ആലപ്പുഴ : കള്ളക്കടൽ പ്രതിഭാസത്തിന്റെ മുന്നറിയിപ്പ് തുടർച്ചയായി വരുമ്പോഴും കടൽഭിത്തിയുടെ അഭാവം തീരദേശവാസികളുടെ ഉറക്കം കെടുത്തുന്നു. കാലവർഷം അടുത്തെത്തുന്നതോടെ കടലാക്രമണവും ശക്തമായേക്കും.
പുലിമുട്ടുകളുടെയും കടൽഭിത്തിയുടെയും നിർമ്മാണം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയതോടെ അടുത്ത കാലവർഷത്തിലും കിടപ്പാടങ്ങൾ കടലെടുക്കുമോ എന്ന ആശങ്ക തീരദേശവാസികൾക്കുണ്ട്. തൃക്കുന്നപ്പുഴ പഞ്ചായത്തിന്റെ വടക്കൻപ്രദേശത്ത് കടൽഭിത്തികൾ മണ്ണിൽ മൂടിപ്പോയ അവസ്ഥയിലാണ്. അന്ധകാരനഴി മുതൽ പള്ളിത്തോട് വരെയുള്ള ഏഴു കിലോമീറ്റർ തീരപ്രദേശത്ത് കടൽഭിത്തി കാലങ്ങളായി തകർന്ന നിലയിലാണ്. 15വർഷത്തിനിടെ ഒരു അറ്റകുറ്റപ്പണിയും നടന്നിട്ടില്ല.തകർന്ന ഭാഗങ്ങളിൽ പരിശോധന നടത്തി ഹാർബർ എൻജിനിയറിംഗ് വകുപ്പ് പലവട്ടം എസ്റ്റിമേറ്റുകൾ സർക്കാരിന് സമർപ്പിച്ചെങ്കിലും ഒരു നിർമ്മാണ പ്രവർത്തനവും നടന്നില്ല. കാലവർഷത്തിൽ രൂക്ഷമായ കടലാക്രമണം കാരണം വീടുകളിൽ വെള്ളം ഇരച്ചെത്തുന്നത് പതിവാണ്.
ജില്ലയുടെ അതിർത്തിയായ ചെല്ലാനം ഹാർബർ മുതൽ പുത്തൻതോട് വരെയുള്ള ഭാഗത്ത് ടെട്രാപാഡ് നിർമ്മാണം നടപ്പിലാക്കിയത് പോലെ തെക്കേ ചെല്ലാനം മുതൽ തെക്കോട്ടുള്ള ഭാഗങ്ങളിലും നിർമ്മാണം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
അമ്പലപ്പുഴ കാക്കാഴം ഭാഗത്ത് കടൽഭിത്തി നിർമ്മാണത്തിനായി നടത്തിയ പ്രഖ്യാപനങ്ങൾ ഇനിയും യാഥാർത്ഥ്യമായിട്ടില്ല. വളഞ്ഞവഴിയിലെ കടൽഭിത്തി നിർമ്മാണം അശാസ്ത്രീയമാണെന്ന ആക്ഷേപവും ഇടക്കാലത്ത് ഉയർന്നിരുന്നു. കടൽഭിത്തിയുടെ അറ്റകുറ്റപ്പണിയെങ്കിലും നടത്താത്തപക്ഷം അടുത്ത കാലവർഷത്തിലും തീരത്തെ പല വീടുകളും കടലെടുക്കും.
കരിങ്കൽ ക്ഷാമം വെല്ലുവിളി
കരിങ്കൽ ക്ഷാമമാണ് കടൽഭിത്തി നിർമ്മാണത്തിന് പ്രതിസന്ധിയാകുന്നത്
ടെട്രാപോഡുകൾ ഉപയോഗിച്ചുള്ള കടൽഭിത്തി വേണമെന്നാണ് ആവശ്യം
തകർച്ചയിലുള്ള കടൽഭിത്തിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താറില്ല
പല സ്ഥലങ്ങളിലും കടൽഭിത്തി മണ്ണിനടിയിലായ നിലയിലാണ്
15 വർഷത്തിനിടെ അന്ധകാരനഴി-പള്ളിത്തോട് ഭാഗത്ത് അറ്റകുറ്റപ്പണി നടന്നിട്ടില്ല
ഒരിടത്തും കടൽഭിത്തിയുടെ പരിപാലനം നടക്കുന്നില്ല.കേന്ദ്രം കൂടുതൽ സഹായം അനുവദിക്കണം
- അനിൽ.ബി.കളത്തിൽ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി) സംസ്ഥാന പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |