കൊച്ചി: ഇംഗ്ലീഷ് ടെൻസിനെക്കുറിച്ചു 45 മിനിട്ടുള്ള മലയാള വീഡിയോ വൈറൽ. മലയാളികൾക്ക് എളുപ്പത്തിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനായി ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ സംരംഭകനും ഇംഗ്ലീഷ് അദ്ധ്യാപകനുമായ എറണാകുളം പാലാരിവട്ടം സ്വദേശി ജിയോ സെബാറ്റ്യന്റെ വീഡിയോ ക്ലാസാണിത്.
ഫേസ്ബുക്ക് ലൈവിലൂടെയുള്ള ക്ലാസ് ഇതുവരെ 18 ലക്ഷം പേർ കണ്ടു. മൂന്നുവർഷം മുമ്പത്തെ ലൈവ് വീഡിയോ ആയിരുന്നെങ്കിലും അടുത്തകാലത്താണ് ഇത് വൈറലായത്. വളരെ രസകരവും എളുപ്പത്തിൽ മനസിലാക്കാവുന്ന തരത്തിലും ഇംഗ്ലീഷ് ടെൻസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവതരണമാണ് ആകർഷകമായത്.
ഭാഷ അറിയാത്തതിന്റെ പേരിൽ ആരും ബുദ്ധിമുട്ടരുതെന്നു കരുതിയാണ് താൻ ഫേസ്ബുക്കിലൂടെ സൗജന്യമായി പ്രത്യേകിച്ച് മലയാളികൾക്കായി ഇംഗ്ലീഷ് ക്ലാസുകളെടുക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ലൈവായി ചോദിക്കുന്ന സംശയങ്ങൾക്കും പിന്നീട് ഇൻബോക്സിൽ സംശയങ്ങൾ ചോദിക്കുന്നവരിൽ പരമാവധി ആളുകൾക്കും മറുപടി പറയാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.
കേംബ്രിഡ്ജ് ആസ്ഥാനമായി ജിയോസ് ഇംഗ്ലീഷ് എന്ന എഡ്ടെക് കമ്പനിയുടെ സ്ഥാപകനായ ഇദ്ദേഹം ചൈന ഉൾപ്പെടെയുള്ള മറ്റു രാജ്യക്കാരെ ഇംഗ്ലീഷ് പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിയോ ഇംഗ്ലീഷ് ആപ്പും ആരംഭിച്ചിട്ടുണ്ട്.
ജിയോസ് ഇംഗ്ലീഷ്
കേംബ്രിഡ്ജിൽ വിവിധ രാജ്യക്കാരെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ജിയോ സെബാസ്റ്റ്യൻ മലയാളികൾക്കായാണ് 'ജിയോസ് ഇംഗ്ലീഷ്' എന്ന പേരിൽ ഫേസ്ബുക്ക് പേജ് തുടങ്ങിയത്. കേരളത്തിൽനിന്നും ഗൾഫ് രാജ്യങ്ങളിൽനിന്നും നിരവധി മലയാളികളാണ് ഇദ്ദേഹത്തിൽനിന്ന് ഇംഗ്ലീഷ് പഠിക്കുന്നത്. ലോകഭാഷയായ ഇംഗ്ലീഷിലുള്ള അറിവില്ലായ്മ ജീവിത വളർച്ചയെ പലപ്പോഴും തടസപ്പെടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |