കണ്ടെത്തിയത് കരിന്തളം പാത്തടുക്കത്ത്
കരിന്തളം: മഹാശില കാലഘട്ടത്തിലെ ചരിത്ര ശേഷിപ്പുകളായ ചെങ്കല്ലറകളിൽ ഏറെ വ്യത്യസ്തത പുലർത്തുന്ന ഒറ്റത്തൂൺ ചെങ്കല്ലറ കിനാനൂർ കരിന്തളം പഞ്ചായത്തിലെ പാത്തടുക്കത്ത് കണ്ടെത്തി. ചരിത്ര ഗവേഷകൻ ഡോ.നന്ദകുമാർ കോറോത്ത്, പ്രാദേശിക പുരാവസ്തു ഗവേഷകൻ സതീശൻ കാളിയാനം എന്നിവർ നടത്തിയ നിരീക്ഷണത്തിലാണ് പാത്തടുക്കത്തെ ഇ.വി.രാധയുടെ പറമ്പിൽ മഹാശിലാ കാലഘട്ടത്തിലെ ചരിത്ര ശേഷിപ്പായ ചെങ്കല്ലറയാണിതെന്ന് സ്ഥിരീകരിച്ചത്.
അമ്പതിലധികം വർഷം മുമ്പെ നിധിവേട്ടക്കാർ കവാടത്തിലെ അടപ്പ് നശിപ്പിച്ച നിലയിയിലാണ്.സാധാരണ കാണാറുള്ള ചെങ്കല്ലറകളിൽ നിന്ന് വ്യത്യസ്തമായി മദ്ധ്യത്തിൽ ഒരു തൂണോടു കൂടി ഉൾഭാഗത്ത് വൃത്താകൃതിയിലാണ് ചെങ്കല്ലറ കൊത്തിയുണ്ടാക്കിയത്. ഒരടി വ്യാസത്തിൽ ചെങ്കല്ല് വൃത്താകൃതിയിൽ കൊത്തിയെടുത്ത തൂണിന് നാലടി ഉയരമുണ്ട്. കവാടത്തിന് ഒന്നരയടി വീതിയും മൂന്നടി ഉയരവും. കവാടത്തിലും ചെങ്കല്ലറയുടെ ഉൾഭാഗത്തും ഒന്നരയടിയിലേറെ മണ്ണ് ഒലിച്ചു വന്ന് കിടക്കുന്നുണ്ട്. മണ്ണിനു മുകൾഭാഗത്ത് മൺപാത്രങ്ങളുടെ അവശിഷ്ടങ്ങൾ വിതറി കിടക്കുന്നുണ്ട്.
മദ്ധ്യത്തിൽ തൂൺ
കരിന്തളം ഉമിച്ചിപ്പൊയിലിലും തെക്കൻ ബങ്കളത്തും ഒറ്റത്തൂണോട് കൂടിയ ചെങ്കല്ലറ ഉണ്ടെങ്കിലും അവയിൽ തൂണുകൾ മുകളിൽ മധ്യഭാഗത്തല്ല . മുകൾ ഭാഗത്ത് വൃത്താകൃതിയിലുള്ള ദ്വാരമുണ്ടെന്നതും പാത്തടുക്കത്തെ ചെങ്കല്ലറയെ വ്യത്യസ്തമാക്കുന്നു. തൂണോടു കൂടിയതും അല്ലാത്തതുമായി നൂറ്റമ്പതിലധികം ചെങ്കല്ലറകൾ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും പാത്തടുക്കത്തെ ചെങ്കല്ലറ മാത്രമാണ് മധ്യഭാഗത്ത് വൃത്താകൃതിയിൽ ദ്വാരമില്ലാതെയുള്ള ഒറ്റത്തൂൺ ചെങ്കല്ലറയായി കണ്ടെത്തിയിട്ടുള്ളത്.
പഠനം വേണം
മഹാശിലാ കാലഘട്ടത്തിലെ സംസ്‌കാരത്തിന്റെ ശേഷിപ്പുകളായ ചെങ്കല്ലറകളിൽ വിശ്വാസത്തിന്റെ ഭാഗമായി മൂന്നും നാലും കാലോടു കൂടിയ മൺപാത്രങ്ങൾ നിക്ഷേപിക്കാറുണ്ട്. മുകളിൽ കാണുന്ന ദ്വാരത്തെ വിശ്വാസത്തിന്റെ ഭാഗമായി ചരിത്രകാരൻമാർ ബന്ധപ്പെടുത്താറുണ്ടെങ്കിലും മുകളിൽ ദ്വാരമില്ലാത്ത പാത്തടുക്കത്തും കൂടോലിലുമുള്ള ചെങ്കല്ലറകൾ മുൻ നിഗമനങ്ങൾ പുനപരിശോധിക്കേണ്ട ആവശ്യകതയെ സൂചിപ്പിക്കുന്നതായി ഗവേഷകർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |