SignIn
Kerala Kaumudi Online
Friday, 10 May 2024 11.09 AM IST

ലളിതമായ രചനാശൈലി: ആർ.കെ. ദാമോദരൻ

s-rameshan-nair

കൊച്ചി: മേല്പത്തൂരിന്റെ സംസ്കൃത വ്യുത്പത്തിയും പൂന്താനത്തിന്റെ ഭാഷാവ്യുത്പത്തിയും ചേർന്ന കാവ്യമൂർത്തിയായിരുന്നു കവി എസ്. രമേശൻ നായർ. കൃഷ്ണനോടുള്ള അകൈതവപ്രേമവും ഭക്തിയും അദ്ദേഹത്തിന്റെ കവിതകളിൽ നിറഞ്ഞുനിന്നു. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്നു. പൂന്താനത്തെപ്പോലെ ലാളിത്യമുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനാശൈലി. വനമാല, മയിൽപ്പീലി, പുഷ്പാഞ്ജലി തുടങ്ങിയ ആൽബങ്ങൾ പ്രശസ്തമാണ്. ജയവിജയൻമാരിലെ ജയൻ വനമാലയുടെയും മയിൽപ്പീലിയുടെയും സംഗീതസംവിധാനം നിർവഹിച്ചു. പുഷ്പാഞ്ജലിയുടെ സംഗീതസംവിധാനം കേശവൻനമ്പൂതിരിയാണ്.

ഒരു പിടി അവലുമായ്..., നെയ്യാറ്റിൻകര വാഴും കണ്ണാ..., ചെമ്പൈക്ക് നാദം നിലച്ചപ്പോൾ തന്റെ ശംഖം കൊടുത്തവനേ, ഹരി കാംബോജി രാഗം പഠിക്കാൻ ഗുരുവായൂരിൽ ചെന്നൂ ഞാൻ, ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം, ഗുരുവായൂരൊരു മഥുര, എഴുതിയാൽ തീരാത്ത കവിത എന്നിങ്ങനെ ഒട്ടനവധി ഭക്തിഗാനങ്ങൾ ആ തൂലികയിൽ നിന്നൊഴുകിവന്നു.

രാധതൻ പ്രേമത്തോടാണോ കൃഷ്ണാ.. എന്നഗാനം ജീവാത്മവും പരമാത്മവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയാതെപോയവർ പ്രേമഗാനം എന്നൊക്കെപ്പറഞ്ഞ് ഈ ഗാനത്തെ നിശിതമായി വിമശിച്ചിരുന്നു. ഗാനഗന്ധർവൻ യേശുദാസ് തന്റെ കച്ചേരിക്കൊടുവിൽ നിർബന്ധമായും ഈ ഗാനം ആലപിച്ചിരുന്നു.

ഭക്തിഗാന രചനാരംഗത്ത് ഞങ്ങൾ തമ്മിൽ ആരോഗ്യകരമായ മത്സരം നിലനിന്നിരുന്നുെന്ന് കവി ആർ.കെ. ദാമോദരൻ പറയുന്നു. ഞാൻ അയ്യപ്പ ഭക്തിഗാനങ്ങളിലും രമേശൻനായർ കൃഷ്ണഭക്തിഗാനങ്ങളിലും വിളങ്ങിനിന്ന സമയം. 1985ൽ എനിക്ക് യേശുദാസിന്റെ ഫോൺകോൾ വന്നു. തരംഗിണിക്കുവേണ്ടി കൃഷ്ണഭക്തിഗാനങ്ങൾ രചിക്കണമെന്നാണ് ആവശ്യം. ഞാനാകെ വിരണ്ടു. ദാസേട്ടന്റെ ആവശ്യം നിരസിക്കാൻ കഴിയില്ല. അതേസമയം വനമാല, മയിൽപ്പീലി ആൽബങ്ങളിലൂടെ നിറഞ്ഞുനിൽക്കുന്ന രമേശൻനായരോട് മത്സരിക്കാനുള്ള ധൈര്യവുമില്ല. നാവെടുത്താൽ നാരായണ എന്ന വാക്ക് ഉരുവിട്ടുനടക്കുന്ന രമേശൻനായരെപ്പോലെ ഒരു ഭക്തനോട് കിടപിടിക്കുന്ന വിധത്തിൽ എഴുതാൻ കഴിയില്ലെന്ന് എനിക്ക് നല്ല ബോദ്ധ്യവുമുണ്ട്. അദ്ദേഹത്തിന്റെ എഴുത്തിനെ ഞാൻ അത്രയ്ക്ക് ഭയന്നു. ഞങ്ങളുടെ ഗാനങ്ങൾ തമ്മിൽ ഒരു താരതമ്യം വരുമോയെന്ന് പേടിച്ചു. രമേശൻനായരുടെ കവിത്വത്തിലും ഗാനരചനാമഹത്വത്തിലുമുള്ള പേടികൊണ്ട് ഞാൻ ആ സാഹസം വേണ്ടെന്നുവച്ചു. ഒരു കമ്പനിക്കുവേണ്ടി അതേവർഷം ഗുരുവായൂരപ്പഭക്തിഗാനം എഴുതിയിട്ടുണ്ടെന്ന് പറഞ്ഞ് ഒഴിവായി. അന്ന് മറ്റൊരു കമ്പനിക്കുവേണ്ടി ഗാനരചന നടത്തിയ ആളകൾക്ക് അതേ വർഷം തരംഗിണി എഴുതാൻ അവസരം നൽകിയിരുന്നില്ല. ഇതറിയാവുന്നതുകൊണ്ട് അങ്ങനെയാരു സൂത്രം പറഞ്ഞ് ഞാൻ ദാസേട്ടന്റെ മുന്നിൽനിന്ന് രക്ഷപ്പെട്ടു.

എന്നാൽ 2003ൽ അഗ്രേപശ്യാമി എന്ന പേരിൽ ഞാൻ ഒരു കൃഷ്ണഭക്തി ആൽബം പുറത്തിറക്കിയിരുന്നു. ടി.എസ്. രാധാകൃഷ്ണനാണ് സംഗീതസംവിധാനം. രമേശൻനായരുടെ ഇതേപേരിലുള്ള കാവ്യപുസ്തകത്തിന്റെ പേര് അദ്ദേഹത്തിന്റെ അനുവാദത്തോടെ ഞാൻ ഉപയോഗിക്കുകയായിരുന്നു.

കന്യാകുമാരിയിൽ ജനിച്ചുവളർന്ന രമേശൻനായർക്ക് തമിഴിൽ പാണ്ഡിത്യമുണ്ടായിരുന്നു. സംസ്കൃതവും മലയാളവും അദ്ദേഹത്തിന്റെ കൈയിലൊതുങ്ങി. മുത്തച്ഛൻ അനന്തകൃഷ്ണപിള്ള കവിയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, RAMESHAN NAIR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.