മട്ടന്നൂർ: ബ്രിട്ടീഷുകാരുടെ ഭരണക്കാലത്ത് നിർമ്മിച്ച മട്ടന്നൂർ പൊലീസ് സ്‌റ്റേഷന്റെ പഴയ കെട്ടിടം ഓർമ്മയിലേക്ക്. ഓടുമേഞ്ഞ കെട്ടിടം പൊളിച്ചു നീക്കി തുടങ്ങി. പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനൊപ്പം അനുബന്ധമായ മറ്റു രണ്ടു കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നുണ്ട്.
ആദ്യകാലത്ത് സ്വാതന്ത്ര്യസമര-കർഷക പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്രമായി പ്രവർത്തിച്ച മട്ടന്നൂർ സ്റ്റേഷൻ പിന്നീട് ജനമൈത്രി പൊലീസടക്കമുള്ള സംവിധാനങ്ങളിലൂടെ ജനങ്ങൾക്കൊപ്പമായി. മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ് ഉൾപ്പടെയുള്ളവർ സ്റ്റേഷന്റെ ചരിത്രം തയ്യാറാക്കിയിട്ടുണ്ട്. ജില്ലയിൽ ഏറ്റവും വലിയ പ്രവർത്തന പരിധിയുള്ള പൊലീസ് സ്‌റ്റേഷനുകളിലൊന്നാണ് മട്ടന്നൂർ. 1988ലാണ് നിലവിൽ എസ്.ഐയുടെ ഓഫീസും ലോക്കപ്പും സന്ദർശക മുറിയുമെല്ലാമുള്ള കെട്ടിടം നിർമിച്ചത്. എസ്.എച്ച്.ഒയുടെ ഓഫീസ് മറ്റൊരു കെട്ടിടത്തിലാണ്. 2022 മാർച്ചിലാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. മിനക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. നിലവിൽ കാന്റീനും വിശ്രമ കേന്ദ്രവുമായി ഉപയോഗിക്കുന്ന ഓടുമേഞ്ഞ പഴയ കെട്ടിടമാണ് പൊലീസ് സ്‌റ്റേഷന് വേണ്ടി ആദ്യം നിർമ്മിച്ചിരുന്നത്. ഓടുകളും മറ്റും തകർന്ന് കെട്ടിടം ശോച്യാവസ്ഥയിലാണ്. നിരവധി ചരിത്രസംഭവങ്ങൾക്ക് സാക്ഷിയായ കെട്ടിടമാണ് ഓർമ്മയാകുന്നത്.
നിലവിൽ വന്നത് 1852ൽ
'മട്ടന്നൂർ കലാപം' എന്ന പേരിലറിയപ്പെടുന്ന 1852ലെ സംഭവത്തോടനുബന്ധിച്ചാണ് മട്ടന്നൂർ പൊലീസ് സ്‌റ്റേഷൻ നിലവിൽ വരുന്നതെന്നാണ് ചരിത്രരേഖകളിൽ പറയുന്നത്. ജന്മിത്ത-നാടുവാഴിത്ത വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഒട്ടനവധി രക്തരൂക്ഷിത കലാപങ്ങൾ നടന്ന കാലമായിരുന്നു അത്. മട്ടന്നൂർ മധുസൂദനൻ തങ്ങളുടെ മുൻഗാമികളായ ജന്മികുടുംബത്തിലെ മൂന്നുപേർ അന്ന് കൊല്ലപ്പെട്ടിരുന്നു. കലാപക്കാരെ അമർച്ച ചെയ്യുന്നതിനായി ഔട്ട് പോസ്റ്റ് എന്ന നിലയിലാണ് ബ്രിട്ടീഷ് സർക്കാർ മട്ടന്നൂരിൽ പൊലീസ് സ്‌റ്റേഷൻ സ്ഥാപിച്ചത്. 1940 സെപ്തംബർ 15ന് കെ.പി.സി.സി ആഹ്വാന പ്രകാരം നടന്ന ദേശീയ പ്രതിഷേധ ദിനവും മട്ടന്നൂർ സ്‌റ്റേഷന്റെ ചരിത്രത്തിൽ പ്രധാനമാണ്. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയ സമരക്കാരും പൊലീസുമായി ഏറ്റുമുട്ടലുണ്ടാകുകയും രാമൻനായർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തു. പഴശി രക്തസാക്ഷികളിൽ പ്രധാനിയായ വി. അനന്തന്റെ മൃതദേഹം മട്ടന്നൂർ സ്റ്റേഷനിലെത്തിച്ചിരുന്നതായും പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |