കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കോൺഗ്രസ് നേതാവ് പ്രൊഫ.കെ.വി തോമസും എൽ.ഡി.എഫ് പ്രചാരണത്തിന് ഇന്ന് ഇറങ്ങുന്നതോടെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ അണിയറനീക്കം മുറുകും. രാഷ്ട്രീയപ്പോരാട്ടത്തിന് വീറും വാശിയും കനക്കും.
യു.ഡി.എഫ് നേതാക്കളുടെ വൻപട തമ്പടിച്ചതിന് പിന്നാലെയാണ് പിണറായിയും സി.പി.എം നേതാക്കളും ഇറങ്ങുന്നത്. അടിത്തട്ടിലിറങ്ങി വോട്ടുറപ്പാക്കുകയാണ് മൂന്ന് മുന്നണികളുടെയും തന്ത്രം.
'സെഞ്ച്വറി ഉറപ്പിക്കാൻ ക്യാപ്ടൻ എത്തുന്നു' എന്ന മുദ്രാവാക്യവുമായാണ് പിണറായി വിജയനെ എൽ.ഡി.എഫ് അവതരിപ്പിക്കുന്നത്. ഇന്നു വൈകിട്ട് 4ന് പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനിലാണ് കൺവെൻഷൻ. കോൺഗ്രസ് നേതാവ് പ്രൊഫ.കെ.വി. തോമസും പങ്കെടുക്കും.
ഇടതിന് വൻപട
മന്ത്രിമാരും സംസ്ഥാന നേതാക്കളുമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജനാണ് മേൽനോട്ടം. സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്, മന്ത്രി പി. രാജീവ് എന്നിവർ ചുമതല വഹിക്കുന്നു.
ബൂത്തുകളിൽ ലോക്കൽ കമ്മിറ്റിയുടെ നിയന്ത്രണത്തിൽ സ്ക്വാഡുകൾ പ്രവർത്തിക്കും. ഏരിയാ കമ്മിറ്റി ബൂത്ത് കമ്മിറ്റികളെ നിരീക്ഷിക്കും. മൂന്നോ നാലോ ബൂത്തുകൾക്ക് ഒരു ജില്ലാ കമ്മിറ്റി അംഗം മേൽനോട്ടം വഹിക്കും. ലോക്കൽ കമ്മിറ്റി മുതലുള്ള പ്രവർത്തനങ്ങൾ ജില്ലാ, സംസ്ഥാന കമ്മിറ്റി അംഗങ്ങളും നിരീക്ഷിക്കും.
മുതിർന്ന നേതാക്കളുമായി യു.ഡി.എഫ്
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണ് യു.ഡി.എഫ് പ്രചാരണം. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ. സുധാകരൻ എന്നിവരും ഘടകകക്ഷി നോതാക്കളും മണ്ഡലത്തിലുണ്ട്. മണ്ഡലം കമ്മിറ്റികൾ കേന്ദ്രീകരിച്ചാണ് പ്രചാരണം. എം.എൽ.എമാർ, മുൻ എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ എന്നിവർക്കാണ് മണ്ഡലം ചുമതല. ഓരോ മണ്ഡലത്തിനും രണ്ട് കെ.പി.സി.സി ഭാരവാഹികൾ അധികചുമതല വഹിക്കും. 15 മുതൽ കൂടുതൽ നേതാക്കളെത്തും.
ബി.ജെ.പിക്ക് സംസ്ഥാന നേതാക്കൾ
എൻ.ഡി.എ. സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന്റെ പ്രചാരണത്തിന് ബി.ജെ.പി സംസ്ഥാന നേതാക്കൾ നേതൃത്വം നൽകും. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ, സെക്രട്ടറി അഡ്വ.എസ്. സുരേഷ് എന്നിവർക്കാണ് പ്രചാരണ ചുമതല.
സംസ്ഥാന നേതാക്കളായ എം.ടി. രമേശ്, അഡ്വ.പി. സുധീർ, സി. കൃഷ്ണകുമാർ, പി. രഘുനാഥ്, അഡ്വ.ബി. ഗോപാലകൃഷ്ണൻ, കെ. രഞ്ജിത്ത്, എ. നാഗേഷ്, അഡ്വ. പ്രകാശ്ബാബു, അശോകൻ കുളനട, യുവമോർച്ച നേതാക്കളായ പ്രഫുൽ കൃഷ്ണ, കെ. സോമൻ, എൻ. ഹരി എന്നിവർ മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |