ചോറ്റാനിക്കര : പ്രവർത്തനമാരംഭിച്ച് 13 വർഷം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യമില്ലാതെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ. ചോറ്റാനിക്കര കോടതി കെട്ടിടത്തിന്റെ താഴെ നിലയിലാണ് പൊലീസ് സ്റ്റേഷനും. 500 സ്‌ക്വയർ ഫീറ്റ് സ്ഥലം മാത്രമാണ് സ്റ്റേഷനായുള്ളത്. സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുമ്പോൾ 45 ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ 34 ജീവനക്കാർ മാത്രം.
റിസപ്ഷൻ ഭാഗത്ത് കൗണ്ടർ കഴിഞ്ഞാൽ നാല് കസേര ഇടാനുള്ള ഇടം മാത്രം. ഒരു മുറി ഇൻസ്‌പെക്ടർക്ക്. ഒരു ചെറിയ ഹാൾ പോലെയുള്ള മുറിയിൽ ഓഫീസ് പ്രവർത്തനം. വിശ്രമ മുറിയിലും മൂന്ന് കസേരയിടാം. കൂടാതെ ഒരുകോറിഡോറുമാണ് സ്റ്റേഷനായുള്ളത്. അതിനോടൊപ്പം 2011 മുതൽ പിടികൂടിയിട്ടുള്ള തൊണ്ടിമുതലും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. പിടികൂടുന്ന വാഹനങ്ങൾ സ്ഥല പരിമിധി മൂലം ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടിലാണിടുന്നത്. പ്രതികളെയിടാൻ ലോക്കപ്പും ഇവിടില്ല. പ്രതികളെ പിടിച്ചാൽ മുളന്തുരുത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോകണം. പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുമെന്ന പ്രഖ്യാപനവും വാഗ്ദാനത്തിലൊതുങ്ങി.
ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിന്റെ സുരക്ഷ ഒരുക്കണമെന്ന ആവശ്യത്തെ തുടർന്നാണ് സ്‌റ്റേഷൻ ആരംഭിച്ചത്. ചോറ്റാനിക്കര പഞ്ചായത്തിന്റെ 14 വാർഡുകളും തിരുവാണിയൂർ പഞ്ചായത്തിന്റെ നാലു വാർഡുകളുമാണ് സ്റ്റേഷന്റെ പരിധി.
സൗകര്യങ്ങളേതുമില്ല
ജീവനക്കാർക്ക് പ്രാഥമിക ആവശ്യത്തിന് ആകെയുള്ളത് ഒരു ശുചി മുറി മാത്രമാണ്. അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള കെട്ടിടം ഏതുനിമിഷവും ഇടിഞ്ഞു വീഴാം. സ്‌റ്റേഷൻ ആവശ്യത്തിനായി ലാപ്‌ടോപ്പ് അനുവദിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കാൻ സൗകര്യമില്ല.
ജീവനക്കാർ
ഇൻസ്‌പെക്ടർ 1
എസ്. ഐ 1
എ.എസ്.ഐ 1
ഹെഡ്‌കോൺസ്റ്റബിൾ 5
സി.പി.ഒ 15 ,
ഡബ്ലിയു. സി.പി.ഒ 6
പരാധീനതകൾക്ക് നടുവിൽ
1. ജീവനക്കാർ ടോയ്‌ലെറ്റിനായി ദേവസ്വം സത്രമാണ് ഉപയോഗിക്കുന്നത്.
2. പരാതിക്കാർക്ക് ഇരിക്കാൻപോലും സൗകര്യമില്ല
3.ജീവനക്കാർക്ക് നിന്ന് തിരിയാൻ സ്ഥലമില്ല
4.വനിതാ ജീവനക്കാർക്ക് വസ്ത്രം മാറണമെങ്കിൽദേവസ്വം വക സ്ഥലത്ത്‌പോകണം
5. സമീപത്തെ സി.സി ടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ല
6. കുടിവെള്ളംപോലും വിലകൊടുത്ത് വാങ്ങണം.
7 വൈദ്യുതി നിലച്ചാൽ ജനറേറ്റർ സൗകര്യവും സ്റ്റേഷനിൽ ഇല്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |