ബക്കളം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന നടപ്പാതകൾ വൈദുതി തൂണുകൾ കൈയടക്കിയത് കാൽനട യാത്രക്കാർക്ക് ഭീഷണിയാകുന്നു. കുറ്റിക്കോൽ പാലം മുതൽ ധർമ്മശാല വരെയാണ് നിലവിൽ സർവീസ് റോഡരികിൽ നടപ്പാതയുടെ നിർമ്മാണം പുരോഗമിക്കുന്നത്. ഇതിൽ കുറ്റിക്കോൽ മുതൽ ബക്കളം ടൗൺ വരെ നിർമ്മാണം ഭൂരിഭാഗവും പൂർത്തിയായി കഴിഞ്ഞപ്പോഴാണ് ഈ പ്രയാസം ശ്രദ്ധയിൽപെടുന്നത്.
കുറ്റിക്കോൽ മുതൽ ബക്കളം വരെ സർവീസ് റോഡിന്റെ ഇരുഭാഗത്തുമുള്ള നടപ്പാതയുടെ മദ്ധ്യഭാഗത്താണ് വൈദുതി തൂണുകൾ ഉള്ളത്. ഇതിൽ ബക്കളം ടൗണിന്റെ വടക്ക് ഭാഗത്തെ വീതി കുറഞ്ഞ നടപ്പാത പൂർണമായും വൈദൂതി തൂൺ കൈയടക്കിയനിലയിലാണ്. കാൽനട യാത്രക്കാർക്ക് നടപ്പാതയിൽ കൂടി നടക്കാനാകാതെ താഴെ ഇറങ്ങി തിരക്കേറിയ പാതയിൽ ഇറങ്ങി മാത്രമേ മുന്നോട്ടു പോകാനാകൂ. പോസ്റ്റിനോടനുബന്ധിച്ച് പല സ്ഥലത്തും കെ. ഫോൺ അടക്കമുള്ളവയുടെ കേബിളുകളും തൂങ്ങി കിടക്കുന്നത് അപകടസാദ്ധ്യത കൂട്ടും. നടപ്പാതയിൽ നിന്നിറങ്ങി ഓവുചാലിന്റെ മുകളിലൂടെ നടക്കുന്നതിനിടയിലാണ് കഴിഞ്ഞദിവസം ബക്കളത്ത് ബസിടിച്ച് ഒരു വ്യാപാരി മരണപ്പെട്ടത്.
നടപ്പാതയെന്ന് വൈദ്യുതി വകുപ്പ് അറിഞ്ഞില്ല
ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന സർവീസ് റോഡരികിൽ ഓവുചാലുകളും കഴിഞ്ഞ് ഒരു മീറ്റർ വീതിയിലാണ് നടപ്പാത നിർമ്മിക്കുന്നത്. ദേശീയപാത നിർമ്മാണം തുടങ്ങുമ്പോൾ തന്നെ വൈദുതി തൂണുകൾ പഴയപാതയിൽ നിന്നും മാറ്റി പുതിയ പാതയുടെ അരികിൽ സ്ഥാപിച്ചിരുന്നു. എന്നാൽ ആ സ്ഥലം പൂർണമായും നടപ്പാതയാണെന്ന കാര്യം വൈദ്യുതി വകുപ്പിനെ ദേശീയപാത അധികൃതർ അറിയിച്ചിരുന്നില്ലെന്ന് പറയുന്നു. തൂണുകൾ മാറ്റുമ്പോൾ തന്നെ പ്രശ്നം തിരിച്ചറിഞ്ഞിരുന്നെങ്കിൽ കുരുക്ക് ഒഴിവാക്കാമായിരുന്നു എന്നാണ് ഇപ്പോൾ പലരും പറയുന്നത്. അതേസമയം ഓവു ചാൽ കഴിഞ്ഞ് ഒരു മീറ്റർ വീതിയിൽ നടപ്പാത വേണമെന്ന് പദ്ധതി രേഖയിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും താഴെ ബക്കളം അടക്കമുള്ള സ്ഥലങ്ങളിൽ നടപ്പാതകൾക്ക് സ്ഥലം വിട്ടുനൽകാതെ സ്വകാര്യവ്യക്തികളുടെ നിർമ്മാണങ്ങൾ നിലനിൽക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |