കണിച്ചാർ: കേളകം ഗ്രാമ പഞ്ചായാത്തിലെ അടക്കാത്തോട് കൈലാസംപടിയിലും മാനന്തവാടി നിടുംപൊയിൽ ചുരം പാതയിലും കഴിഞ്ഞ ദിവസം ഉണ്ടായ വിള്ളലിന് സമാനമായി കണിച്ചാർ പഞ്ചായത്തിലെ സെമിനാരി വില്ലയിലെ എസ്റ്റേറ്റിലും ഭൂമിയിൽ വലിയ വിള്ളൽ രൂപപ്പെട്ടു. ഇവിടെ റോഡ് ഉൾപ്പെടെയുള്ള ഭൂമി ഒരു മീറ്ററോളം താഴ്ന്നു.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് ഭൂമിയിൽ ഇത്തരത്തിൽ വിള്ളൽ കണ്ടെത്തിയത്. സെമിനാരി വില്ലയിലും ഭൂമിയിൽ വിള്ളൽ കണ്ട സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ് നാട്ടുകാർ. സോയിൽ പൈപ്പിംഗ് പ്രതിഭാസമാകാം ഇതെന്നാണ് കരുതുന്നത്. ഉപരിതലപാളിയിൽ നിന്നും ഒരടിയോളം നിരങ്ങി ഒരു മീറ്ററോളം ഭൂമി താഴ്ന്നിട്ടുണ്ട്.മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിനുള്ളിൽ വെള്ളമിറങ്ങി അപകടം വരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഏകദേശം മൂന്നേക്കറോളം സ്ഥലത്താണ് ഇത്തരത്തിൽ വിളളൽ രൂപപ്പെട്ടിട്ടുള്ളതെന്ന് വാർഡ് മെമ്പർ ഷോജറ്റ് ചന്ദ്രൻ കുന്നേൽ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യനും സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.വിള്ളലിന് വ്യാപ്തി വർദ്ധിച്ചതോടെ ഇതിന് താഴെ ഭാഗത്ത് താമസിക്കുന്നവർക്ക് ബന്ധപ്പെട്ടവർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ശാന്തിഗിരിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
പതിനേഴ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കേളകം: ശാന്തിഗിരി കൈലാസംപടിയിൽ ഭൂമിയിൽ വിള്ളൽ രൂപപ്പെട്ടതിനെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ശാന്തിഗിരി ഗവ.എൽ.പി.സ്‌കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് 17 കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. കൈലാസംപടിയിൽ ഭൂമിയിൽ വിള്ളൽ രൂപപ്പെട്ട ദുരിതത്തിലായ 10 കുടുംബങ്ങളും ശാന്തിഗിരി ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ ഭീതിയിൽ കഴിയുന്ന 7 കുടുംബങ്ങളുമാണ് നിലവിൽ ദുരിതാശ്വാസ ക്യാമ്പിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |