കൊച്ചി: രാജ്യത്ത് ഏറെ സംവാദങ്ങൾക്ക് വഴിവച്ച നദീസംയോജന പദ്ധതികൾ വീണ്ടും സജീവമാക്കി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ജൽശക്തി മന്ത്രാലയം സൂചന നൽകി.
5,60,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വിശദമായ പ്രോജക്ട് റിപ്പോർട്ട് ഒന്നാം മോദി സർക്കാരിന്റെ തുടക്കത്തിൽ തയ്യാറാക്കിയിരുന്നു. രാജ്യത്ത് ലക്ഷ്യമിടുന്ന 30 പദ്ധതികളിൽ, പമ്പ - അച്ചൻകോവിൽ - വൈപ്പാർ സംയോജനമാണ് കേരളവുമായി ബന്ധപ്പെട്ടത്. ആന്ധ്രാ മേഖലയിലെ കൃഷ്ണ - ഗോദാവരി നദികളെ ബന്ധിപ്പിക്കുന്ന ജോലികൾ മാത്രമാണ് നിലവിൽ പുരോഗമിക്കുന്നത്.
സമാന്തരമായി ഒഴുകുന്ന പുഴകളെ കൃത്രിമ കനാലുകൾ വഴി ബന്ധിപ്പിക്കുന്നതാണ് നദീസംയോജനം. ജലസമൃദ്ധിയുള്ള നദികളിലെ വെള്ളം ചെറുഡാമുകൾ പണിത് റിസർവോയറിൽ ശേഖരിക്കും. തുടർന്ന് വെള്ളം കുറഞ്ഞ സമീപ നദിയിലേക്ക് കനാൽ വഴി തിരിച്ചുവിടും.
ക്ഷാമമേഖലകളിലും വെള്ളമെത്തിക്കുകയാണ് ലക്ഷ്യം. പ്രളയം നിയന്ത്രിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
നദിയുടെ സ്വാഭാവിക ഗതി മാറ്റുന്നത് പരിസ്ഥിതിക്ക് ദോഷമാകുമെന്ന വാദമുയർന്നിരുന്നു. റിസർവോയർ കെട്ടുമ്പോൾ വിവിധ അഞ്ചു ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിക്കേണ്ടിവരും. കരാറുകൾ സ്വകാര്യഏജൻസികളെ ഏല്പിക്കാനുള്ള നീക്കത്തിന് പിന്നിൽ റിയൽ എസ്റ്റേറ്റ് താത്പര്യമാണെന്നും വിമർശനമുയർന്നിരുന്നു.
നദീസംയോജന പദ്ധതി
പുഴകൾ: 37
കനാലുകൾ: 30 (15,000 കി.മീ)
കനാൽ വീതി: 50-100 മീ
റിസർവോയറുകൾ: 3,000
ജലസേചനം: 87 ദശലക്ഷം ഏക്കർ
വൈദ്യുതി ഉത്പാദനം: 34 ജിഗാവാട്ട്
പമ്പ - വൈപ്പാർ ലിങ്കിംഗ്
കേരളം എതിർക്കുകയും തമിഴ്നാട് പ്രതീക്ഷിക്കുകയും ചെയ്യുന്ന 1,398 കോടിയുടെ പദ്ധതി. തിരുനൽവേലി, തൂത്തുക്കുടി, വിരുധുനഗർ ജില്ലകളിലായി 2,25,000 ഏക്കർ ജലസേചനം ലക്ഷ്യം. കേരളത്തിലെ പമ്പ, അച്ചൻകോവിൽ നദികളെ തമിഴ്നാട്ടിലെ വൈപ്പാറുമായി ബന്ധിപ്പിക്കാൻ വേണ്ടത് രണ്ട് കനാലുകളും മൂന്ന് റിസർവോയറുകളും. നീളം 50.7 കിലോമീറ്റർ. 500 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കാം. 1995ൽ നാഷണൽ വാട്ടർ ഡവലപ്‌മെന്റ് അതോറിറ്റി സാദ്ധ്യതാപഠനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |