പയ്യന്നൂർ: നൂറ്റാണ്ടുകൾക്ക് മുന്നെ തുടർന്നുവരുന്ന ആചാരം ഇന്നും മുറതെറ്റാതെ കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ നടന്നു. പത്താമുദയ അടിയന്തിരത്തോടനുബന്ധിച്ച്, പെരുമ്പ തായത്ത് വയലിലെ ചേടമ്പത്ത്, കണ്ടോത്ത് കിഴക്കെ കൊവ്വലിലെ ചെറുകിണിയൻ എന്നീ തറവാട്ടുകാർ, ചാണകമെഴുകിയ കൊട്ടയിൽ നെല്ലും നെൽവിത്ത് പൊതിയും ആചാര പെരുമയിൽ ക്ഷേത്രത്തിലെ പൂലിൻ കീഴിൽ ദൈവത്തിന്റെ ശ്രീകോവിലിന് മുൻപിൽ സമർപ്പിച്ചു.
അയിത്തം നിലനിന്നിരുന്ന കാലത്ത് ക്ഷേത്രത്തിൽ നിന്നും അകലെയുണ്ടായിരുന്ന ഒരു തറയിലാണ് ഈ ആചാരം നടന്നിരുന്നതെന്നും ചിറക്കൽ രാജാവിന്റെ ക്ഷേത്രപ്രവേശന വിളംബര ശേഷമാണ് ക്ഷേത്ര തിരുമുറ്റത്ത് ആക്കിയതെന്നും പൂർവ്വികർ പറയുന്നു.
ക്ഷേത്ര തിരുമുറ്റത്ത് സമർപ്പിച്ച നെല്ലും വിത്തും ക്ഷേത്രം അന്തിത്തിരിയൻ മഞ്ഞക്കുറിയിട്ട് ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ക്ഷേത്ര കൂട്ടായിക്കാർക്കും സമുദായിമാർക്കും കൈമാറി. തുടർന്ന് അന്തിത്തിരിയനും സ്ഥാനികരും ക്ഷേത്ര തിടപ്പള്ളിയിൽ വെച്ച് ഉണ്ടാക്കിയ ഉണക്കലരി കഞ്ഞിയും ക്ഷേത്രത്തിലെ ദേവീദേവൻമാർ കളിയാട്ട സമാപനം ദിവസം അന്തിത്തിരിയന്, തങ്ങളുടെ ഭക്തർ വന്നാൽ നൽകാൻ ഏൽപ്പിച്ച മഞ്ഞക്കുറിയും ഇരു തറവാട്ടുകാർക്കും നൽകി യാത്രയാക്കി. ഇരു സമുദായക്കാരും ക്ഷേത്രത്തിൽ നിന്ന് നൽകിയ കുറിയും മറ്റും തങ്ങളുടെ തറവാട്ട് ദൈവങ്ങൾക്ക് മുൻപിലും പൂർവ്വികർക്കും സമർപ്പിച്ച ശേഷം തറവാട്ടംഗങ്ങൾക്ക് വിതരണം ചെയ്തതോടെയാണ് ചടങ്ങുകൾ പൂർത്തിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |