പരിയാരം: മുൻവശം ഒഴികെ കാടുമൂടിയ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പരിസരത്ത് ഇഴജന്തുക്കൾ പെരുകുന്നത് ഭീഷണിയായി. കഴിഞ്ഞദിവസം രാത്രിയിൽ അഞ്ചാം നിലയിൽ നവജാതശിശുക്കളുടെ ഐ.സി.യുവിന് മുന്നിൽ പാമ്പിനെ കണ്ടത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രി ജീവനക്കാർക്കും ഒരുപോലെ ഭീഷണിയായി മാറിയിരിക്കുകയാണ്.
ആശുപത്രി പരിസരം മുഴുവൻ വൃത്തിഹീനമാണ്. പ്രധാന കെട്ടിടങ്ങളുടെ പിൻഭാഗങ്ങളിലെ മിക്കയിടങ്ങളും കാടുകയറിയിട്ടുമുണ്ട്. ഇതിലൂടെ കയറി പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുകൾക്ക് ആശുപത്രി കെട്ടിടത്തിന്റെ ഏത് നിലയിലും എത്താവുന്ന സ്ഥിതിയാണ്.
കാടുവളർന്നുകിടക്കുന്ന സ്ഥലത്തേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായതോടെ ഭക്ഷണാവശിഷ്ടങ്ങൾ തിന്നാനെത്തുന്ന എലികളേയും മറ്റും പിടികൂടാനാണ് പാമ്പുകൾ വരുന്നതെന്നാണ് സംശയം. വ്യാഴാഴ്ച രാത്രി ഒൻപതോടെ ശംഖുവരയൻ പാമ്പിനെ അഞ്ചാംനിലയിലെ ഐ.സി.യുവിൽ നിന്ന് പുറത്തേക്ക് കടക്കവെയാണ് തല്ലിക്കൊന്നത്. ദിവസങ്ങൾക്ക് മുമ്പ് കാർഡിയോളജി വിഭാഗത്തിലെ സി ബ്ലോക്ക് വാർഡിൽ നിന്നും വിഷപ്പാമ്പിനെ പിടികൂടിയിരുന്നു. കെട്ടിടത്തിന്റെ പുറം ചുമരുകൾ പരുപരുത്ത പ്രതലമായതിനാൽ പാമ്പുകൾക്ക് എളുപ്പത്തിൽ ഇതുവഴി കയറി ജനാലകളിലൂടെ അകത്തെത്താൻ കഴിയും.
എവിടെയും എത്താതെ നവീകരണം
35 കോടി ചെലവിൽ രണ്ടു വർഷമായി നടന്നുവരുന്ന നവീകരണ പ്രവർത്തനങ്ങൾ എവിടെയും എത്താതെ തുടർന്നുകൊണ്ടിരിക്കുമ്പോഴാണ് പാമ്പ് ഭീഷണി വർദ്ധിച്ചിരിക്കുന്നത്. കാടു മൂടിയും മാലിന്യങ്ങൾ നിറഞ്ഞതുമായ ആശുപത്രി പരിസരം എത്രയും പെട്ടെന്ന് തന്നെ ശുചീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |