അടുത്ത ദിവസങ്ങളിൽ റദ്ദാക്കിയ ഉത്തരവുകൾ 8
കാസർകോട്: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ അടുത്തകാലത്തായി ഇറങ്ങുന്ന ഉത്തരവുകൾക്ക് ആയുസ്സ് കുറവ്. സുപ്രധാന ഉത്തരവുകൾ എന്നുപറഞ്ഞ് ഇറക്കുന്നവ ദിവസങ്ങൾക്കകം മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യുകയാണ്. വേണ്ടത്ര വീണ്ടുവിചാരമോ ചർച്ചകളോ ഇല്ലാതെ ഇറക്കുന്ന പല ഉത്തരവുകളും കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തിയതിന് ശേഷമാകും റദ്ദാക്കുന്നത്.
അടുത്തകാലത്ത് ഇറങ്ങിയ എട്ട് ഉത്തരവുകളാണ് ദിവസങ്ങൾക്കകം വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചത്. 2024-25 വർഷത്തെ സ്കൂൾ കലോത്സവം നടത്തേണ്ടുന്ന മാർഗ്ഗനിർദ്ദേശം സംബന്ധിച്ച മാന്വൽ സമഗ്രമായി ഭേദഗതി ചെയ്തുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവ് ഇറക്കിയത് സെപ്തംബർ 30ന് ആയിരുന്നു. 16 ദിവസം മാത്രം ആയുസ് ഉണ്ടായിരുന്ന ആ ഉത്തരവ് റദ്ദാക്കി ഒക്ടോബർ 17ന് പഴയനില തന്നെ തുടരുമെന്ന സർക്കുലർ ഇറക്കി. ഒരു മത്സരാർത്ഥി മൂന്ന് സിംഗിൾ ഇനങ്ങളിലും രണ്ടു ഗ്രൂപ്പ് ഇനങ്ങളിലും കൂടാതെ സംസ്‌കൃതം, അറബിക്ക് കലോത്സവം എന്നിവകളിലും മത്സരിക്കാം എന്നത് മുമ്പെയുള്ള നിബന്ധനയാണ്. സ്കൂൾ തല മത്സരങ്ങൾ കഴിഞ്ഞപ്പോഴാണ് ഇത് പറ്റില്ലെന്ന ഉത്തരവ് ഇറക്കിയത്. സ്കൂളിൽ മത്സരിച്ചു ജയിച്ചവർക്ക് സബ് ജില്ലയിലും ജില്ലയിലും മത്സരിക്കാൻ അവസരം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് അമളി മനസിലായപ്പോൾ റദ്ദാക്കി.
അദ്ധ്യാപകർ ശമ്പളം ട്രഷറിയിൽ നിന്ന് നേരിട്ട് വാങ്ങുന്നതിൽ നിന്ന് എയ്ഡഡ് സ്കൂൾ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽമാരെ വിലക്കിയ ഉത്തരവ് ദിവസങ്ങൾക്കകം മരവിപ്പിച്ചു. സെപ്തംബർ 30ന് ഇറക്കിയ ഉത്തരവിന് 21 ദിവസമായിരുന്നു ആയുസ്.
2013ൽ ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന നിർദ്ദേശമാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ റദ്ദാക്കാൻ നോക്കിയത്. സ്പാർക്കിൽ നിന്ന് ശമ്പള ബില്ലെടുത്ത് ശമ്പളം ട്രഷറിയിൽ നിന്ന് നേരിട്ട് വാങ്ങുന്നതിന് സെൽഫ് ഡ്രോയിംഗ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിരുന്നു. ട്രഷറിയിൽ പോയി ഊഴം കാത്തിരിക്കേണ്ട സാഹചര്യം അതോടെ ഇല്ലാതായിരുന്നു. എ.ഇ.ഒ, ഡി.ഇ.ഒമാരുടെ മേലൊപ്പോടെ ബില്ല് കൊടുക്കണം എന്ന പുതിയ നിർദ്ദേശം അദ്ധ്യാപക പ്രതിഷേധത്തിൽ മുങ്ങിപ്പോയി.
കോടതി കയറി അക്കാഡമിക് കലണ്ടർ
220 ദിവസം പ്രവൃത്തിദിനമാക്കി കൊണ്ട് ഏകപക്ഷീയമായി ഇറക്കിയ അക്കാഡമിക് കലണ്ടറിന്റെ അവസ്ഥയും മറിച്ചല്ല. 205ൽ നിന്ന് ഒറ്റയടിക്ക് 220 ആക്കിയപ്പോൾ പ്രതിഷേധം കനത്തു. പഠനസമയം യു.പി, ഹൈസ്ക്കൂൾ 1000 മണിക്കൂറും എൽ.പിയിൽ 800 മണിക്കൂറും എന്നതാണ് നിലവിൽ നിയമം. പ്രവൃത്തി ദിവസം 200 ആക്കിയാൽ തന്നെ ഇത് കവർ ചെയ്യാൻ കഴിയുമെന്നിരിക്കെ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കി അടിച്ചേൽപ്പിക്കാനായിരുന്നു ശ്രമം. അദ്ധ്യാപക സംഘടനകൾ കോടതിയിൽ ചോദ്യം ചെയ്തതോടെ ഹൈക്കോടതി നിർദ്ദേശ പ്രകാരം ആ ഉത്തരവും റദ്ദാക്കേണ്ടിവന്നു. പുതിയ അക്കാഡമിക് കലണ്ടർ ഇതുവരെ ഇറങ്ങിയിട്ടുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |