മഹാരാഷ്ട്ര കമ്പനിക്ക് വിദ്യാർത്ഥികളുടെ വിവരം കൈമാറുന്നുവെന്ന് ആരോപണം
കണ്ണൂർ: ഡാറ്റ ചോർച്ചയെന്ന ആരോപണത്തെ തുടർന്ന് കണ്ണൂർ സർവകലാശാലയിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. സർവകലാശാലയിലെ ഒന്നാംവർഷ വിദ്യാർത്ഥികളുടെ ഡാറ്റ മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള കമ്പനിക്ക് വിറ്റ് കാശാക്കുന്നുവെന്നാണ് ആരോപണം. എന്നാൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരമാണ് വിദ്യാർത്ഥികളുടെ ഡാറ്റാ ശേഖരിക്കുന്നതെന്നാണ് സർവകലാശാല അധികൃതരുടെ മറുപടി.
സംസ്ഥാനത്തെ എല്ലാ സർവകലാശാലയിലെയും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കണമെന്നാണ് നിർദേശം. പരീക്ഷാ രജിസ്‌ട്രേഷൻ, ഹാൾ ടിക്കറ്റ് തുടങ്ങിയ ആവശ്യങ്ങൾക്കാണ് വിവരങ്ങൾ ശേഖരിക്കുന്നത്. സാധാരണ ഇത് സർവകലാശാല പോർട്ടൽ വഴി തന്നെയാണ് അപ്ലോഡ് ചെയ്യാറ്. എന്നാൽ ഇത്തവണ അസാപ്പിനെയാണ് ഡാറ്റാ ശേഖരണത്തിന് ചുമതലപ്പെടുത്തിയത്. അസാപ് ഇത് മഹാരാഷ്ട്ര ആസ്ഥാനമായ എം.കെ.സി.എൽ കമ്പനിയെ ചുമതലപ്പെടുത്തി. ഈ കമ്പനിയെ കുറിച്ച് യാതൊരു അറിവും സർവകലാശാല അധികൃതർക്ക് ഇല്ലെന്നും ആക്ഷേപമുണ്ട്.
സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും വിവരം ശേഖരിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് കൗൺസിൽ കത്തയച്ചിട്ടുണ്ട്. എന്നാൽ മറ്റ് സർവകലാശാലകളൊന്നും ഇതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. കണ്ണൂർ സർവകലാശാല മാത്രം തിടുക്കപ്പെട്ട് വിദ്യാർത്ഥികളെ കൊണ്ട് ഡാറ്റ് അപ്‌ലോഡ് ചെയ്യിക്കുകയാണ്. തിങ്കളാഴ്ചക്കകം പൂർത്തിയാക്കണമെന്നാണ് വിദ്യാർത്ഥികൾക്ക് ലഭിച്ച നിർദേശം. ഇതിനായ 100 രൂപയും നൽകണം. ഇത്തരത്തിൽ വലിയ തുക സ്വകാര്യ കമ്പനിക്ക് ലഭിക്കുകയും ചെയ്യും. കമ്പനിയുടെ വിശ്വാസീയതയിൽ വ്യക്തത വരുന്നത് വരെ നടപടികൾ നിർത്തിവെക്കണമെന്ന് വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ചെവികൊണ്ടിട്ടിട്ടില്ല.
രജിസ്ട്രാറെ ഉപരോധിച്ച് കെ.എസ്.യു
ഒന്നാം വർഷ വിദ്യാർഥികളുടെ ഡാറ്റ എന്റർ ചെയ്യാൻ വേണ്ടി മഹാരാഷ്ട്രയിലുള്ള എം.കെ.സി.എൽ കമ്പനിയെ ചുമതലപ്പെടുത്തിയ സർവകലാശാല അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ സർവകലാശാല രജിസ്ട്രാറെ ഉപരോധിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, സുഹൈൽ ചെമ്പന്തൊട്ടി, ആഷിത്ത് അശോകൻ, ഹരികൃഷ്ണൻ പാളാട് എന്നിവർ പ്രസംഗിച്ചു.
ഉന്നതതലത്തിൽ ഗൂഢാലോചന നടത്തി സ്പ്രിംഗ്ളർ മോഡൽ കമ്മിഷൻ പറ്റാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തിന്റെ ഭാഗമാണ് ഡാറ്റ എന്റ റിംഗിലൂടെ സർവകലാശാല നടത്തുന്നത്.വിദ്യാർത്ഥികളുടെ ആധാർ നമ്പറടക്കം പൂരിപ്പിക്കാൻ ആവശ്യപ്പെടുന്ന സർവകലാശാല തീരുമാനം തിരുത്തിയില്ലെങ്കിൽ കെ.എസ്.യു തുടർ പ്രക്ഷോഭങ്ങൾ നടത്തും- കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |