SignIn
Kerala Kaumudi Online
Friday, 26 April 2024 5.30 PM IST

കാൻസർ സെന്റർ ഡയറക്ടർ നിയമനം നടപടികൾ സുതാര്യതയില്ലാതെ

cancer
cancer

# നിയമനങ്ങൾ പി.എസ്.സിക്ക് വിടണം

# നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചി കാൻസർ സെന്ററിൽ ഡയറക്ടർ പദവിയിൽ സ്ഥിരനിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും നടപടികൾ സുതാര്യമല്ലെന്ന് ആക്ഷേപം. ദേശീയതലത്തിൽ പരസ്യം നൽകാതെ വെബ്സൈറ്റിൽ മാത്രമാണ് വിജ്ഞാപനം. സെന്ററിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന ആവശ്യവും ശക്തമായി.

ഒരു വർഷമായി ഡയറക്ടർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഡയറക്ടറെ തിരഞ്ഞെടുക്കാൻ നോഡൽ ഓഫീസറായി തലശേരിയിലെ മലബാർ കാൻസർ സെന്ററിന്റെ ഡയറക്ടർക്കാണ് ആരോഗ്യവകുപ്പ് ചുമതല നൽകിയത്. നിയമനത്തിനുള്ള വിജ്ഞാപനം ജൂൺ 27ന് മലബാർ കാൻസർ സെന്ററിന്റെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. ഈമാസം 30 വരെ അപേക്ഷിക്കാം.

സുപ്രധാനമായ പദവിയിലേയ്ക്ക് നിയമനത്തിനുള്ള വിജ്ഞാപനം ദേശീയ മാദ്ധ്യമങ്ങളിലുൾപ്പെടെ പ്രസിദ്ധീകരിക്കാത്തത് ഖേദകരമാണെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു. രാജ്യത്തെ പ്രമുഖ കാൻസർ ആശുപത്രികളായ മുംബെയ് ടാറ്റാ, ന്യൂഡൽഹിയിലെ എ.ഐ.ഐ.എം.എസ്., ബംഗളൂരുവിലെ കിദ്വായി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, അഡയാർ കാൻസർ സെന്റർ, വെല്ലൂർ മെഡിക്കൽ കോളേജ് എന്നിവയിലെ ഡയറക്ടർമാർ അംഗങ്ങളായി സെർച്ച് കമ്മിറ്റിയെ നിയമിക്കണമെന്ന് കൃഷ്ണയ്യർ മൂവ്മെന്റ് ആവശ്യപ്പെട്ടു.

വേണം സമർത്ഥൻ

പ്രവർത്തനം ആരംഭിച്ച് വർഷങ്ങൾ പിന്നിട്ടെങ്കിലും പ്രാരംഭഘട്ടത്തിൽ തുടരുന്ന കാൻസർ സെന്ററിന് സമർത്ഥനായ ഡയറക്ടർ നേതൃത്വം നൽകണം. കാൻസർ ചികിത്സാരംഗത്തും ഗവേഷണത്തിലും
അക്കാഡമിക്, ഭരണരംഗങ്ങളിലും അന്തരാഷ്ട്രതലത്തിൽ പ്രവർത്തിച്ച് പരിചയമുള്ള വിദഗ്ദ്ധനെയാണ് ആവശ്യം.

നിയമനങ്ങൾ പി.എസ്.സിക്ക്
സെന്ററിലെ നിയമനങ്ങൾ പി.എസ്.സിക്ക് കൈമാറണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കെട്ടിടനിർമ്മാണം പൂർത്തിയാകുമ്പോൾ കൂടുതൽ നിയമനങ്ങൾ ആവശ്യമാകും. ഗവേഷണകേന്ദ്രമായി വിഭാവനം ചെയ്ത കേന്ദ്രത്തിൽ ഏറ്റവും സമർത്ഥരായവരെ നിയമിക്കണം. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലേതുപോലെ നിയമനങ്ങൾ പി.എസ്.സി വഴി നടത്തണം.

ബാലാരിഷ്ടത തീരാതെ
2016 നവംബർ ഒന്നിനാണ് കാൻസർ സെന്റർ കളമശേരിയിലെ എറണാകുളം മെഡിക്കൽ കോളേജിലെ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം വർഷങ്ങൾ കഴിഞ്ഞും 60 ശതമാനം സിവിൽ ജോലികളാണ് പൂർത്തിയായത്. മദ്ധ്യകേരളത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ കാൻസർ ചികിത്സാ, ഗവേഷണ കേന്ദ്രം എന്ന ലക്ഷ്യത്തിൽ 2014 ആഗസ്റ്റ് 18ന് കെട്ടിടത്തിന് തറക്കല്ലിട്ടപ്പോൾ രണ്ടു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

നടപടി സ്വീകരിക്കും

കാൻസർ സെന്ററുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കൃഷ്ണയ്യർ മൂവ്മെന്റിനെ അറിയിച്ചു. നിവേദനം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയതായി ഓഫീസ് മൂവ്മെന്റിന് നൽകിയ മറുപടിയിൽ പറയുന്നു.

"അർപ്പണബോധത്തോടെ പ്രവർത്തിച്ച് തിരുവനന്തപുരം റീജിണൽ കാൻസർ സെന്റിന് നേതൃത്വം നൽകിയ ഡോ. എം. കൃഷ്ണൻനായരെയും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടർ ഡോ. വല്യത്താനെയും പോലുള്ള വിദഗ്ദ്ധരെയാണ് കൊച്ചിക്ക് ആവശ്യം."


ഡോ.എൻ.കെ. സനിൽകുമാർ

ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ്

കാൻസർ സെന്റർ

വികനസത്തിന് 14.5 കോടി രൂപ

കൊച്ചി: കൊച്ചി കാൻസർ സെന്ററിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ 14.5 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. മരുന്നുകൾ, നിയന്ത്രണ പദ്ധതികൾ, ചികിത്സാ ഉപകരണങ്ങൾ എന്നിവയ്ക്ക് തുക വിനിയോഗിക്കും.

കഴിഞ്ഞ വർഷം 1,108 രോഗികളാണ് പുതുതായി ചികിത്സയ്ക്ക് എത്തിയത്. 1,959 പേർക്ക് കീമോതെറാപ്പി നൽകി. മുന്നൂറിലധികം പേർക്ക് മാമോഗ്രാമും അഞ്ഞൂറിലധികം പേർക്ക് അൽട്രാസൗണ്ട് സ്‌കാനിംഗും 230 പ്രധാന ശസ്ത്രക്രിയകളും നടത്തി.

സ്റ്റാൻഡ്‌ബൈ അനസ്‌തേഷ്യ മെഷീൻ, രണ്ട് പോർട്ടബിൾ അൾട്രാ സൗണ്ട് മെഷിൻ, മൂന്ന് മൾട്ടി പാരാമോണിറ്ററുകൾ, കോഗുലേഷൻ അനലൈസർ, ഓപ്പറേഷൻ തിയേറ്റർ ഉപകരണങ്ങൾ, മൈക്രോസ്‌കോപ്പ്, ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, സി ആം തുടങ്ങി അഞ്ചു കോടി രൂപയുടെ ഉപകരണങ്ങളാണ് കേന്ദ്രത്തിൽ സജ്ജീകരിക്കുന്നത്.

രോഗികൾക്കുള്ള മരുന്നുകൾക്ക് രണ്ടു കോടി രൂപയും ജില്ലാ കാൻസർ നിയന്ത്രണ പരിപാടിക്ക് 67 ലക്ഷവും ജനസംഖ്യാധിഷ്ഠിത കാൻസർ രജിസ്ട്രി തയ്യാറാക്കുന്നതിന് 40 ലക്ഷവും നവീകരണത്തിന് 87 ലക്ഷം രൂപയും പരിശീലനത്തിന് ആറ് ലക്ഷം രൂപയും അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KOCHI CANCER CENTRE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.