കാസർകോട് : ജീവനക്കാർക്കും പെൻഷൻകാർക്കും ഇനി ധൈര്യമായി ആശുപത്രികളിൽ ചികിത്സ തേടാം. കുറഞ്ഞ പ്രീമിയം തുകയിൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകുന്നതിലൂടെ മെഡിസെപ് പദ്ധതി വലിയ ആശ്വാസമാണ് പകരുന്നത്. പദ്ധതി ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ ഇൻഷുറൻസ് കമ്പനി ജില്ലയിൽ അനുവദിച്ചത് അടച്ച പ്രീമിയം തുകയുടെ ഇരട്ടിയോളം രൂപ.
പെൻഷൻകാരും ജീവനക്കാരുമുൾപ്പെടെ 31670 പേരാണ് ജില്ലയിലെ മെഡിസെപ് ഗുണഭോക്താക്കൾ. ഇവരിൽ നിന്ന് പ്രീമിയം തുകയായി 31ലക്ഷത്തിൽപ്പരം രൂപ ഈടാക്കിയപ്പോൾ രണ്ട് മാസത്തിനുള്ളിൽ ജില്ലയിലെ 164പേർക്കായി ഇൻഷുറൻസ് കമ്പനി ഇതിനകം അനുവദിച്ചത് 51.38ലക്ഷം രൂപ. ജില്ലയിൽ എട്ട് സ്വകാര്യ ആശുപത്രികളിലും ആറ് സർക്കാർ ആശുപത്രികളിലുമാണ് മെഡിസെപ് സേവനം ലഭ്യമാകുന്നത്. കൂടാതെ മംഗളൂരുവിലെ കെ.എസ്.ഹെഗ്ഡെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സാ സൗകര്യമുണ്ട്.
പരാതികൾക്ക് ഇടവരുത്താതെ മെഡിസെപ് സേവനം ഉറപ്പുവരുത്തുന്നതിനും പരാതികൾ പരിഹരിക്കാനുമുള്ള സമിതിയും ജില്ലയിലുണ്ട്. ജില്ലയിൽ മെഡിസെപ് പദ്ധതിക്കായി നോഡൽ ഓഫീസറെയും നിയമിച്ചിട്ടുണ്ട്. ഏത് സംശയങ്ങൾക്കും മെഡിസെപ് ഗുണഭോക്താക്കൾക്ക് നോഡൽ ഓഫീസറെ ബന്ധപ്പെടാം. ഫോൺ 7994665210, 7736799929.
നേട്ടങ്ങൾ നിരവധി
ആശുപത്രിയിൽ 24മണിക്കൂറിലധികം സമയം കിടത്തിചികിത്സ നടത്തുന്നത് മുതൽ മെഡിസെപ് ആനുകൂല്യത്തിന് അർഹത നേടുന്നുവെന്നതും പദ്ധതിയുടെ നേട്ടമാണ്. വിദഗ്ധ ചികിത്സ ആവശ്യമാകുമ്പോഴും സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുന്നുവെന്നതും നേട്ടമാണ്. പദ്ധതി പ്രകാരം എല്ലാ വർഷവും മൂന്ന് ലക്ഷം രൂപ വരെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. ഗുരുതരമായ രോഗങ്ങളുടെ കാര്യത്തിൽ ഉയർന്ന തുക അനുവദിക്കും. ആദ്യ വർഷത്തിൽ ക്ലെയിം ചെയ്യാത്ത തുകയിൽ നിന്ന് 1.5 ലക്ഷം രൂപ വരെ അടുത്ത വർഷത്തേക്ക് കൊണ്ടുപോകാമെന്നതും മെഡിസെപ് പദ്ധതിയുടെ നേട്ടമാണ്. അംഗീകൃത പട്ടികയിൽ 1,920 രോഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള 15 ദിവസത്തെ ചെലവുകളും പദ്ധതിക്ക് കീഴിൽ ക്ലെയിം ചെയ്യാമെന്നതും ഏറെ ഗുണകരമാണ്.
ജില്ലയിലെ സ്വകാര്യ ആശുപത്രികൾ
1.അരമന ആശുപത്രി കാസർകോട്
2.മാലിക്ദീനാർ ആശുപത്രി കാസർകോട്
3.കിംസ് സൺറൈസ് ആശുപത്രി കാസർകോട്
4.ഇ.കെ.നായനാർ സ്മാരക സഹകരണ ആശുപത്രി, ചെങ്കള കാസർകോട്
5.കുമ്പള സഹകരണ ആശുപത്രി
6.സിറ്റി ആശുപത്രി(സൺറൈസ്) കാഞ്ഞങ്ങാട്
7.ശശിരേഖ ആശുപത്രി കാഞ്ഞങ്ങാട്
8.കെ.എ.എച്ച്.എം ആശുപത്രി കാഞ്ഞങ്ങാട്
സർക്കാർ ആശുപത്രികൾ
1.ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്
2.ജനറൽ ആശുപത്രി കാസർകോട്
3.താലൂക്ക് ആശുപത്രി നീലേശ്വരം
4.താലൂക്ക് ആശുപത്രി ബേഡഡുക്ക
5.താലൂക്ക് ആശുപത്രി പനത്തടി
6.താലൂക്ക് ആശുപത്രി തൃക്കരിപ്പൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |