കൊച്ചി: പ്രാദേശിക നേതാക്കളായിരുന്നവർ ഉൾപ്പെടെ കൂട്ടത്തോടെ കോൺഗ്രസിലേക്ക് ചേക്കേറിയതോടെ ജില്ലയിലെ സി.പി.എം ശക്തികേന്ദ്രമായിരുന്ന ഉദയംപേരൂരിൽ ഉൾപാർട്ടി പോര് പാർട്ടിക്ക് വീണ്ടും തലവേദനയാകുന്നു. മുൻ ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ എം.എൽ. സുരേഷും ഒൻപത് മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പെടെ അൻപതോളം പേരാണ് പാർട്ടിവിട്ടത്. പലപ്പോഴായി ലോക്കൽ കമ്മിറ്റി അംഗങ്ങളായിരുന്ന കെ. മനോജ്, എൻ.പി. രാജേന്ദ്രൻ, ശ്രീജിത്ത് ഗോപി, ടി.കെ. അനിൽകുമാർ, പി.വി. ശശികുമാർ, പി.എം. രമേശൻ, വത്സ ബാബു, കെ.എൻ. രാജേഷ് കുമാർ, പി.കെ. ഷൺമുഖൻ എന്നിവരാണ് പാർട്ടിവിട്ട മറ്റു പ്രമുഖർ.
ഡി.വൈ.എഫ്.ഐ നേതാവായിരുന്ന വിദ്യാധരൻ കൊല്ലപ്പെട്ടത് മുതൽ രണ്ടുപതിറ്റാണ്ടിലേറെ പഴക്കമുണ്ട് ഉദയംപേരൂരിലെ ഉൾപ്പാർട്ടി പ്രശ്നങ്ങൾക്ക്. സി.പി.ഐയുമായുള്ള പ്രശ്‌നങ്ങളും സി.പി.എമ്മിന് പ്രതിസന്ധിയായിട്ടുണ്ട്. 2016ൽ പാർട്ടിയിലെ ശക്തനായിരുന്ന രഘുവരനുൾപ്പെടെ നിരവധിപ്പേർ സി.പി.ഐയിൽ ചേർന്നിരുന്നു. അന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രനെ പങ്കെടുപ്പിച്ച് നടക്കാവിൽ പൊതുപരിപാടി നടത്തിയ സി.പി.ഐ നടപടിയും അതിന് സി.പി.എം പ്രാദേശിക- ജില്ലാ- സംസ്ഥാന നേതൃത്വങ്ങൾ നൽകിയ മറുപടിയും സംസ്ഥാന തലത്തിൽ ചർച്ചയായിരുന്നു. അതിനുശേഷം ഇതാദ്യമായാണ് ഇത്രയേറെപ്പേർ കൂട്ടത്തോടെ പാർട്ടിവിടുന്നത്.
തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിയിലെ 12 ലോക്കൽ കമ്മിറ്റികളിലൊന്നായ 15 അംഗ ഉദയംപേരൂർ സൗത്ത് ലോക്കൽ കമ്മിറ്റിയിലാണ് നിലവിലെ പ്രശ്നങ്ങൾ. 24 ബ്രാഞ്ച് കമ്മിറ്റികളിലായി 300ലേറെയും ഏരിയാ കമ്മിറ്റിക്ക് കീഴിൽ 3,178ഉം പാർട്ടി അംഗങ്ങളുണ്ട്. നിലവിലെ പ്രശ്നങ്ങൾ വരാനിരിക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളെയുൾപ്പെടെ കലുഷിതമാക്കും. വിഭാഗീയതയുൾപ്പെടെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് സുരേഷും സംഘവും സി.പി.എം വിട്ടത്.
ആരോപണങ്ങൾ കടുത്തത്
ഏരിയ കമ്മിറ്റി മുതലുള്ള ജില്ലയിലെ നേതാക്കൾ സംസ്ഥാന തുടർഭരണത്തിന്റെ സുഖശീതളിമയിലാണ്.
ജില്ലയിലിപ്പോഴും വിഭാഗീയതയുണ്ട്.
ഓരോ നേതാക്കന്മാർക്ക് ചുറ്റുമുള്ള ഉപചാപക സംഘങ്ങളും പ്രതിസന്ധിയാണ്
സ്ഥാനമാനങ്ങൾക്ക് പ്രവർത്തനം പോലും മാനദണ്ഡമല്ലാതായി
സി.പി.എം വിട്ടുവെന്ന് പറയുന്ന നേതാക്കളൊന്നും നാളുകളായി പാർട്ടി അംഗങ്ങളല്ല. 2021ലെ സമ്മേളന കാലത്തും നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെയുമായി പുറത്താക്കപ്പെട്ടവരാണവർ.
പി. വാസുദേവൻ,
ഏരിയ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |