത്തോടുള്ള ഇഷ്ടം കൂടി.തുടർന്ന് മുഹമ്മദ് പുഴക്കരയുടെ ആഹ്വാനം എന്ന നാടകത്തിൽ അഭിനയിച്ച് അമച്വർ നാടക വേദിയിലേക്ക് കടന്നു. 1990ൽ രാജൻ പി.ദേവ് സംവിധാനം ചെയ്ത ചേർത്തല അഭിരമ്യ തീയറ്റേഴ്സിന്റെ അമ്മ പറഞ്ഞ കഥ എന്ന നാടകത്തിലൂടെയാണ് ശ്രീകുമാർ പ്രൊഫഷണൽ നാടക രംഗത്തേക്ക് കടക്കുന്നത്. തുടർന്ന് ചേർത്തല ഷൈലജ,വൈക്കം അഭിനയശ്രീ തുടങ്ങിയ നാടക സമിതികളിലും ശ്രീകുമാറിന്റെ അഭിനയിച്ചു.
കെ.പി.എ.സിയുടെ അമ്പതാം വാർഷികത്തിന് നടൻ ഒടുവിൽ ഉണ്ണിക്കൃഷ്ണനിൽ നിന്ന് ആദരവ് ഏറ്റുവാങ്ങാൻ കഴിഞ്ഞതും നാട്ടിലെ സാംസ്കാരിക സംഘടനകളിൽ നിന്ന് നിരവധി അംഗീകാരങ്ങൾ ലഭിച്ചതും വലിയ അഭിമാനമായി കരുതുന്നു ശ്രീകുമാർ, കൃഷി വകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ കൂടിയാണ്. ലതയാണ് ഭാര്യ. മകൻ: ആദർശ്.
വഴിത്തിരിവായി കെ.പി.എ.സി
പ്രൊഫഷണൽ നാടക രംഗത്ത് കത്തിനിൽക്കവെയാണ് കെ.പി.എ.സി നാടക സമിതിയിൽ നിന്ന് ശ്രീകുമാറിന് ക്ഷണം ലഭിച്ചത്. അശ്വമേധത്തിലെ മോഹനനായും മുടിയനായ പുത്രനിലെ കോൺട്രാക്ടറായും അഭിനയിച്ച് ശ്രീകുമാർ തന്റെ അഭിനയ വൈഭവം ഒന്നുകൂടി ഉറപ്പിച്ചു. കാണികളുടെ വലിയ രീതിയിലുള്ള പ്രശംസ നേടിയെടുക്കാനും ആ കഥാപാത്രങ്ങളിലൂടെ കഴിഞ്ഞു. അങ്ങനെ തണ്ണീർമുക്കം ശ്രീകുമാർ, കെ.പി.എ.സി ശ്രീകുമാറായി. തിക്കൊടിയന്റെ രാജയോഗം എന്ന നാടകത്തിൽ അഭിനയിക്കാനും പിന്നീട് അവസരം ലഭിച്ചു. കാക്കി നക്ഷത്രം, ഭാഗ്യ ദേവത, പുതിയ മുഖം, സൗണ്ട് തോമ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. നിലവിളക്ക്,ചീന വല തുടങ്ങിയ ടെലി ഫിലിമുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |