കൊച്ചി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ഹരിത കേരളം മിഷന്റെയും കൊച്ചി കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരുക്കിയത് ഒന്നാന്തരമൊരു പച്ചത്തുരുത്ത്. എഴുപത്തിനാലാം ഡിവിഷനിൻ ജീസസ് റോഡിൽ ചാത്യാത്ത് പളളി വക ഒരേക്കർ സ്ഥലത്ത് 1,000 ഫലവൃക്ഷത്തൈകൾ നട്ടാണ് പച്ചത്തുരുത്ത് ആരംഭിച്ചത്. പ്ലാവ്, നെല്ലി,ഇലഞ്ഞി,നീർമരുത്, കണിക്കൊന്ന, മന്ദാരം ഞാവൽ, പേര,തേക്ക് തുടങ്ങിയ തൈകളാണ് പച്ചത്തുരുത്തിൽ നട്ടിട്ടുള്ളത്. കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെയും കൊച്ചി മെട്രോ റെയിലിന്റെയും സഹായത്തോടുകൂടിയാണ് പച്ചത്തുരുത്ത് ആരംഭിച്ചത്. ഒഴിഞ്ഞുകിടക്കുന്ന പൊതു സ്വകാര്യസ്ഥലങ്ങൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയ സ്ഥലങ്ങൾ, തരിശുഭൂമി എന്നിവിടങ്ങളിൽ പ്രാദേശികമായി വളരുന്ന മരങ്ങൾ നട്ടുവളർത്തി പ്രാദേശിക ജൈവവൈവിധ്യം സാധ്യമാക്കുന്ന ചെറുകാടുകൾ സൃഷ്ടിച്ചെടുക്കുകയാണ് പച്ചത്തുരുത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്. ചാത്യത്ത് പള്ളി വികാരി റവ.ഫാദർ പോൾസൺ കൊറ്റിയാത്തിന്റെയും അട്ടിപ്പേറ്റി സ്‌കൂൾ മാനേജർ ഫാ. ഷിബുവിന്റെയും പിന്തുണയോടെയാണ് ഇവിടെ പദ്ധതി നടപ്പാക്കിയയത്.ഡിവിഷൻ കൗൺസിലർ വി.വി. പ്രവീൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ് പച്ചത്തുരുത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |