കൊച്ചി: തീവ്രമഴയും യാത്രാനിയന്ത്രണങ്ങളും മൂലം മഴക്കാല ടൂറിസത്തിന് തണുപ്പൻ തുടക്കം. കടുത്ത ചൂടിൽനിന്ന് മഴ ആസ്വദിക്കാൻ വടക്കേയിന്ത്യക്കാർ വരുന്നുണ്ടെങ്കിലും ബീച്ചുകൾ അടച്ചതിനാൽ എറണാകുളത്തെത്തുന്ന സഞ്ചാരികൾ വഴിമാറി പോകുകയാണ്.
മഴ ആസ്വദിക്കാൻ ജൂൺ മുതൽ ഒക്ടോബർ വരെ നീളുന്ന മൺസൂൺ ടൂറിസക്കാലത്ത് ആയിരക്കണക്കിന് സഞ്ചാരികളാണ് എത്താറുള്ളത്. കനത്ത ചൂടനുഭവപ്പെടുന്ന വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവുമധികം പേർ മൺസൂൺ ടൂറിസത്തിന് എത്താറുള്ളത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ വിദേശികളും എത്താറുണ്ട്.
തീവ്രമഴയും കടൽകയറ്റവും മൂലം ബീച്ചുകളിലും കായൽയാത്രയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ സഞ്ചാരികൾ കുറഞ്ഞതായി സംരംഭകർ പറഞ്ഞു. ബീച്ചുകളിൽ മഴയിൽ കുളിച്ചും ജലകേളികളിലും ഏർപ്പെടാനുമാണ് സഞ്ചാരികൾക്ക് താല്പര്യം. എന്നാൽ, ശക്തമായ തിരമാലകളുള്ളതിനാൽ കടലിൽ ഇറങ്ങാൻ അനുവദിക്കുന്നില്ല.
വടക്കേയിന്ത്യൻ സഞ്ചാരികൾ കൊച്ചിയിൽ ഒന്നോ രണ്ടോ ദിവസം താമസിച്ച് മൂന്നാർ, കുമരകം, ആലപ്പുഴ, തേക്കടി, ആതിരപ്പള്ളി തുടങ്ങിയിടങ്ങളിലേയ്ക്ക് പോകുകയാണ് പതിവ്. കൊച്ചിയിൽ തങ്ങാതെ പോകാനാണ് ഇപ്പോൾ താല്പര്യമെന്ന് ട്രാവൽ ഏജന്റുമാർ പറഞ്ഞു.
മദ്ധ്യവേനലവധി കഴിഞ്ഞതോടെ മലയാളികളുടെ സഞ്ചാരവും കുറഞ്ഞിട്ടുണ്ട്. ഈ മാസം അവസാനത്തോടെ വാരാന്ത്യങ്ങളിൽ മലയാളികളുടെ യാത്ര വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഹൗസ് ബോട്ടുകളിലുൾപ്പെടെ സഞ്ചരിച്ചും താമസിച്ചും മഴ ആസ്വദിക്കാൻ ചെറുപ്പക്കാരുടെ സംഘങ്ങളാണ് ഇപ്പോൾ കൂടുതലെത്തുന്നതെന്ന് ടൂറിസം അധികൃതർ പറഞ്ഞു.
സുഖചികിത്സ തേടിയും
ഇടവേളയിട്ട് പെയ്യുന്നതാണ് കേരളത്തിലെ മഴയുടെ പ്രത്യേകത. മഴയിൽ അന്തരീക്ഷത്തിൽ പൊടി ഇല്ലാതാകും. തണുപ്പ് നിലനിൽക്കുകയും ചെയ്യുന്നതുതുമൂലം മനുഷ്യശരീരത്തിലെ സൂക്ഷ്‌മ സുഷിരങ്ങൾ വികസിക്കും. ഈസമയത്ത് എണ്ണ, കുഴമ്പ് തുടങ്ങിയവ പുരട്ടുന്നത് ശരീരം കൂടുതൽ ഉൾക്കൊള്ളും. നാലുദിവസം മുതൽ ഒരുമാസം വരെ നീളുന്ന ആയുർവേദ സുഖചികിത്സാ പാക്കേജുകൾ ആശുപത്രികളും റിസോർട്ടുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
മൺസൂൺ ടൂറിസം സീസൺ
ഇടവപ്പാതി ( ജൂൺ -സെപ്‌തംബർ)
തുലാവർഷം (ഒക്ടോബർ- നവംബർ)
പ്രിയപ്പെട്ട സ്ഥലങ്ങൾ
ഫോർട്ടുകൊച്ചി, മട്ടാഞ്ചരി, കുമ്പളങ്ങി, ചെറായി, കുഴുപ്പിള്ളി, തട്ടേക്കാട്, ഭൂതത്താൻകെട്ട്
പാക്കേജുകൾ
5 മുതൽ 10 ദിവസം വരെ
താമസം, ഭക്ഷണം, യാത്ര
''അതിതീവ്ര കാലാസ്ഥ മാറിയാൽ നിയന്ത്രണങ്ങൾ ഒഴിവാകും. മഴ ആസ്വദിക്കാൻ സഞ്ചാരികൾ കൂടുതൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.""
ശ്യാം, സെക്രട്ടറി
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |