കണ്ണൂർ:പെരുമൺ ദുരന്തത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ ഉറങ്ങുന്ന സ്മൃതി മണ്ഡപത്തിലെത്തിയ ശേഷം വൈകാരിക കുറിപ്പുമായി കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഹേമലത.ഇരിക്കൂർ പെരുമണ്ണിൽ നിയന്ത്രണം വിട്ട വാഹനം കയറി സ്കൂൾ വിട്ട് വരികയായിരുന്ന പത്ത് പിഞ്ചുകുഞ്ഞുങ്ങളാണ് മരിച്ചത്.ഔദ്യോഗിക തിരക്കിനിടയിൽ കഴിഞ്ഞ ദിവസമാണ് ഹേമതല സ്മൃതി കുടീരം സന്ദർശിച്ചത്.കൂട്ടുപുഴയിൽ പൊലീസ് എയ്ഡ് പോസ്റ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മടങ്ങുമ്പോഴാണ് സ്മൃതികുടീരത്തിനടുത്ത് വാഹനം നിർത്തി സന്ദർശിച്ചത്.
ആ കുടീരത്തിന്റെ പടവുകൾ കയറുമ്പോൾ തന്നെ തന്റെ മനസ്സ് പിടഞ്ഞിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു. ഈ കുഞ്ഞുങ്ങൾ അവരുടെ കുടുംബത്തിന്റെ എത്രമാത്രം വലിയ പ്രതീക്ഷകളായിരുന്നു? അവരുടെ മാതാപിതാക്കൾ അവരെകൊണ്ട് എത്രമാത്രം സ്വപ്നങ്ങൾ കണ്ടിരിക്കും.? ആകസ്മികമായ മരണം അവരെ കൂട്ടി കൊണ്ട് പോകുന്നതിന്റെ തൊട്ട് മുന്നേ അവരെത്രമാത്രം സ്വപ്നം കണ്ടിരിക്കും.?സ്‌കൂൾ വിട്ട് വീട്ടിലേക്കോടുമ്പോൾ അവരുടെ മനസ്സിൽ എന്തൊക്കെയായിരിക്കും.? അമ്മയുണ്ടാക്കിയ പലഹാരം.. കളിപ്പാട്ടം. കുഞ്ഞനിയൻ.. ഇതൊക്കെ ആയിരിക്കില്ലേ...?ഒരു പക്ഷേ ആ പത്തു പേർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ആരൊക്കെയാകുമായിരുന്നുവെന്നും അദ്ധ്യാപിക, ഡോക്ടർ, ഒരുപക്ഷേ എന്നെ പോലൊരു ഐ.പി.എസ്‌കാരിയുമെല്ലാം ആയിട്ടുണ്ടാകുമെന്നും അവർ കുറിച്ചു.
വാഹനഡ്രൈവറുടെ അശ്രദ്ധയാണ് ഈ മരണത്തിന് കാരണമെന്നറിഞ്ഞപ്പോൾ വല്ലാത്ത ഒരു അമർഷം തന്റെയുള്ളിൽ പതഞ്ഞ് പൊന്തിയെന്നും സ്കൂളുകൾ തുറന്നിരിക്കെ ,റോഡുകളിൽ കുഞ്ഞുങ്ങൾ ചിലപ്പോൾ അശ്രദ്ധ കാട്ടിയാലും വാഹനം ഓടിക്കുന്നവർ നിതാന്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നുവെന്നും ഹേമലത ഓർമ്മപ്പെടുത്തുന്നു. സ്‌കൂൾ പരിസരങ്ങളിൽ വാഹനത്തിന്റെ വേഗത കുറച്ച് പോകണമെന്ന നിബന്ധന എല്ലാവരും പാലിക്കണം, നമ്മുടെ അശ്രദ്ധ കൊണ്ട് മറ്റുള്ളവർക്ക് യാതൊരു അപകടവും ഉണ്ടാക്കുകയില്ലെന്ന നല്ല ഡ്രൈവിംഗ് സംസ്‌കാരം നാം വളർത്തിയെടുക്കണം .സ്‌കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലടക്കം മതിയായ സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെങ്കിൽ കർശനമായ നടപടിയുണ്ടാകും.
എന്റെ ജില്ലയിലെ എല്ലാ സ്‌കൂൾ പരിസരങ്ങളിലും പൊലീസിന്റെ കർശനമായ പരിശോധനകളുണ്ടാവും.നിയമം ലംഘിക്കുന്നവർ ആരായാലും അവർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും അവർ കുറിപ്പിൽ പറഞ്ഞു.2008 ഡിസംബർ നാലിനാണ് പെരുമണ്ണിൽ നാരായണവിലാസം എൽ.പി സ്കൂളിലെ കുട്ടികളുടെ നേരെ ജീപ്പ് പാഞ്ഞുകയറിയത്. അപകടത്തിൽ പത്തുകുട്ടികൾ മരിക്കുകയും 12 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |