ചെറുവത്തൂർ: വെടിക്കെട്ട് അപകടത്തിൽ ഇന്നലെ മരണമടഞ്ഞ തുരുത്തി ഓർക്കുളത്തെ പുഷ്പരാജിന്റെയും ഷീബയുടെയും മകനും ചെന്നൈയിൽ വിദ്യാർത്ഥിയുമായ ഷിബിൻ രാജിന് (19) നാടിന്റെ കണ്ണീർ പ്രണാമം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കോട്ടപ്പുറം കായലിൽ നടത്തുന്ന വള്ളംകളി കാണാൻ എത്തിയ ഷിബിൻ രാജ് സുഹൃത്തുക്കളുടെ കൂടെ അമ്പലത്തിൽ വെള്ളാട്ടം കാണാൻ പോയപ്പോൾ ആണ് അപ്രതീക്ഷിതമായി വെടിക്കെട്ട് ദുരന്തത്തിൽ അകപ്പെട്ടത്. ഒരാഴ്ച ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് ഷിബിൻരാജിനെ മരണം തട്ടിയെടുത്തത്.
നേരത്തെ വള്ളംകളിയിൽ തുഴഞ്ഞിട്ടുള്ള പരിചയം വെച്ചാണ് ഷിബിൻ ആവേശത്തോടെ നാട്ടിലെത്തിയത്.എന്നാൽ വെടിമരുന്ന് ദുരന്തത്തിന്റെ രൂപത്തിൽ മരണം ഈ യുവാവിനെ പിടികൂടുകയായിരുന്നു.വെടിക്കെട്ട് സ്ഥലത്ത് നിന്നുംരക്ഷപ്പെടാൻ കഴിയാതെ തീഗോളം ഷിബിൻരാജിനെയും പിടികൂടുകയായിരുന്നു. യുവാവിന്റെ സുഹൃത്തുക്കളിൽ ചിലരും ആശുപത്രിയിൽ കഴിയുന്നുണ്ട്.
ഇന്നലെ വൈകുന്നേരം തുരുത്തിയിൽ എത്തിച്ച മൃതദേഹം എ.കെ.ജി ക്ലബിൽ പൊതുദർശനത്തിന് വച്ചപ്പോൾ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയവരും കളിക്കൂട്ടുകാരും നാട്ടുകാരും കണ്ണീർപ്രണാമമർപ്പിച്ചു . വൈകുന്നേരം അഞ്ചേമുക്കാൽ മണിക്കാണ് ഭൗതികശരീരം വീട്ടിലേക്ക് എടുത്തത്. മുതിർന്ന സി.പി.എം നേതാവ് .പി പി.കരുണാകരൻ, എൽ.ഡി.എഫ് കൺവീനർ കെ.പി.സതീഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി. പി.മുഹമ്മദ് റാഫി, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി വി.പ്രമീള, വൈസ് പ്രസിഡന്റ് പി.വി. രാഘവൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധി ടി.വി.ബാലൻ, സി പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി പ്രഭാകരൻ,പി.ജനാർദ്ദനൻ,ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ, എൻ.സി പി ജില്ലാ പ്രസിഡന്റ് കരീം ചന്തേര, കെ.സുധാകരൻ, ഇ.കുഞ്ഞിരാമൻ, ജയചന്ദ്രൻ അച്ചാംതുരുത്തി, എ.അമ്പൂഞ്ഞി, ടി.നാരായണൻ, ടി.വി.കൃഷ്ണൻ, കെ.വി.കൃഷ്ണൻ, ബി.ജെ.പി നേതാവ് എ കെ ചന്ദ്രൻ, റഫീഖ് കോട്ടപ്പുറം, തീയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജില്ലാ പ്രസിഡന്റ് പി.സി വിശ്വംഭരൻ പണിക്കർ, തീയ്യ ക്ഷേമസഭ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് തുരുത്തി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |