കാസർകോട്: കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സൊസൈറ്റിയിൽ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. റിമാൻഡിലുള്ള ആറ് പ്രതികളെയും ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തിട്ടും സൊസൈറ്റിയിൽ നിന്ന് തട്ടിയെടുത്ത തുക കണ്ടെടുക്കാനായില്ല. പ്രതികളിൽ ചിലർക്ക് ഹവാല ഇടപാടും വിദേശബന്ധവും ഉണ്ടെന്ന് കൂടി വ്യക്തമായതോടെയാണ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പി എസ് ഷെയ്ഖ് ദർവേഷ് സാഹിബാണ് ഉത്തരവിറക്കിയത്.
കാസർകോട് ഡിവൈ.എസ്.പി എം.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇനി കേസ് അന്വേഷിക്കും.
സൊസൈറ്റി പ്രസിഡന്റിന്റെ പരാതിയിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 13നാണ് ആദൂർ പൊലീസ് കേസെടുത്തത്. സൊസൈറ്റി സെക്രട്ടറിയായിരുന്ന കർമ്മന്തൊടിയിലെ കെ.രതീഷിനെയാണ് ആദ്യം പ്രതി ചേർത്തിരുന്നത്. തുടർ അന്വേഷണത്തിൽ തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പണയമില്ലാതെ സ്വർണ്ണപണയവായ്പകൾ എടുത്തും ലോക്കറിൽ നിന്ന് സ്വർണ്ണം തട്ടിയെടുത്തും കേരള ബാങ്ക് കാഷ് ക്രെഡിറ്റിൽ നിന്ന് തുക മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയും രതീഷ് 4.76 കോടി രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആദ്യത്തെ കേസ്. സൊസൈറ്റി സെക്രട്ടറി രതീഷിന് പുറമെ പള്ളിക്കര പഞ്ചായത്ത് അംഗം ബേക്കൽ ഹദ്ദാദ് നഗറിലെ കെ.അഹമ്മദ് ബഷീർ, പറക്കളായി ഏഴാംമൈലിലെ എ.അബ്ദുൽ ഗഫൂർ, കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ എ.അനിൽകുമാർ, പയ്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ താണ സ്വദേശി അബ്ദുൽ ജബ്ബാർ , കോഴിക്കോട് അരക്കിണർ സ്വദേശി സി നബീൻ എന്നിവരെ പിന്നാലെ അന്വേഷണസംഘം അറസ്റ്റുചെയ്തു.
മൊഴികൾ പരസ്പരവിരുദ്ധം
കാറഡുക്ക സഹകരണസംഘത്തിൽ നിന്ന് രതീഷ് കടത്തിയ പണയസ്വർണ്ണങ്ങൾ കേരള ബാങ്കിന്റെ കാഞ്ഞങ്ങാട്, പെരിയ ശാഖകളിൽ നിന്ന് ജില്ലാ ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നു. 190 പവൻ സ്വർണ്ണമാണ് പിടിച്ചെടുത്തത്. ബാക്കി സ്വർണ്ണവും പണവും കണ്ടെടുത്തിട്ടില്ല. പ്രതികൾ ആദ്യം പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയിരുന്നു. തട്ടിപ്പുമായി കൂടുതൽ പേർക്ക് ബന്ധമുണ്ടെന്ന വിവരമാണ് ലഭിച്ചത്. പ്രതികൾക്ക് ഹവാല ഇടപാടുമായി ബന്ധമുണ്ടെന്നും വിദേശത്ത് ഉൾപ്പെടെ തട്ടിപ്പിന്റെ കണ്ണികൾ ഉണ്ടെന്നും ഇവരുടെ മൊഴികളിൽ നിന്ന് സൂചന ലഭിച്ചത് നിർണായകമായി. സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതോടെ
കേസിന്റെ വ്യാപ്തി വർദ്ധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |