കണ്ണൂർ: ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങുമ്പോൾ ചെറുശ്ശേരിയുടെ കൃഷ്ണഗാഥ പിറന്ന മണ്ണിൽ നടത്തിയ
ഗോവർദ്ധന പർവത സങ്കല്പപൂജ ഭക്തർക്ക് നവ്യാനുഭവമായി.ചിറക്കൽ ചിറയ്ക്കു മുമ്പിൽ കിഴക്കേക്കര ശ്രീകൃഷ്ണ മതിലകം ക്ഷേത്രപരിസരത്താണ് പഞ്ചഭൂതാത്മകപ്രകൃതി പൂജ ഒരുക്കിയത്.
മഴ പെയ്യാൻ ഇന്ദ്രനെയല്ല ,പർവതത്തെയും പ്രകൃതിയേയുമാണ് പൂജിക്കേണ്ടതെന്ന ശ്രീകൃഷ്ണ സന്ദേശം വിളംബരം ചെയ്ത്
ചെറുശ്ശേരിയുടെ കൃഷ്ണഗാഥ മഹാകാവ്യത്തിന്റെ സാമൂഹിക പ്രസക്തി വ്യക്തമാക്കുന്നതായിരുന്നു അപൂർവ ചടങ്ങ്.
സി എം.എസ്. ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠം ചിങ്ങം കൃഷ്ണഗാഥ പാരായണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രകൃതി പൂജ സംഘടിപ്പിച്ചത്.ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ ഗോവർദ്ധനോദ്ധാരണം എന്ന ഭാഗം അമ്മമാർ ഒന്നിച്ചു ചേർന്ന് പാടി.വിവിധ ക്ഷേത്രങ്ങളിലെ മാതൃസമിതികളാണ് കൂട്ടായ്മയിൽ പങ്കെടുത്തത്
പൂജാനുഷ്ഠാനങ്ങൾക്ക് കിഴക്കേക്കര മേൽ ശാന്തി മാക്കന്തേരി ഇല്ലത്ത് മധു നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു, സനാതന പുരോഹിത സമാജം സംസ്ഥാന അദ്ധ്യക്ഷൻ വാഴയിൽ പ്രകാശൻ തന്ത്രി സംയോജകനും മൊളോളത്തില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി സഹകാർമ്മികനുമായി.ചിറക്കൽ കോവിലകം ഉത്രട്ടാതി തിരുന്നാൾ സി കെ.രാമവർമ്മ വലിയ രാജ ഭദ്രദീപം കൊളുത്തി . ചിറക്കൽ ചാമുണ്ഡിക്കോട്ടം വിഷ്ണുമൂർത്തി കോലധാരി അഭിരാം പണിക്കർ ചടങ്ങിൽ പങ്കെടുത്തു.
പാരമ്പര്യമായി കൃഷ്ണഗാഥ വായിക്കുന്ന അമ്മമാരെ കീർത്തി പത്രം നല്കി ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം കെ.വി. സുമേഷ്
എം എൽ എ നിർവഹിച്ചു.
ചെറുശ്ശേരി സ്മാരകം രൂപരേഖയായി
24 മണിക്കൂറും കൃഷ്ണഗാഥ പാടുന്ന മണ്ണായി ചിറക്കലിൽ ചെറുശ്ശേരി സ്മാരകവും വൃന്ദാവനവും നിർമ്മിക്കാ നുള്ള പദ്ധതി രൂപ രേഖ അംഗീകരിച്ചതായി കെ..വി.സുമേഷ് എം.എൽ.എ ചടങ്ങിൽ പ്രഖ്യാപിച്ചു.സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ
ഡോ.സഞ്ജീവൻ അഴീക്കോട് ആമുഖ ഭാഷണം നടത്തി.കൃഷ്ണപ്പാട്ട് പാരായണം നടത്തുന്ന 101 അമ്മമാർക്ക് കീർത്തി പത്രം നല്കി ഉത്രട്ടാതി തിരുന്നാൾ സി.കെ. രാമവർമ്മ വലിയ രാജ ആദരിച്ചു. ഫോക് ലോർ അക്കാഡമി സെക്രട്ടറി ഡോ.എ.വി.അജയ കുമാർ സി എം.എസ് ചന്തേര അനുസ്മരണ പ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |