കൊച്ചി: കായികപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാനത്തെ പ്രഥമ സ്കൂൾ ഒളിമ്പിക്സിന്റെ പ്രവർത്തനങ്ങൾ അവസാന ലാപ്പിലേക്ക്.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ (ഇൻ ചാർജ്) കെ. ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി.
പ്രധാന വേദിയായ മഹാരാജാസ് കോളേജ് മൈതാനത്ത് അത്‌ലറ്റിക്‌സ് മത്സരങ്ങൾക്കുവേണ്ടി പണിയുന്ന സിന്തറ്റിക് ട്രാക്കിന്റെ ഒരുക്കങ്ങൾ ഇന്ന് പൂർത്തിയാകും.
മഹാരാജാസ് മൈതാനത്തെ പവലിയനിൽ വച്ചാണ് ഉദ്ഘാടനം. 10000 പേർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനദിവസം 3000 ഓളം കുട്ടികൾ പങ്കെടുക്കുന്ന കലാപരിപാടികളും മൈതാനത്ത് അരങ്ങേറും.
പ്രഥാന വേദിയായ മഹാരാജാസ് ഗ്രൗണ്ടിലെ ഇരിപ്പിടങ്ങൾ പെയ്ന്റ് ചെയ്യുന്ന പ്രവർത്തനങ്ങളും ട്രാക്കിന്റെ അവസാനഘട്ട മിനിക്കുപണികളുമാണ് നടക്കുന്നത്. ഭക്ഷണ വിതരണ കൗണ്ടറുകളുടെ നിർമ്മാണവും പുരോഗമിക്കുന്നു. ഒരുസമയത്ത് 1000 പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് കൗണ്ടർ സജ്ജീകരിക്കുന്നത്. രാത്രിയിൽ മത്സരങ്ങൾ നടക്കുന്നതിനാൽ ഇതിനാവശ്യമായ അത്യാധുനിക ലൈറ്റുകളും ഉടൻ സ്ഥാപിക്കും. മെഡിക്കൽ റൂം, മീഡിയ പവലിയൻ തുടങ്ങിയവയുടെ പണിയും പന്തൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
മഴപെയ്താൽ സംവിധാനം ഒരുക്കും
മത്സരങ്ങൾക്കിടയിൽ മഴപെയ്താൽ അടിയന്തരമായി ചെയ്യേണ്ട സംവിധാനങ്ങൾ ഒരക്കുമെന്ന് അധികൃതർ അറിയിച്ചു. 17 വേദികളിലും ട്രാക്കുകൾക്ക് കുഴപ്പമുണ്ടാകാത്ത വിധത്തിൽ സംവിധാനമൊരുക്കും.
ഭക്ഷണ കൗണ്ടർ
17 സ്ഥലങ്ങളിലായി നടക്കുന്ന മത്സരത്തിന് 12 ഭക്ഷണ വിതരണ കേന്ദ്രമാണ് സജ്ജമാകുന്നത്. പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള പ്രധാന ഭക്ഷണപ്പന്തൽ മഹാരാജാസ് സ്റ്റേഡിയത്തോട് ചേർന്നാണുള്ളത്. പന്തലിനോട് ചേർന്ന് കലാപരിപാടികൾ അവതരിപ്പിക്കാൾ എന്റെർടെയൻമെന്റ് ഡെസ്കും തയ്യാറാക്കുന്നുണ്ട്. രുചിയിടം (മഹാരാജാസ്), കൊച്ചിൻ കഫേ (ഇ.എം.ജി.എച്ച്.എസ് വെളി, കൊച്ചി), കടലോരം (തോപ്പുംപടി), സമൃദ്ധി (ജി.എച്ച്.എസ്.എസ് പനമ്പള്ളി നഗർ), ന്യൂട്രി ഹട്ട് (കടവന്ത്ര), സദ്യാലയം (ജി.ബി.എച്ച്.എസ് തൃപ്പൂണിത്തുറ), മെട്രോ ഫെസ്റ്റ് (കളമശേരി), സ്വാദിടം (കടയിരുപ്പ്), ശാപ്പാട് (പുത്തൻകുരിശ്), സൽക്കാരം (കോലഞ്ചേരി), നാട്ടുരുചി (കോതമംഗംലം) എന്നിവയാണ് ഭക്ഷണ കൗണ്ടർ.
വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങളെല്ലാം മികച്ച രീതിയിൽ നടക്കുന്നുണ്ട്. എല്ലാവരും ഒന്നിച്ച് കായികമേള വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ്
കെ. ജീവൻ ബാബു
ഡയറക്ടർ (ഇൻ ചാർജ്)
പൊതുവിദ്യാഭ്യാസ വകുപ്പ്
കായികമേളയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രണ്ടുദിവസത്തിനുള്ളിൽ തന്നെ ഒരുക്കങ്ങളെല്ലാം പൂർത്തിയാകും.
ഹണി ജി. അലക്സാണ്ടർ
വിദ്യാഭ്യാസ ഉപ ഡയറക്ടർ
എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |