കൊച്ചി: ആദിവാസി ഉത്പന്നങ്ങളുടെ വിപണന കേന്ദ്രം, ഗോത്രകലകളുടെ വേദി, ഗോത്രകലാകാരന്മാർക്ക് താമസ സൗകര്യം. മോഹന വാഗ്ദാനങ്ങളുമായി 8.31കോടി ചെലവിൽ കൊച്ചിയിൽ നിർമ്മിച്ച ബഹുനില മന്ദിരം വേറുതെ കിടക്കുന്നു.
കൊച്ചി കായലിന് അഭിമുഖമായി ഫോർഷോർ റോഡിൽ 1.18 ഏക്കർ കണ്ണായ സ്ഥലത്ത് ആറ് വർഷംമുമ്പ് ആദിവാസി ക്ഷേമം ലക്ഷ്യമിട്ട് ട്രൈബൽ കോംപ്ലക്സ് തുറന്ന കാര്യം ആദിവാസി വിഭാഗങ്ങൾ അറിഞ്ഞുകാണാൻ പോലും സാദ്ധ്യതയില്ല.
സൗകര്യങ്ങളെല്ലാം ഒരുക്കിയെങ്കിലും പട്ടികവർഗ വികസനവകുപ്പിന്റെ കെടുകാര്യസ്ഥതയാൽ ഉപയുക്തമാക്കിയിട്ടില്ല. ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സൗകര്യമില്ലാതെ ആദിവാസികൾ വലയുമ്പോഴാണ് കോടികൾ മുടക്കിയ കെട്ടിടം നോക്കുകുത്തിയായത്.
2019 സെപ്തംബർ 1ന് അന്നത്തെ പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി എ.കെ. ബാലനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. 2021 നവംബർ 24ന് മന്ത്രി കെ. രാധാകൃഷ്ണനും ഇവിടം സന്ദർശിച്ച് പുതിയ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഒന്നും യാഥാർത്ഥ്യമായില്ല.
കെട്ടിടത്തിലുള്ളത്
വിപണന സ്റ്റാളുകൾ
ഫുഡ് കോർട്ട്
രണ്ടു നിലകളിൽ കിടപ്പുമുറികൾ
ഡോർമിറ്ററി
കോൺഫറൻസ് ഹാൾ
രണ്ട് ഷോപ്പുകൾ മാത്രം
അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാർമേഴ്സ് സൊസൈറ്റിയുടെ ഷോപ്പും കേന്ദ്രസർക്കാരിന്റെ ട്രൈബ്സ് ഇന്ത്യ ഷോറൂമുമാണ് കോംപ്ളക്സിൽ പ്രവർത്തിക്കുന്നത്. അട്ടപ്പാടി സ്റ്റാൾ ദരിദ്രമാണ്. ട്രൈബ്സ് ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച കൈത്തറി, കരകൗശല വസ്തുക്കളുണ്ടെങ്കിലും അറിയാവുന്നവർ മാത്രമാണ് എത്താറ്.
ആദിവാസികൾക്കുവേണ്ടി എന്ന പേരിൽ യാതൊരു ആസൂത്രണവുമില്ലാതെ കോടിക്കണക്കിന് രൂപ പാഴാക്കിയതിന്റെ ഉദാഹരണമാണ് ട്രൈബൽ കോംപ്ലക്സ്. ഉന്നത വിദ്യാഭ്യാസത്തിന് കൊച്ചിയിൽ എത്തുന്ന വിദ്യാർത്ഥികൾ താമസ സൗകര്യമില്ലാതെ കഷ്ടപ്പെടുമ്പോഴും ട്രൈബൽ കോംപ്ലക്സിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ വേണ്ടപ്പെട്ടവരെ അനധികൃതമായി താമസിപ്പിക്കുന്നു. സ്ഥാപനത്തിലെ കമ്പ്യൂട്ടറും എൽ.സി.ഡി പ്രൊജക്ടറും ഉൾപ്പെടെ വിലപ്പെട്ട പല ഉപകരണങ്ങളും നഷ്ടപ്പെട്ടു.
എം.ഗീതാനന്ദൻ
ആദിവാസി ഗോത്രസഭ
ആദിവാസികളുടെ സൊസൈറ്റികൾക്ക് കടമുറികൾ വാടകയ്ക്ക് നൽകാൻ നടപടി സ്വീകരിക്കേണ്ടത് പട്ടികവർഗ വികസനവകുപ്പാണ്
അനൂപ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ട്രൈബൽ കോംപ്ലക്സ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |