ഖനനം തുടങ്ങാനൊരുങ്ങി ആറോളം വൻകിട ഖനനകമ്പനികളും ക്രഷറുകളും
പരപ്പ(കാഞ്ഞങ്ങാട്): കനത്തമഴമൂലമുണ്ടായ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും നിരവധി ജീവനുകൾ നഷ്ടമായ സാഹചര്യത്തിൽ ഭയപ്പാടോടെ കഴിയുകയാണ് വെള്ളരിക്കുണ്ട് താലൂക്കിലെ വടക്കാകുന്ന് മലനിരകളുടെ അടിവാരഗ്രാമങ്ങൾ. ആറോളം വൻകിട ഖനന കമ്പനികളും ക്രഷറുകളുമാണ് ഈ മലനിരകളിൽ വിവിധ ഭാഗങ്ങളിൽ പുതുതായി പ്രവർത്തനം തുടങ്ങാൻ നീക്കം നടത്തിവരുന്നത്. ഇതിൽ ഒരുവൻകിട കമ്പനി നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ മലയുടെ ഒരു ഭാഗത്തെ മണ്ണ് നീക്കം ചെയ്തത് മേഖലയ്ക്ക് വലിയ ഭീഷണിയായിട്ടുണ്ട്.
നേരത്തെയുള്ള സ്വാഭാവിക നീർച്ചാലുകളുടെ നീരൊഴുക്ക് തടസ്സപ്പെടുത്തുകയും ഒഴുക്കിന്റെ ഗതിതിരിച്ചുവിടുകയും ചെയ്താണ് പ്രദേശത്ത് ഖനനത്തിന് ഒരുക്കുന്നത്. ഇത് താഴേയുള്ള വീടുകൾക്ക് ഭീഷണിയാണ്. റവന്യു അധികൃതരുടെ നിർദ്ദേശപ്രകാരം അപകടസാദ്ധ്യത കണക്കിലെടുത്ത് ഒരു കുടുംബത്തെ ഇവിടെ നിന്നും മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഖനന പ്രദേശത്ത് നിന്നും നീക്കിയ ടൺ കണക്കിന് മണ്ണ് ജനവാസമേഖലയുടെ ഉയർന്ന ഭാഗത്താണ് കൂട്ടിയിട്ടിരിക്കുന്നത്
ഉയർന്ന മഴ ലഭിക്കുന്ന പ്രദേശം
സംസ്ഥാനത്ത് കൂടുതൽ മഴ രേഖപ്പെടുത്തുന്ന പ്രദേശങ്ങളിൽ പെട്ടതാണ് വെള്ളരിക്കുണ്ട് താലൂക്ക്. പലതവണ മേഘസ്ഥോടനം മൂലം കനത്ത മഴ ഇവിടെ ലഭിച്ചിട്ടുണ്ട്. ഇരുപത് ഡിഗ്രി ചരിവിന് മുകളിൽ സ്ഥിതി ചെയ്യുന്ന മലനിരകളിൽ ഉരുൾപൊട്ടലിന് സാദ്ധ്യത കൂടുതലാണെന്നാണ് ശാസ്ത്രീയ നിരീക്ഷണം. ഇത് ബോദ്ധ്യമായിട്ടും അൻപത് ഡിഗ്രി ചെരിവുള്ള വടക്കാകുന്ന് മലനിരകളിൽ ആറോളം വൻകിട ഖനന കമ്പനികൾക്ക് അനുമതി നൽകുന്നത്.
പഠനങ്ങളില്ലാതെ അനുമതി
പ്രദേശത്ത് യാതൊരുവിധ പഠനങ്ങളും നടത്താതെയാണ് ഖനനാനുമതി നൽകിയതെന്നാണ് നാട്ടുകാർ പറയുന്നത്. പുതിയ അനുമതികൾ നൽകരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏഴ് വർഷമായി ജനം പ്രതിഷേധത്തിലാണ്. ഈ ആവശ്യമുയർത്തിയുള്ള റിലേ സത്യാഗ്രഹ സമരം 587 ദിവസങ്ങൾ പിന്നിട്ടുകഴിഞ്ഞു. പ്രതിഷേധങ്ങളും പരാതികളും വകവെക്കാതെ ക്വാറികളഉം ക്രഷറുകളും ആരംഭിക്കാനുള്ള നീക്കത്തിനെതിരെ കടുത്ത സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
കുഫോസ് പഠന റിപ്പോർട്ട്
കുഫോസിലെ ക്‌ളൈമറ്റ് വാരിയബിലിറ്റി ആന്റ് അക്വാറ്റിക് ഇക്കോ സിസ്റ്റംസ് വിഭാഗം മേധാവി ഡോ.ഗിരീഷ് ഗോപിനാഥിന്റെ നേതൃത്വത്തിൽ നടന്ന പഠനങ്ങളിൽ കേരളത്തിലെ ഹൈറേഞ്ചുകളിൽ 600 മീറ്ററിന് മുകളിൽ ഉയരമുള്ള സ്ഥലങ്ങളിൽ 31 ശതമാനവും ഉരുൾപൊട്ടൽഭീഷണിയാണ്. ഇതിൽ തന്നെ 10 ഡിഗ്രി മുതൽ 40 ഡിഗ്രി വരെ ചരിവുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി തോത് വളരെ കൂടുതലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |