കണ്ണൂർ: തലശ്ശേരി കണ്ണിച്ചിറപുതിയ റോഡ് ജംഗ്ഷനിൽ ഗൃഹനാഥൻ ഓവുചാലിൽ വീണ് മരിച്ചുണ്ടായ അപകടം വിരൽചൂണ്ടുന്നത് അധികൃതരുടെ കടുത്ത അനാസ്ഥയിലേക്ക്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ റോഡുകളിൽ സമാനമായ അപകടത്തിന്റെ സാദ്ധ്യത തുറന്നാണ് ഓവുചാലുകളുടെ അവസ്ഥ.
തലശ്ശേരിയിൽ സ്വകാര്യസ്ഥാപനത്തിലെ സെക്യുരിറ്റിജീവനക്കാരൻ ജോലി കഴിഞ്ഞ് പോകാൻ തയ്യാറായി നിൽക്കുന്നതിനിടയിൽ ഓടയിലേക്ക് അബദ്ധത്തിൽ കാൽവഴുതി വീണതോ തലകറങ്ങി വീണതോ ആകാമെന്നാണ് കരുതുന്നത്.ഇത്തരത്തിൽ പലയിടങ്ങളിലും സുരക്ഷിതമല്ലാത്ത ഓടകൾ മഴക്കാലമായതോടെ അപകടത്തെ മാടിവിളിക്കുകയാണ്.പലയിടങ്ങളിലും റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ലാബുകൾ നീക്കി ഓടയുടെ ആഴം കൂട്ടിയിട്ടുണ്ട്.
എന്നാൽ പ്രവൃത്തി കഴിഞ്ഞതിന് ശേഷം പഴയ പടി സ്ലാബുകൾ തിരിച്ച് വയ്ക്കാത്ത സ്ഥിതിയാണ്. സമീപത്തു കൂടി വാഹനങ്ങൾ കടന്നു പോകുന്നതിനിടയിൽ ഓരം ചേർന്നുപോകുമ്പോഴാണ് ആളുകൾ അപകടത്തിൽ പെടുന്നത്.വാഹനങ്ങൾ വരുന്നത് കണ്ട് മാറി നടന്നാലോ എതിരെ വരുന്ന ആളുകൾക്കായി മാറികൊടുത്താലോ വീഴുന്നത് ഓടയിലാകും.
മഴക്കാലമാകുമ്പോൾ ഓട ഉണ്ടെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത സ്ഥിതിയും പലയിടത്തുമുണ്ട്.ശക്തമായ മഴ പെയ്താൽ ഓടയും റോഡും തമ്മിൽ വ്യക്തമാകാതെ വാഹനങ്ങൾ പെടുന്നതും പതിവാണ്. കൂട്ടത്തിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്.
കാലപ്പഴക്കം ചെന്ന സ്ലാബുകൾ
കണ്ണൂർ നഗരത്തിൽ പലയിടങ്ങളിലും കാല പഴക്കം ചെന്ന സ്ലാബുകൾ കടുത്ത ഭീഷണി ഉയർത്തുന്നുണ്ട്.കാൽടെക്സ്,തെക്കീബസാർ,കളക്ടറേറ്റ് പരിസരം എന്നിവടങ്ങിളിലെല്ലാം ഇത്തരം സ്ലാബുകൾ ഉണ്ട്.ആളുകൾ കയറി നടക്കുമ്പോൾ ഇളകുന്നവയാണ് കൂടുതലും. പലതിലും ചെറുതും വലുതുമായ വിടവുകളും കാണാം. നടക്കുമ്പോൾ കാൽ കുടുങ്ങി അപകടത്തിൽപെടുന്നതും ഇവിടെ പതിവാണ്.കഴിഞ്ഞ ദിവസം കാൽടെക്സ്ന് സമീപമുള്ള സ്ലാബിന്റെ ഇടയിൽ സ്ത്രീയുടെ കാൽ കുടുങ്ങിയിരുന്നു. കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇതുവഴി നടന്നുപോകുന്നത് പേടിച്ചുപേടിച്ചാണ്. കാഴപ്പഴക്കമുള്ള സ്ലാബുകൾ കണ്ടെത്തി അറ്റകുറ്റപണികൾ നടത്തുന്നതിനോ മാറ്റി സ്ഥാപിക്കുന്നതിനോ അധികൃതർ തയ്യാറാകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |