SignIn
Kerala Kaumudi Online
Thursday, 25 April 2024 2.34 AM IST

തദ്ദേശ തർക്കങ്ങളിൽ ഇഴഞ്ഞ് സിറ്റി ഗ്യാസ്

gas

 6 വർഷം പിന്നിട്ട് പദ്ധതി, എത്തിയത് 29,000 വീടുകളിൽ മാത്രം

കൊച്ചി: വീടുകളിൽ പൈപ്പ്‌ലൈനിലൂടെ പാചകവാതകം എത്തിക്കാൻ ആറ് വർഷംമുമ്പ് തുടങ്ങിയ സിറ്റി ഗ്യാസ് പദ്ധതി തദ്ദേശസ്ഥാപനങ്ങളും ഏജൻസികളും തമ്മിലെ തർക്കങ്ങൾമൂലം ഇഴയുന്നു. 2016 ഫെബ്രുവരിയിൽ കളശേരിയിൽ തുടക്കമിട്ട സിറ്റി ഗ്യാസ് പദ്ധതിയിൽ ഇതിനകം ലക്ഷക്കണക്കിന് വീടുകളിൽ വാതക കണക്‌ഷൻ നൽകേണ്ടതായിരുന്നു.

ഇതുവരെ ഗ്യാസ് എത്തിയത് ആറ് ജില്ലകളിലെ 29,000 വീടുകളിൽ മാത്രം. ഇതിൽ 28,000 കണക്‌ഷനുകളും എറണാകുളം ജില്ലയിലാണ്. ബാക്കി കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും. എൽ.എ‌ൻ.ജി പദ്ധതി പ്രദേശത്തോട് ചേർന്ന കൊച്ചി നഗരത്തിൽ പോലും കണക്‌ഷൻ നൽകിയത് നൂറ് വീടുകളിൽ മാത്രം.

തദ്ദേശസ്ഥാപനങ്ങൾ പൈപ്പിടാൻ അനുമതി വൈകിക്കുന്നു എന്നാണ് പദ്ധതി നടപ്പാക്കുന്ന ഏജൻസികളുടെ പരാതി. അനുമതി നൽകിയിട്ടും കണക്‌ഷനുകൾ വൈകുന്നതായി തദ്ദേശസ്ഥാപനങ്ങളും ആരോപിക്കുന്നു. പൈപ്പിടാൻ കുഴിക്കുന്ന റോഡുകളും നടപ്പാതകളും നന്നാക്കുന്നതിൽ ഏജൻസികൾ വീഴ്ച വരുത്തുന്നതായും തദ്ദേശസ്ഥാപനങ്ങൾക്ക് പരാതിയുണ്ട്.

ഇന്ത്യൻ ഓയിൽ - അദാനി ഗ്യാസ്, അറ്റ്‌ലാന്റിക് ഗൾഫ് ആൻഡ് പസഫിക് കമ്പനി, ഷോള ഗ്യാസ്‌കോ എന്നീ ഏജൻസികളാണ് സംസ്ഥാനത്താകെ പൈപ്പ്‌ലൈൻ ശൃംഖല സ്ഥാപിച്ച് പാചകവാതകം എത്തിക്കുന്നത്. അദാനി ഗ്യാസിന് എട്ട് ജില്ലകളുണ്ട്. മറ്റ് ഏജൻസികൾക്ക് മൂന്ന് ജില്ലകൾ വീതം. കൊച്ചി - മംഗലാപുരം എൽ.എൻ.ജി പൈപ്പ്‌ലൈനിൽ നിന്നാണ് വീടുകളിൽ ഗ്യാസ് ലഭ്യമാക്കുന്നത്.

കൊച്ചി കോർപ്പറേഷനിൽ പൈപ്പ് ഇടാൻ ഫീസ് ഉൾപ്പെടെ അഞ്ചുകോടി രൂപയുടെ രണ്ടുവർഷത്തെ ബാങ്ക് ഗാരന്റിയാണ് കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നത്. അദാനി ഗ്യാസ് ഒരു വർഷത്തെ ബാങ്ക് ഗാരന്റിയാണ് സമർപ്പിച്ചത്. അതേ ചൊല്ലിയുള്ള തർക്കവും പദ്ധതി വൈകിപ്പിച്ചു. തുടക്കത്തിൽ കോർപ്പറേഷനിലെ 18 ഡിവിഷനുകളിൽ പദ്ധതി നടപ്പാക്കാനായിരുന്നു ധാരണ. അതിപ്പോൾ ആറ് ഡിവിഷനുകളിലായി ചുരുങ്ങി.

സിറ്റി ഗ്യാസിന്റെ മെച്ചങ്ങൾ

കുടിവെള്ളം പോലെ പൈപ്പിലൂടെ വീടുകളിൽ പാചകവാതകം എത്തും. എൽ.പി.ജിയേക്കാൾ വിലക്കുറവ്. സിലിണ്ടർ വേണ്ട. അപകട സാദ്ധ്യതയില്ല. മലിനീകരണമില്ല. ഉപയോഗിച്ച വാതകത്തിന്റെ പണം പ്രതിമാസം നൽകാം.


ഇന്ത്യൻ ഓയിൽ - അദാനി

എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വിതരണം.

അറ്റ്‌ലാന്റിക്, ഗൾഫ് ആൻഡ് പസഫിക് കമ്പനി

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

ഷോള ഗ്യാസ്‌കോ

ഇടുക്കി, കോട്ടയം, പത്തനംതിട്ട

''പൈപ്പിടാൻ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് അനുമതി വാങ്ങുകയാണ് ഏറ്റവും വലിയ വെല്ലുവിളി""
അജയ് പിള്ള,​

ഐ.ഒ.സി അദാനി ഗ്യാസ് ലിമിറ്റഡ്

''കോർപ്പറേഷനിലെ ആറ് ഡിവിഷനുകളിലാണ് സിറ്റി ഗ്യാസ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ഇവിടങ്ങളിൽ സർവേയും പൈപ്പിടലും പുരോഗമിക്കുന്നു""

എം. അനിൽകുമാർ

കൊച്ചി മേയർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.