മരട്: ഒരാഴ്ച്ചയിലേറെയായി നഗരസഭാ പരിധിയിലെ നെട്ടൂർ, വളന്തകാട് ദ്വീപ്, കണ്ണാടിക്കാട് ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങിയതോടെ പ്രതിഷേധവുമായി ജനപ്രതിനിധികൾ.
കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ ചെയർമാൻ ആൻ്റണി ആശാൻപറമ്പിലിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ എറണാകുളം വാട്ടർ അതോറിട്ടി ചീഫ് എൻജിനിയർ വി.കെ. പ്രദീപിനെ ഉപരോധിച്ചു.
പാഴൂർ പമ്പ് ഹൗസിൽ നിലവിൽ ഒരു മോട്ടോർ മാത്രമാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. തുടർച്ചയായ സമരങ്ങൾക്കു ശേഷം പാഴൂർ പമ്പ് ഹൗസിൽ പുതിയതായി വാങ്ങിയ മോട്ടോർ ഇതുവരെയും പ്രവർത്തിപ്പിച്ചിട്ടില്ല. പുതിയ മോട്ടോർ പ്രവർത്തിപ്പിച്ച് 120 എം.എൽ.ഡി വെള്ളം ലഭ്യമാക്കി കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ അടിയന്തരമായി നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം. തൃപ്പൂണിത്തുറ എക്സി. എൻജിനിയറുമായി ആലോചിച്ച് ഉടൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു കിട്ടിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ റിയാസ് കെ.മുഹമ്മദ്, റിനി തോമസ്, ബേബി പോൾ, ശോഭ ചന്ദ്രൻ, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, ബെൻഷാദ് നടുവിലവീട്, പി.ഡി. രാജേഷ്, മിനി ഷാജി, ജയ ജോസഫ്, സീമ ചന്ദ്രൻ, എ.കെ. അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |