കൊച്ചി: തൃപ്പൂണിത്തുറ ചൂരക്കാട് സ്ഫോടനക്കേസിൽ ഒളിവിലായിരുന്ന 12 പ്രതികളും ഇന്നലെ രാവിലെ തൃക്കാക്കര അസി. പൊലീസ് കമ്മിഷണർ ഓഫീസിൽ കീഴടങ്ങി. തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശികളായ വടയാഴത്ത് രഞ്ജിത്ത് (41), പി.കെ. നിവാസ് കൃഷ്ണകുമാർ (52), മംഗലത്ത് പ്രവീൺ (32), താത്തോടത്ത് ചന്ദ്രമോഹൻ (52), തൈപ്പറമ്പിൽ വിഷ്ണു (27), അതിർകണ്ടത്തിൽ സുരേഷ്‌കുമാർ (47), അതിർകണ്ടത്തിൽ രാംകുമാർ (41), വെട്ടുവേലിൽ മധു (45), നാലുകെട്ടിൽ സനിൽ കുമാർ (41), മംഗലത്ത് പറമ്പിൽ എം.ആർ. ഹരികൃഷ്ണൻ (24), കളരിക്കത്തറ അജി (40), പദ്മവിലാസം രാംകുമാർ (39) എന്നിവരാണ് കീഴടങ്ങിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
ഫെബ്രുവരി 12നാണ് കേരളത്തെ നടുക്കി പുതിയകാവിന് സമീപം ചൂരക്കാട് വൻ സ്‌ഫോടനമുണ്ടായത്. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു വടക്കുംഭാഗം കരയോഗത്തിന്റെ വെടിക്കെട്ടിന് പൊട്ടിക്കാൻ കൊണ്ടുവന്ന സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടക വസ്തുക്കൾ വാഹനത്തിൽ നിന്ന് ഇറക്കുമ്പോഴായിരുന്നു പൊട്ടിത്തെറി.
രണ്ടു പേർക്ക് ദാരുണാന്ത്യം
അപകടത്തിൽ രണ്ടു പേർ മരിക്കുകയും ഏറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു കലോമീറ്ററിലധികം ചുറ്റളവിലുള്ള കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചു.
322 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഒരു വീട് പൂർണമായും ആറ് വീടുകൾ ഭാഗികമായും തകർന്നു. നാല് സർക്കാർ ഓഫീസുകൾക്കും മൂന്ന് സ്വകാര്യ കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി.
അനുമതിയുണ്ടായിരുന്നില്ല
വെടിക്കെട്ടിനോ വെടിക്കോപ്പുകൾ സൂക്ഷിക്കുന്നതിനോ ക്ഷേത്രം ഭാരവാഹികൾക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. അപകടത്തിനു പിന്നാലെ വടക്കുംഭാഗം കരയോഗം ഭാരവാഹികൾ ഒളിവിൽപ്പോകുകയായിരുന്നു. ഇതിനിടെ പലരും കീഴടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |