തളിപ്പറമ്പ്: കണികുന്നിൽ കാണപ്പെട്ടത് പുലിയുടെ കാൽപാടുകൾ തന്നെയെന്ന് വനംവകുപ്പ് സ്ഥിരികരിച്ചു.തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.രതീഷിന്റെ നേതൃത്വത്തിൽ ഇവിടെ ഇന്നലെ രാത്രിയിൽ ആറ് സി സി ടി.വി ക്യാമറകൾ സ്ഥാപിച്ചു ക്യാമറകളിൽ പതിയുന്ന ദൃശ്യം പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. വനംവകുപ്പിന്റെ ആറളത്തെ ആർ.ആർ.ടിയിലെ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ എം.ഷൈൻകുമാറിന്റെ നേതൃത്വത്തിൽ ആറംഗ സംഘം ഡ്രോൺ ഉപയോഗിച്ച് പരിശോധനയും നടത്തി. പുലിയുടെ സഞ്ചാര പാത നിരീക്ഷിച്ച് ചീഫ് വെൽഡ് വാർഡന്റെ സമ്മതത്തോടു കൂടി കൂട് സ്ഥാപിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്.
രാത്രിയും പകലും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പെട്രോളിംഗ് നടത്തുന്നുണ്ട് കാല്പാടുകൾ കണ്ടെത്തിയ സമീപത്തെ കുറ്റിക്കാടുകൾ, അടച്ചിട്ട വീടുകൾ, പറമ്പുകൾ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നലെ രാവിലെ മുതൽ പരിശോധന നടത്തിയത് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.പി.രാജീവൻ, വനം വകുപ്പ് വാച്ചർ ഷാജി ബക്കളം, ഫോറസ്റ്റ് റെസ്‌ക്യൂവർ അനിൽ തൃച്ചംബരം തുടങ്ങിയവരും തിരച്ചിൽ സംഘത്തിലുണ്ടായിരുന്നു. പുളിമ്പറമ്പ് , കണികുന്ന്, പുളിയോട്, ഇല്ലം പറമ്പ് , ചാലത്തൂർ പ്രദേശങ്ങളിൽ ഒരാഴ്ച മുമ്പ് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണികുന്നിൽ പുലിയെ കണ്ട തായി അഭ്യൂഹം ഉയർന്നത്.
ഒരു തൊഴിലുറപ്പ് തൊഴിലാളിയാണ് പുലിയെ കണ്ടത്. കുപ്പം കീഴാറ്റൂർ നിർദിഷ്ട ബൈപ്പാസിൽ കണികുന്ന് ക്ഷേത്രത്തിന് സമീപത്തും പുലിയെ കണ്ടതായാണ് പറയുന്നത് .തുടർന്ന് നടത്തിയ പരിശോധനയിൽ നിരവധി സ്ഥലങ്ങളിൽ പുലിയുടേതെന്ന് കരുതുന്ന കാൽപാടുകൾ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്താകമാനം വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നട ത്തിവരികയായിരുന്നു.
ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
ഇന്നലെ രാവിലെ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കാൽപ്പാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് കാൽപ്പാടുകളിൽ ഒന്ന് ഉദ്യോഗസ്ഥർ പ്ലാസ്റ്റർ ഓഫ് പാരീസിൽ അടയാളപ്പെടുത്തിവെക്കുകയും ചെയ്തു. പ്രദേശത്ത് ജാഗ്രത പാലിക്കാൻ ഫോറസ്റ്റ് അധികൃതർ നാട്ടുകാർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |