തളിപ്പറമ്പ്: നികുതിയുടെ പേരിൽ സാധാരണക്കാരെ കൊള്ളയടിക്കുകയാണ് പിണറായി സർക്കാരെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു. കെട്ടിടനികുതി വർധനക്കെതിരേ യു.ഡി.എഫ് തളിപ്പറമ്പ് മുൻസിപ്പൽ കമ്മിറ്റി തളിപ്പറമ്പ നഗരസഭാ കാര്യാലയത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിർമാണ സാമഗ്രികളുടെ വിലക്കയറ്റത്തിനൊപ്പം പെർമിറ്റ് ഫീസും വർധിപ്പിച്ചത് ജനങ്ങൾക്ക് ഇടിത്തീയായി മാറിയിരിക്കുകയാണ്. ഇന്ധന സെസ് ഏർപ്പെടുത്തുക വഴി സമസ്തമേഖലയിലും വിലക്കയറ്റമാണ്. അഴിമതിയും ധൂർത്തും അനാവശ്യചെലവുകളും സംസ്ഥാനത്തിനുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം സാധാരണക്കാരുടെ തലയിലിട്ട് മുന്നോട്ടു പോകാമെന്നത് സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും ഇതിനെതിരേ അതിശക്തമായ പ്രക്ഷോഭം ഉയർന്നുവരുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. പി മുഹമ്മദ് ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. എ.ഡി സാബൂസ് ,എം.വി രവീന്ദ്രൻ ,പി.സി നസീർ,അഡ്വ.ടി.ആർ മോഹൻദാസ് ,എ.വി അബൂബക്കർ ഹാജി ,രജനി രാമാനന്ദ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |