SignIn
Kerala Kaumudi Online
Saturday, 27 April 2024 8.45 AM IST

ദാവീദാകാൻ പാർട്ടി നിയോഗിച്ചത് പലകുറി; തട്ടകത്തിലെ വീഴ്ച 'തിരക്കഥ"

pacheni
സതീശൻ പാച്ചേനിയുടെ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ എത്തിയ മുല്ലപ്പള്ളി രാമചന്ദ്രൻ, പി.ടി.മാത്യു, കെ.സുധാകരൻ കെ.പി.സി.സി. പ്രസിഡന്റ്, എംഎൽഎമാരായ സണ്ണി ജോസഫ് സജീവ് ജോസഫ്, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് തുടങ്ങിയവർ.

കണ്ണൂർ: 2009 ലെ ലോക് സഭാ തിരഞ്ഞെടുപ്പ്. പാലക്കാട് മത്സരിക്കാൻ കോൺഗ്രസ് നിയോഗിച്ചത് സതീശൻ പാച്ചേനിയെ. പാലക്കാട് കണ്ട പരിചയം പോലും സതീശനില്ലായിരുന്നു. എങ്കിലും 44 കാരനായ സതീശൻ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. പാലക്കാടുകാരൻ കൂടിയായ എം.ബി. രാജേഷിനോടായിരുന്നു മത്സരം. വെറും 1800 വോട്ടിനാണ് സതീശൻ പരാജയപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ കടന്നപ്പള്ളിയോട് സതീശൻ പരാജയപ്പെട്ടത് 1756 വോട്ടിനും.

കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ടു പോയതാണ് പാച്ചേനിയുടെ പല വിജയ മുഹൂർത്തങ്ങളും. ആറുതവണ മത്സരിച്ചിട്ടും വിജയം തുണച്ചില്ല. പക്ഷെ സതീശൻ തളർന്നില്ല. ഓരോ തിരഞ്ഞെടുപ്പ് ഫലവും തന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകരും കർഷക തൊഴിലാളികളുമായ പരേതനായ പാലക്കീൽ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശൻ എന്ന സതീശൻ പാച്ചേനി ജനിച്ചത്.

പാച്ചേനി സർക്കാർ എൽ.പി സ്‌കൂളിൽ പ്രാഥമിക പഠനത്തിനു ശേഷം ഇരിങ്ങൽ യുപി സ്‌കൂൾ, പരിയാരം സർക്കാർ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. കണ്ണൂർ എസ്.എൻ കോളജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടി. കണ്ണൂർ സർക്കാർ പോളിടെക്‌നിക്കിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമയും നേടി.

അടിയന്തരാവസ്ഥയുടെ ദുരുപയോഗത്തിനെതിരെ 1977–78 ലെ ഗുവാഹത്തി എ.ഐ.സി.സി സമ്മേളനത്തിൽ എ.കെ.ആന്റണി നടത്തിയ പ്രസംഗമാണ് സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന പാച്ചേനിയെ കോൺഗ്രസിലേക്ക് ആകർഷിച്ചത്. എ.കെ.ആന്റണി മുന്നോട്ടു വച്ച മൂല്യാധിഷ്ഠിത രാഷ്ട്രീയത്തോടുള്ള ആദരവ് സ്‌കൂൾ കാലയളവിൽ കെ.എസ്‌.യുവിൽ അണിചേരാൻ പ്രേരണയായി. പരിയാരം ഹൈസ്‌കൂൾ പഠിക്കുമ്പോൾ ആദ്യമായി രൂപീകരിക്കപ്പെട്ട കെ.എസ്‌.യു യൂണിറ്റിന്റെ പ്രസിഡന്റായി. പിന്നീട് കണ്ണൂർ പോളിടെക്‌നിക്കിലും കെ.എസ്‌.യു യൂണിറ്റ് പ്രസിഡന്റായി. കെ.എസ്‌.യു താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി എന്നിങ്ങനെ 1999 ൽ സംസ്ഥാന പ്രസിഡന്റ് വരെയായി. കണ്ണൂരിൽ നിന്ന് കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റായ ഒരേയൊരു നേതാവ് കൂടിയായിരുന്നു അദ്ദേഹം.

കോൺഗ്രസായതിന് തറവാട്ടിൽ നിന്ന് പുറന്തള്ളി,​ റേഷൻ കാർഡ് വെട്ടി

തളിപ്പറമ്പിലെ കമ്യൂണിസ്റ്റ് ഗ്രാമത്തിൽ അടിയുറച്ച ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു പാച്ചേനിയുടെ ജനനം. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം പടർന്നുകയറിയത് വലതുപക്ഷം ചേർന്നും. ഏറെ കോളിളക്കം സൃഷ്ടിച്ച മാവിച്ചേരി കേസിൽ ഉൾപ്പെടെ നിരവധി കർഷക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പാച്ചേനി ഉറുവാടന്റെ പേരമകനാണ് സതീശൻ.

കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും കൂലിത്തൊഴിലാളിയുമായ പാലക്കീൽ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായിരുന്നു സതീശൻ. കടുത്ത കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ ഏക കെ.എസ്‌.യുക്കാരന് അതുകൊണ്ടുതന്നെ പതിനാറാം വയസ്സിൽ തറവാട്ടിൽ നിന്ന് പടിയിറങ്ങേണ്ടിവന്നു. റേഷൻ കാർഡിൽ നിന്ന് പേരും വെട്ടി.പക്ഷെ അതിലൊന്നും പാച്ചേനി തളർന്നില്ല. കോൺഗ്രസായാൽ കയറിക്കിടക്കാൻ വീടും പഠിക്കാൻ പണവും കിട്ടില്ലെന്നായിട്ടും തന്റെ തീരുമാനത്തിൽ നിന്നു പിൻമാറിയുമില്ല.തളിപ്പറമ്പിൽ സ്കൂളിൽ തന്നെ പഠിപ്പിച്ച എം.വി.ഗോവിന്ദനെതിരെ മത്സരിച്ചതും കോൺഗ്രസ് രാഷ്ട്രീയത്തോടുള്ള സതീശന്റെ ആഴമേറിയ അടുപ്പം കൊണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.