SignIn
Kerala Kaumudi Online
Saturday, 27 April 2024 8.14 AM IST

കൃഷിയിൽ സ്വയംപര്യാപ്തത നേടി കർഷകസംഘം പിറന്ന മണ്ണ്

mayyil
മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയും പഞ്ചായത്തിലെ വിവിധ ഗ്രന്ഥാലയയങ്ങളും ചേർന്ന് നടപ്പിലാക്കുന്ന 'ഒരു പിടി വിത്ത് ഒരു മുറം നെല്ല് ' കരനെൽകൃഷി വ്യാപന പദ്ധതിയുടെ വാർഡ് തല വിത്തിടൽ

ഇന്ത്യയിൽ ആദ്യമായി കർഷകർക്ക് സംഘടിക്കാനും ശബ്ദിക്കാനും വേദിയൊരുക്കിയ കർഷകസംഘം പിറന്നത് പാടിക്കുന്നിലാണ്. കെ.എ. കേരളീയന്റെയും വിഷ്ണുഭാരതീയന്റെയും നേതൃത്വത്തിൽ 1935 ൽ രൂപീകരിച്ച കർഷക സംഘടനയാണ് സമരങ്ങളെ തീക്ഷ്ണമാക്കിയത്. ഭരണകൂടത്തിന്റെ ആജ്ഞ നടപ്പിലാക്കുന്നതിനായി ഒട്ടേറെ സൈനിക ക്യാമ്പുകൾ ഈ മേഖലയിൽ സ്ഥാപിച്ചിരുന്നു.

പൊലീസ്, ജന്മി കൂട്ടുകെട്ടിന്റെ തേർവാഴ്ചയ്ക്കെതിരെ പൊരുതിയതിന്റെ പേരിൽ മൂന്ന് കമ്മ്യൂണിസ്റ്റ് പോരാളികളെ പാടിക്കുന്നിന്റെ നിറുകയിൽ കൊണ്ടുവന്ന് നിരത്തിനിർത്തി വെടിവെച്ചുകൊന്നത് 1950 മേയ് മൂന്നിന് അർദ്ധരാത്രിയാണ്. അവരുടെ ചോര വീണ ഈ കുന്നിന് രക്തസാക്ഷിക്കുന്ന് എന്നും പേരുണ്ട്. രക്തസാക്ഷികളുടെ സ്മൃതികുടീരം കുന്നിന്റെ ഏറ്റവും മുകളിൽ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു.
പാടിക്കുന്ന് രക്തസാക്ഷിത്വം സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ സമരസംഭവങ്ങളിൽ വേറിട്ടു നിൽക്കുന്ന ഒന്നാണ്. വെടിവെച്ചു കൊല്ലുവാൻ മാത്രമായി കള്ളജാമ്യത്തിലെടുത്തും കള്ളക്കേസ് ചുമത്തിയും മൂന്നുപേരെ കൊണ്ടുവന്ന് നിരത്തി നിർത്തി വധിച്ച സംഭവം ചരിത്രത്തിൽ തന്നെ അപൂർവ്വമാണ്.


പ്രചോദനമായി മയ്യിൽ മോഡൽ

പാടിക്കുന്നിൽ നിന്നു ഒരു വിളിപ്പാടകലെയുള്ള മയ്യിൽ ഗ്രാമം കാർഷിക മുന്നേറ്റത്തിന്റെ പുതിയ ചരിത്രമെഴുതുകയാണ്.

മയ്യിൽ പഞ്ചായത്തുകാർക്ക് ഇനി പുറത്തുനിന്ന് അരി വാങ്ങേണ്ടി വരില്ലെന്ന് പറയുമ്പോൾ ഇവിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകും.

വിത്തുമുതൽ വിപണിവരെ കർഷകനെ പങ്കാളിയാക്കിയുള്ള പുതിയ കാർഷിക മാനേജ്‌മെന്റാണ് ഇവിടെയുള്ളത്. മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയാണ് പുതിയ കാർഷിക വിപ്ളവത്തിന് തുടക്കമിട്ടത്. പഞ്ചായത്തിലെ 73 വീടുകളിൽ മിനി റൈസ് മില്ലുകൾ ഇപ്പോൾ നിലവിലുണ്ട്. ഇവയുടെ എണ്ണം വർദ്ധിപ്പിക്കുന്നതോടൊപ്പം അരി ഉത്പാദനം വ്യാപകമാക്കും. മണ്ണറിഞ്ഞും വിത്തറിഞ്ഞും വിപണിയറിഞ്ഞുമുള്ള 'മയ്യിൽ മോഡൽ' നെൽകൃഷി രാജ്യത്തിനാകെ പ്രചോദനമെന്ന് വിശേഷിപ്പിച്ചത് നബാർഡാണ്. ആ മാതൃക ഇന്നും തുടരുകയാണ് മയ്യിൽ പഞ്ചായത്ത്.

സംസ്ഥാനത്തെ ആദ്യ സമ്പൂർണ തരിശുരഹിത പഞ്ചായത്തായി തലയുയർത്തി നിൽക്കുകയാണ് ഇപ്പോൾ മയ്യിൽ പഞ്ചായത്ത്. ശ്രേയസ്, ഉമ, ജ്യോതി, വെള്ളരിയൻ, പൗർണമി, ഭദ്ര തുടങ്ങിയ നെൽവിത്തുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. കാർഷിക സർവ്വകലാശാലയിലെ വിദഗ്ധരുടെ നിർദ്ദേശമനുസരിച്ചാണ് വിത്തിറക്കലും കൊയ്ത്തും നടത്തുന്നത്. വിത്തിറക്കൽ മുതൽ വിപണനം വരെ കർഷകരെ പങ്കാളികളാക്കുന്ന പ്രക്രിയ ഒരു പക്ഷെ മറ്റു പഞ്ചായത്തിലുണ്ടോ എന്നു സംശയമാണ്. പ്രളയവും വരൾച്ചയും തൊട്ടുപിന്നാലെ കൊവിഡും വന്നിട്ടും മയ്യിൽ കുലുങ്ങിയില്ല. സ്വയം പര്യാപ്തതയിൽ വിട്ടുവീഴ്ച ഈ നാടിനില്ലെന്ന് ചുരുക്കം.


കരനെൽ കൃഷിയിലും കൈയൊപ്പ്

കരനെൽ കൃഷി മുന്നേറ്റത്തിന് നിലമൊരുക്കുകയാണ് മയ്യിൽ ഗ്രാമപഞ്ചായത്ത്. 'സുഭിക്ഷകേരളം രണ്ടാം ഘട്ട'ത്തിന്റെ ഭാഗമായി 'കൊവിഡ് പ്രതിരോധം, കാർഷിക പുനർജനി' എന്ന പേരിൽ കരനെൽകൃഷി വ്യാപന പദ്ധതി നടപ്പാക്കുകയാണ്. മയ്യിൽ കൃഷി ഭവൻ, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ, കൃഷിവിജ്ഞാൻ കേന്ദ്രം, മയ്യിൽ നെല്ല് ഉത്പാദക കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കരഭൂമിയിലെ തരിശ്ശായിക്കിടക്കുന്ന മുഴുവൻ സ്ഥലങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും.

പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ധാന്യകൃഷികൾ, പച്ചക്കറി വിളകൾ, കിഴങ്ങുവർഗ കൃഷികൾ, പയർവർഗ കൃഷികൾ, ഇലക്കറിക്കനുയോജ്യമായ വിളകൾ, പഴവർഗകൃഷികൾ എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രത്യേക ഊന്നൽനൽകിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്-

കെ.കെ.റിഷ്ന, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മയ്യിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, AGRI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.