കുഞ്ഞിമംഗലം: ഖത്തർ രാജ്യം ഫിഫ വേൾഡ്കപ്പ് ഫുട്ബാളിന് ഒരുങ്ങുമ്പോൾ കുഞ്ഞിമംഗലത്ത് കാൽപന്ത് കളിയുടെ രാജാവ് ഡീഗോ മറഡോണയുടെ പൂർണ്ണകായ ശില്പം ഒരുങ്ങുന്നു. ഇന്ത്യയിലും വിദേശരാജ്യങ്ങളുമായി നിരവധി ശില്പങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായ ശില്പി ചിത്രൻ കുഞ്ഞിമംഗലം ആണ് മറഡോണയുടെയും ശില്പം നിർമ്മിച്ചത്. കണ്ണൂരിലെത്തിയപ്പോൾ മറഡോണ താമസിച്ച ഹോട്ടൽ ബ്ലൂ നൈലിലേക്ക് വേണ്ടിയാണ് ശില്പം നിർമ്മിച്ചത്. മറഡോണയുടെ കടുത്ത ആരാധകനായ ഹോട്ടൽ ബ്ലൂനൈൽ ചെയർമാൻ വി. രവീന്ദ്രൻ മറഡോണ കണ്ണൂരിൽ വന്നതിന്റെ ഓർമ്മയ്ക്കായിട്ടാണ് ശില്പം സ്ഥാപിക്കുന്നത്. ഹോട്ടലിൽ അദ്ദേഹം താമസിച്ചിരുന്ന റൂം ഇന്നും അതുപോലെ സംരക്ഷിച്ചുവരുന്നുണ്ട്.
മറഡോണയുടെ അതേ ഉയരത്തിൽ അഞ്ചടി അഞ്ചിഞ്ചിലാണ് ശില്പത്തിന്റെ നിർമ്മിതി. വേൾഡ് കപ്പ് മത്സരത്തിനായി കളിക്കുന്ന രീതിയിൽ അർജന്റീനയുടെ പത്താം നമ്പർ ജേഴ്സി അണിഞ്ഞ് ബാളുമായി മുന്നോട്ടുനീങ്ങുന്ന രീതിയിലാണ് ശില്പം. ഫുട്ബാളും യഥാർത്ഥ അളവിലാണ് നിർമ്മിച്ചത്.
ശില്പ നിർമ്മാണത്തിനായി മറഡോണ വേൾഡ് കപ്പ് കളിക്കുന്ന സമയത്തുള്ള യഥാർത്ഥ ഫോട്ടോയും വീഡിയോകളും ആണ് നിരീക്ഷിച്ചത്. ശില്പനിർമ്മാണം നേരിട്ടെത്തി കണ്ട് വി. രവീന്ദ്രൻ ആവശ്യമായ നിർദ്ദേശങ്ങൾ ചിത്രന് നൽകിയിരുന്നു. കെ. ചിത്ര, കെ.വി കിഷോർ, ശശികുമാർ, സുനീഷ്, അർജ്ജുൻ തുടങ്ങിയവർ സഹായികളായി. കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനാണ് ശില്പി ചിത്രൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |