ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവത്തിന്റെ തീയതി തീരുമാനിക്കുകയും ചമ്പക്കുളം മൂലം ജലോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുകയും ചെയ്യവേ, ബോട്ട് ക്ളബ്ബുകളിൽ ടീം അംഗങ്ങളുടെ തിരഞ്ഞെടുപ്പ് തകൃതിയായി നടക്കുന്നു. പ്രമുഖ ക്ലബ്ബുകൾ പലതും ജൂലായ് രണ്ട് മുതൽ ക്യാമ്പുകൾ ആരംഭിക്കും. ക്ലബ്ബുകളും വള്ളം സമിതികളും തമ്മിൽ വളരെ നേരത്തെ കരാർ ഒപ്പിട്ടിരുന്നു.
വിവിധ ജില്ലകളിൽ നിന്നുള്ള തുഴച്ചിൽക്കാരെയും പ്രൊഫഷണലുകളെയും ക്ലബ്ബുകൾ രംഗത്തിറക്കുന്നുണ്ട്. തുഴച്ചിലിന്റെയും ഫിറ്റ്നസിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. നെഹ്റുട്രോഫി ജലോത്സവം ആഗസ്റ്റ് 30ന് നടത്താൻ അംഗീകാരമായതോടെ സർക്കാർ ഓഫീസുകൾ വഴിയുള്ള ടിക്കറ്റ് വിൽപ്പനയ്ക്ക് ആർ.ഡി.ഒ കൂടിയായ സബ് കളക്ടർ പൊതുഭരണവകുപ്പിൽ നിന്ന് അനുമതി തേടി കത്ത് നൽകി. വൈകാതെ സബ് കമ്മിറ്റികൾ ചേർന്ന് ബഡ്ജറ്റ് തയാറാക്കും.
സംവിധാനങ്ങളെല്ലാം പ്രൊഫണലായിട്ടും എല്ലാവർഷങ്ങളിലും നെഹ്റു ട്രോഫി ജലമേളയുടെ സ്റ്റാർട്ടിംഗ്, ഫിനിഷിംഗ് സംവിധാനങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങൾ പതിവാണ്. ഇത്തവണ തർക്കങ്ങൾ പാടേ പരിഹരിക്കുന്നതിനായി എൻ.ടി.ബി.ആറിന് മുന്നിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന സംവിധാനങ്ങൾ വിദഗ്ദ്ധ സമിതി പരിശോധിക്കും. കുറ്റമറ്റതെന്ന് കണ്ടെത്തുന്ന സംവിധാനം തിരഞ്ഞെടുക്കും. ഈ മാസം 27ന് പരിശോധന നടത്താനാണ് സാദ്ധ്യത.
പരിശീലനത്തിന് 50 ദിവസം
ഇത്തവണ തിയതി മുൻകൂട്ടി പ്രഖ്യാപിച്ചതിനാൽ നെഹ്റുട്രോഫി ജലോത്സവത്തിനുള്ള പരിശീലനത്തിന് അമ്പത് ദിവസത്തോളം സമയം ലഭിക്കും
ചെലവ് കൂടുമെങ്കിലും, തുടക്കക്കാരുടെയടക്കം നിലവാരം വർദ്ധിപ്പിക്കാൻ, കൂടുതൽ പരിശീലന ദിനങ്ങൾ ലഭിക്കുന്നത് ഗുണം ചെയ്യും
നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി വിവിധ ജില്ലകളിലായാണ് പ്രമുഖ ക്ളബ്ബുകൾ പരിശീലന ക്യാമ്പുകൾ സജ്ജീകരിക്കുക
ചമ്പക്കുളം ജലോത്സവം ജൂലായ് 9ന്
ജലോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം ജലോത്സവം ജൂലായ് 9ന് ഉച്ചയ്ക്ക് 2.30ന് ആരംഭിക്കും രജിസ്ട്രേഷൻ ആരംഭിച്ചു. 25 ആണ് അവസാന തിയതി. കുട്ടനാട്ടിൽ ജലനിരപ്പ് വർദ്ധിക്കുന്നത് ജലോത്സവ പ്രേമികളിൽ ആശങ്ക ഉയർത്തുന്നുണ്ട്.
നെഹ്റുട്രോഫി ജലോത്സവം
ആഗസ്റ്റ് 30
ഇത്തവണ 45 മുതൽ 50 ദിവസം വരെ ക്യാമ്പ് നടത്താൻ സാധിക്കും. ചമ്പക്കുളത്ത് മത്സരത്തിനിറങ്ങുന്നതിന് മുന്നോടിയായി രണ്ടാം തീയതിയോടെ ക്യാമ്പ് ആരംഭിക്കാനാണ് ആലോചിക്കുന്നത്
- പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |