കളമശേരി: പ്രചാരണവേളയിൽ ഓടിപ്പാഞ്ഞെത്തി ആശംസയറിയിച്ച പങ്കിചേച്ചിയെ കാണാൻ നിയുക്ത എം.എൽ.എ പി.രാജീവ് പാഞ്ഞെത്തി. ഫലപ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു രാജീവ് കളമശേരിയിലെ പങ്കിചേച്ചിയുടെ വീട്ടിലെത്തിയത്. തന്റെ സ്ഥാനാർത്ഥി മിന്നും വിജയം സ്വന്തമാക്കിയ സന്തോഷത്തിലിക്കെ അപ്രതീക്ഷിതമായി പി.രാജീവ് നേരിട്ടെത്തിയത് പങ്കിചേച്ചിയെ ഞെട്ടിച്ചു. മുഖത്ത് കണ്ണീർ ചാലുകൾ വീണു. കൈയിൽ കരുതിയ മധുരം രാജീവ് സമ്മാനിച്ചപ്പോഴും പങ്കിചേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സന്തോഷം കൊണ്ടാണ് കരഞ്ഞുപോയതെന്നും കാണാൻ എത്തിയതിൽ നന്ദിയുണ്ടെന്നും പങ്കിചേച്ചി രാജീവിനോട് പറഞ്ഞു.
രണ്ടാം ഘട്ടപ്രചാരണത്തിനായി വീടിനോട് ചേർന്നുള്ള സ്വീകരണ കേന്ദ്രത്തിൽ സ്ഥാനാർത്ഥി വരുന്നുണ്ടെന്ന് പങ്കിചേച്ചിയും അറിഞ്ഞിരുന്നു. ഇതിനുള്ള തയ്യാറെടുപ്പിൽ നിൽക്കെയാണ് പ്രചാരണ വാഹനം അവിടേക്ക് എത്തിയില്ലെന്ന് വീട്ടുകാർ പറഞ്ഞു. സമയംവൈകിയതു മൂലം സ്വീകരണം മാറ്റിവയ്ക്കുകയായിരുന്നു. ഉടനെ പി.രാജീവിനെ കാണാൻ അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് ഓടിയെത്തുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ രാജീവ് പരാജയപ്പെട്ടപ്പോൾ സങ്കടം അടക്കാനായില്ലെന്നും ഇത്തവണ മോൻ വിജയിക്കണമെന്ന് ആശീർവദിച്ച് പൊട്ടിക്കര പങ്കിചേച്ചി കാൽതൊട്ടു വന്ദിക്കാനുള്ള ശ്രമം പി.രാജീവ് തടഞ്ഞിരുന്നു.ഈ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പിന്നീട് വൈറലായി. ക്ഷീരകർഷകയാണ് പങ്കജാക്ഷിയമ്മയെന്ന നാട്ടുകാരുടെ പങ്കിചേച്ചി.ഇളയ മകനോടൊപ്പമാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |