തൊടുപുഴ: വഴിവിളക്കുകളുടെ ബാറ്ററി മോഷ്ടിച്ച് വിൽക്കുന്ന രണ്ട് പേർ അറസ്റ്റിൽ. പാലാ- തൊടുപുഴ റോഡിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ ലൈറ്റുകളുടെ ബാറ്ററി മോഷ്ടിച്ച സംഘത്തിൽ രണ്ട് പേരെയാണ് കരിങ്കുന്നം പൊലീസ് പിടികൂടിയത്. എറണാകുളം ഏനാനല്ലൂർ പുന്നമറ്റം ഓട്ടുകുളത്ത് ഒ.എ.ബാദുഷ, നോർത്ത് മഴുവന്നൂർ കൊച്ചുവീട്ടിൽ കെ.എസ്. കിച്ചു (19) എന്നിവരെയാണ് എസ്.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. പതിവായി ഈ റൂട്ടിലെ വഴിവിളക്കുകളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സുകളിൽ നിന്ന് ബാറ്ററി മോഷണം പോകുന്നതിനാൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഇന്നലെ പുലർച്ചെ 2.15 ന് കരിങ്കുന്നം ടൗണിൽ നിന്ന് പ്രതികൾ പിടിയിലായത്. ബാറ്ററി മോഷ്ടിച്ച് കടത്താൻ ഉപയോഗിച്ചിരുന്ന ബാദുഷയുടെ കാറും പിടികൂടി. ബാറ്ററി കടത്താനായി പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനമാണിതെന്ന് പൊലീസ് പറഞ്ഞു. ഇവർ മോഷ്ടിക്കുന്ന ബാറ്ററി കടകളിൽ വിൽപ്പന നടത്തുകയാണ് ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. പ്രധാന പ്രതി ബാദുഷയുടെ മാതാപിതാക്കൾ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരാണ്. മറ്റ് സ്ഥലങ്ങളിലും ഇവർ ഇത്തരം മോഷണം നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |