# ഊണുവില 30 ആക്കണമെന്ന് ജനകീയ ഭക്ഷണശാലകൾ
ആലപ്പുഴ: സാധനങ്ങളുടെ വിലക്കയറ്റം മൂലം പിടിച്ചു നിൽക്കാനാവാത്ത ഘട്ടമായപ്പോൾ, ഊണുവില കൂട്ടണമെന്ന കുടുംബശ്രീ ജനകീയ ഭക്ഷണശാലകളുടെ ആവശ്യം സർക്കാർ ഗൗനിക്കുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ ഒക്ടോബറിലാണ് സർക്കാരിന് നിർദ്ദേശം സമർപ്പിച്ചത്. എന്നാൽ യാതൊരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല.
20 രൂപയാണ് നിലവിൽ ഒരു ഊണിന്. ഇത് 30 ആക്കണമെന്നാണ് കുടുംബശ്രീയുടെ ആവശ്യം. 10 രൂപയാണ് സബ്സിഡി ലഭിക്കുന്നത്. കെട്ടിടവാടക, വെള്ളക്കരം, വൈദ്യുതി ബില്ലടക്കമുള്ള ചെലവുകൾ വഹിക്കുന്നത് അതത് തദ്ദേശസ്ഥാപനങ്ങളാണ്. കൂടുതൽ കച്ചവടമുള്ള ജനകീയ ഭക്ഷണശാലകൾ ലാഭം കിട്ടുന്ന പണം അക്കൗണ്ടുകളിലാക്കി നടത്തിപ്പിനാവശ്യമായ തുക കണ്ടെത്തും. എന്നാൽ ഇടത്തരം ശാലകളുടെ സ്ഥിതി വ്യത്യസ്തമാണ്. ലാഭത്തിൽ നിന്ന് ചെലവിനെടുത്താൽ മിച്ചമൊന്നുമുണ്ടാകില്ല. ഈ സാഹചര്യത്തിലാണ് ഊണി വില വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം കുടുംബശ്രീ ജില്ലാമിഷൻ സർക്കാരിന് സമർപ്പിച്ചത്.
സബ്സിഡി തുക ഘട്ടം ഘട്ടമായി ലഭിക്കുന്നതാണ് ജനകീയ ഭക്ഷണശാലകളെ ഇപ്പോൾ പിടിച്ചു നിറുത്തുന്നത്. സമയത്ത് സബ്സിഡി ലഭിക്കാതിരുന്നതോടെയാണ് ഹോട്ടലുകൾ പ്രതിസന്ധിയിലേക്കു നീങ്ങിയത്.
................................
ഊണ് വില: 20 രൂപ
സബ്സിഡി: 10 രൂപ
കുടുംബശ്രീ ആവശ്യപ്പെടുന്ന വില: 30 രൂപ
.......................
ജില്ലയിൽ ജനകീയ ഹോട്ടലുകൾ: 84
സബ്സിഡി വിതരണത്തിന് ലഭിച്ച തുക: 80 ലക്ഷം
ഇനി ലഭിക്കാനുള്ള സബ്സിഡി തുക: 30 ലക്ഷം
................................
# പുതിയവ ഇല്ല
പണമില്ലാത്തവർക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2018 മാർച്ചിലാണ് അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് പാതിരപ്പള്ളിയിൽ ആദ്യ ജനകീയ ഹോട്ടൽ ആരംഭിച്ചത്. വളരെ വേഗം ഹോട്ടലുകൾ വ്യാപകമായി. ജില്ലയിൽ ആകെ 87 ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നെങ്കിലും മൂന്നെണ്ണം നിലവിൽ നിർജ്ജീവമാണ്. ഇതിൽ ആലപ്പുഴ പഴവീട്, കായംകുളം പത്തിയൂർ എന്നിവിടങ്ങളിലെ ഹോട്ടലുകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ പുതിയ ഹോട്ടലുകൾ ആരംഭിക്കാൻ പദ്ധതിയില്ല.
........................
വിതരണം ചെയ്യാനുള്ള സബ്സിഡി തുകയിൽ 80 ലക്ഷം ലഭിച്ചിട്ടുണ്ട്. ഇത് ഹോട്ടലുകൾക്ക് വീതിച്ചുനൽകുകയാണ്. 30 ലക്ഷം ബാക്കി കിട്ടാനുണ്ട്. തുക ലഭിച്ചത് നിലവിൽ ഹോട്ടലുകളുടെ പ്രവർത്തനത്തിന് സഹായകമാണ്. ഊണിന് വില കൂട്ടുന്നത് സംബന്ധിച്ച് സമർപ്പിച്ച നിർദ്ദേശത്തിന് മറുപടി ലഭിച്ചില്ല
സുരേഷ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |