ചെറുകുന്ന്: വികസന പ്രവർത്തനങ്ങളിലെ വിടവുകൾ കണ്ടെത്തി പരിഹരിക്കാൻ വിപുലമായ വിവര ശേഖരണവുമായി ചെറുകുന്ന് ഗ്രാമ പഞ്ചായത്ത്. ഇന്നു മുതൽ അതിവിപുലമായ സാമൂഹിക സാമ്പത്തിക കണക്കെടുപ്പോടെയാണ് ഇതിന് തുടക്കം.
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ സഹകരണത്തോടെ ഹരിത കേരളം മിഷനുമായി കൈകോർത്ത് ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിലാണ് സർവ്വെ.
ഒരു വാർഡിൽ രണ്ട് അംഗങ്ങളുള്ള മൂന്ന് ടീമാണ് വിവര ശേഖരണം നടത്തുക. നവംബർ 10 വരെയാണ് വിവര ശേഖരണം. ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് വിപുലമായ വികസന പദ്ധതി രേഖ ജനവരി മാസത്തിൽ തയ്യാറാക്കും. അതോടൊപ്പം പതിനാലാം പഞ്ചവത്സര പദ്ധതി പ്രവർത്തനങ്ങൾക്കും ഈ വിവരശേഖരണത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തും.
ജില്ലയിൽ ഇത്തരമൊരു വിവര ശേഖരണ സർവ്വെ ഒരു പഞ്ചായത്ത് അടിസ്ഥാനമാക്കി നടത്തുന്നത് വർഷങ്ങൾക്കു ശേഷമാണ്. 2010 ൽ മലപ്പട്ടം പഞ്ചായത്തിലായിരുന്നു ഇത്തരമൊരു സർവ്വെ സംഘടിപ്പിച്ചിരുന്നത്. വിവര ശേഖരണത്തിനായി 78 എന്യുമറേറ്റർമാരെ കുടുംബശ്രീ സി.ഡി.എസ് വഴി കണ്ടെത്തി പരിശീലനം നൽകി. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് റിസർച്ച് ഓഫീസർമാരും വിദഗ്ദ്ധ സമിതിയിൽ ഉണ്ട്.സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡപ്പൂട്ടി ഡയറക്ടർ രജത്ത്, ഹരിത കേരളം ജില്ലാ മിഷൻ കോ ഓഡിനേറ്റർ ഇ.കെ സോമശേഖരൻ പഞ്ചായത്ത് ഭരണ സമിതി എന്നിവരടങ്ങിയ നേതൃസമിതിയും രൂപീകരിച്ചിട്ടുണ്ട്.
ശേഖരിക്കും 206 തരം വിവരങ്ങൾ
വീട്, ഭൂമി, വിദ്യാഭ്യാസം, തൊഴിൽ, കൊവിഡ് വാക്സിനേഷൻ, വാഹനം, വിവിധ കലകളിലുള്ള പ്രാവീണ്യം, മൊബൈൽ ഫോണിന്റെ ഉപയോഗം, ജീവിത ശൈലീ രോഗങ്ങൾ, വീട്ടുപകരണങ്ങൾ, കുടിവെള്ള ലഭ്യത, മാലിന്യ സംസ്കരണം, അന്വ സംസ്ഥാന തൊഴിൽ, വിദേശ തൊഴിൽ, നിത്യരോഗികളുടെ വിവരങ്ങൾ, കൃഷി, മൃഗസംരക്ഷണം, കൊവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടവർ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.
ഔദ്യോഗിക ആവശ്യത്തിന് മാത്രം
ശേഖരിക്കുന്ന വിവരങ്ങൾ പഞ്ചായത്തിന്റെയും സർക്കാർ വകുപ്പുകളുടെയും ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ.
ശുചിത്വം കൃഷി, തൊഴിൽ, ജല സംരക്ഷണവും ഉപയോഗവും, ടൂറിസം എന്നീ മേഖലകളിൽ മുൻഗണന നൽകി പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സമഗ്ര പദ്ധതി തയ്യാറാക്കുവാൻ ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
ടി. നിഷ, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |