മണ്ണൂർ: നെല്ലാട് കള്ളുഷാപ്പിൽ നിന്ന് വാങ്ങിയ കറിക്ക് പണം ചോദിച്ചതിന്റെ വൈരാഗ്യത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ഷാപ്പ് പൂട്ടിച്ചതായി പരാതി. കള്ള് ചെത്തു തൊഴിലാളികൾ, കള്ള് വാങ്ങി പോയ അന്യ സംസ്ഥാന തൊഴിലാളികൾ എന്നിവർക്കെതിരെ കേസെടുത്തെന്നും പരാതിയിൽ പറയുന്നു. കുന്നത്തുനാട് എസ്.ഐ ടി.എസ് സനീഷിനെതിരെയാണ് പെരുമ്പാവൂർ റേഞ്ച് ചെത്ത് കള്ള് തൊഴിലാളി യൂണിയന്റെ പരാതികഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഓദ്യോഗിക വാഹനത്തിലെത്തിയ എസ്.ഐയും സംഘവും കറി വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ചു. എസ്.ഐയോട് ഷാപ്പ് ജീവനക്കാരൻ പണം അവശ്യപ്പെട്ടെങ്കിലും നൽകിയില്ല. പണം നൽകാതെ പോയ കാര്യം ഷാപ്പുടമയെ തൊഴിലാളി അറിയിച്ചു. എസ്.ഐ ആരാണെന്നറിയാൻ അന്വേഷിച്ചതോടെ കറിയുമായി പോയ ഉദ്യോഗസ്ഥൻ തിരിച്ചെത്തി പണം നൽകി.
മൂന്ന് മണിക്കൂർ
പരിശോധന
മടങ്ങിയെത്തിയ എസ്.ഐയും സംഘവും ഉച്ചയ്ക്ക് ഒരു മണി മുതൽ ഷാപ്പിനു മുന്നിൽ തുടങ്ങിയ പരിശോധന 3 മണി വരെ നീണ്ടു. വൈകിട്ട് 4.45 ന് വീണ്ടും തുടങ്ങി ഷാപ്പ് അടപ്പിച്ച ശേഷമാണ് മടങ്ങിയത്. കള്ള് പാഴ്സലായി വാങ്ങിയ വരെ പിടിച്ച് നിറുത്തി ബിൽ ആവശ്യപ്പെട്ടു. തുടർന്ന് അവർക്കെതിരെ കേസെടുത്തു. കള്ളിന് ബിൽ നൽകാറില്ലെന്ന വിശദീകരണവുമായി വില്പനക്കാരൻ എത്തിയെങ്കിലും ഫലമുണ്ടായില്ല. വൈകിട്ട് അന്തിക്കള്ളുമായെത്തിയ ചെത്തു തൊഴിലാളി ശശിധരനോട് ലൈസൻസ് ആവശ്യപ്പെട്ട് 2500 രൂപ ഫൈനടപ്പിച്ചു. 8 മണിക്ക് അടയ്ക്കേണ്ട ഷാപ്പ് 5.45 ന് അടച്ചു. തുടർന്ന് തൊഴിലാളികളുടെ തൊഴിലും കൂലിയും നഷ്ട്ടപ്പെട്ടു.
പരാതി നൽകി
പൊലീസ് ധിക്കാരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്പെരുമ്പാവൂർ റെയിഞ്ച് ചെത്ത് കള്ളുഷാപ്പ് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) പ്രസിഡന്റ് ഒ.ഡി. അനിൽകുമാറും ജനറൽ സെക്രട്ടറി എൻ.എൻ. കുഞ്ഞും പെരുമ്പാവൂർ എ. എസ്. പിക്ക് പരാതി നൽകി.
കള്ള് ഷാപ്പ് ലൈസൻസി വി. ആർ. ജിഗി മോൾ എറണാകുളം റൂറൽ പൊലീസ് സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്.
എസ്.ഐക്ക്
എതിരെ നിരവധി
പരാതികൾ
സർവീസിൽ കയറിയ ശേഷം നിലവിൽ പത്താമത് സ്റ്റേഷനിലാണ് ജോലി. ചെല്ലുന്നിടത്തെല്ലാം പ്രശ്നക്കാരനാണെന്ന് പരാതിയുണ്ട്. കുന്നത്തുനാട്ടിൽ എത്തിയ ശേഷം പരാതിക്കാരനെയടക്കം മർദ്ദിച്ച സംഭവത്തിൽ പൊലീസ് കംപ്ളയിന്റ് അതോറിറ്റിയിൽ പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |