തൃക്കരിപ്പൂർ: ഞായറാഴ്ച രാത്രി 7.55ന് തിരുവനന്തപുരം -ലോകമാന്യ തിലക് കുർള നേത്രാവതി എക്സ് പ്രസ് തലനാരിഴയ്ക്ക് വൻദുരന്തത്തിൽ പെടുമായിരുന്ന തരത്തിൽ പാളത്തിൽ കരിങ്കൽചീളുകൾ നിരത്തിയ സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ രണ്ട് കുട്ടികളിലേക്ക് നീളുന്നു. ട്രെയിനുകളെ അപകടത്തിൽപെടുത്താനുള്ള ശ്രമങ്ങൾ തുടർച്ചയായ സാഹചര്യത്തിൽ പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലേക്കാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചത്.
ആസാം സ്വദേശികളായ ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത രണ്ടുകുട്ടികളെ സംബന്ധിച്ചുള്ള വിവരങ്ങൾ സംഭവം അന്വേഷിക്കുന്ന ചന്തേര പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് കുട്ടികളിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
വൈകീട്ടോടെ സ്ഥലത്തെ ത്തിയ ആർ.പി.എഫ് ഉദ്യോഗസ്ഥരും കുട്ടികളെ ചോദ്യം ചെയ്തു.
ആടിയുലഞ്ഞ എക്സ് പ്രസ് ട്രെയിൻ
ഞായറാഴ്ച രാത്രി ഇതുവഴി കടന്നുപോകുമ്പോൾ ആടിയുലഞ്ഞതിനെ തുടർന്നാണ് നേത്രാവതി എക്സ് പ്രസിന്റെ ലോക്കോ പൈലറ്റ് വിവരം റെയിൽവേ അധികൃതരെ അറിയിച്ചത്. പയ്യന്നൂർ സ്റ്റേഷനിൽ നിന്നെത്തിയ സുരക്ഷാപരിശോധകർ പാളം പരിശോധിച്ചപ്പോൾ പാളത്തിന് മുകളിൽ കരിങ്കൽ കഷണങ്ങൾ പൊടിഞ്ഞരഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ട്രെയിൻ പാളം തെറ്റിയുണ്ടാകുമായിരുന്ന വൻദുരന്തമാണ് കഷ്ടിച്ച് ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു.
തൃക്കരിപ്പൂരിനും പയ്യന്നൂരിനുമിടയിൽ പേടിച്ചോടണം
തൃക്കരിപ്പൂരിനും പയ്യന്നൂരിനും ഇടയിലെ റെയിൽവേ ലൈനിൽ ഇതിനകം നിരവധി തവണ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകഴിഞ്ഞു. കഴിഞ്ഞ ജൂലായ് 26 നാണ് കഴിഞ്ഞ ദിവസം സംഭവം നടന്ന ബീരിച്ചേരിയിൽ നിന്ന് കഷ്ടിച്ച് ഒന്നര കിലോമീറ്റർ ദൂരത്തുള്ള രാമവില്യം ഗേറ്റ് പരിസരത്തെ പാളത്തിൽ കരിങ്കൽ ചീളുകൾ നിരത്തി വച്ച നിലയിൽ കണ്ടെത്തിയത്. രാമവില്യം ഗേറ്റിനും ഒളവറ ഗേറ്റിനുമിടയിലെ ഒരു കിലോമീറ്റർ ദൂരത്തിനിടയിൽ ആറോളം ഇടത്താണ് അന്ന് കരിങ്കൽ കഷണങ്ങൾ കണ്ടെത്തിയത്. രാത്രി പതിനൊന്നു മണിയോടെ ഇതുവഴി കടന്നു പോയ ഗ്യാംഗ്‌മാൻമാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അപകടം ഒഴിവായത്. സംഭവത്തിൽ റെയിൽവേ പൊലീസ് നടത്തിയ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. രണ്ടു വർഷങ്ങൾക്ക് മുമ്പ് ഒളവറയിലെ പാളത്തിൽ കല്ലുകൾ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറുപേരെ റെയിൽവേ അധികൃതർ പിടികൂടി പോലീസിന് കൈമാറിയിരുന്നു. കാസർകോട് ജില്ലയുടെ വടക്കൻ ഭാഗങ്ങളിലും ട്രെയിനുകൾക്ക് നേരെ കല്ലേറും പാളത്തിൽ കല്ലുവെക്കലുമടക്കമുള്ള അക്രമ സംഭവങ്ങൾ നേരത്തെ നടന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |