കാസർകോട്: കുമ്പള കോയിപ്പാടി കടപ്പുറത്ത് കരയ്ക്കടിഞ്ഞ ബാരൽ ദുരൂഹത ഉയർത്തി. തീരദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് അധികൃതർ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി. കഴിഞ്ഞയാഴ്ച കേരളതീരത്ത് അപകടത്തിൽപ്പെട്ട കപ്പലിൽ നിന്ന് ഒഴുകിയെത്തിയതാണ് ബാരൽ എന്നാണ് സംശയം.
എച്ച്.എൻ.ഒ -3 എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ബാരലിൽ നൈട്രിക് ആസിഡാണെന്ന് സംശയിക്കുന്നു. ബാരലിന്റെ മുകളിലെ രാസനാമം കണ്ടാണ് നൈട്രിക് ആസിഡെന്ന നിഗമനത്തിൽ എത്തിയത്. ശ്വസിക്കുകയോ കൈകൊണ്ട് തൊടുകയോ ചെയ്താൽ ഗുരുതരമായ കുഴപ്പം സംഭവിക്കുന്നതാണ് ഇത്.
സുരക്ഷയുടെ ഭാഗമായി ബാരലുകൾ കണ്ടഭാഗത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ബാരലിന്റെ സമീപത്തേക്ക് ആരെയും കടത്തിവിടുന്നില്ല.ദുരന്ത നിവാരണ സേനയിലെയും പൊല്യൂഷൻ കൺട്രോൾ ബോർഡിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിങ്കളാഴ്ച രാവിലെ ബാരൽ പരിശോധിച്ച ശേഷം മാത്രമാണ് നീക്കം ചെയ്യുക.
ഞായറാഴ്ച രാവിലെയാണ് കടപ്പുറത്ത് നീലനിറത്തിലുള്ള അജ്ഞാത ബാരൽ ഒഴുകിയെത്തിയത്. കുമ്പള പൊലീസും കോസ്റ്റൽ പൊലീസും ഫയർഫോഴ്സും ഉടനടി സ്ഥലത്തെത്തിയിരുന്നു. അജ്ഞാത വസ്തുക്കളോ രാസപദാർത്ഥങ്ങളോ ഉള്ളതിനാൽ പൊട്ടിത്തെറിക്കാൻ സാദ്ധ്യത ഉള്ളതിനാലാണ് ആളുകൾ ബാരലിന് അടുത്തേക്ക് എത്തുന്നത് ഫയർഫോഴ്സും പൊലീസും തടഞ്ഞത്. രാസവസ്തുക്കളാണെങ്കിൽ ചോർന്നാലുള്ള അപകടം മുൻകൂട്ടി കണ്ട് സുരക്ഷാവലയം തന്നെ അധികൃതർ തീർത്തിരുന്നു.
എ.കെ.എം അഷ്‌റഫ് എം.എൽ.എ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കാസർകോട് എ.ഡി.എം അഖിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു. അതേസമയം അപകടത്തിൽപ്പെട്ട കപ്പലിൽ ഇതുപോലുള്ള ബാരലുകൾ ഉണ്ടായിരുന്നില്ലെന്നും ഇത്തരം ബാരലുകൾ കപ്പലുകളിൽ കൊണ്ടുപോകാറില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം കാസർകോട് എ.ഡി.എം സ്ഥിരീകരിച്ചതായി കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ ദിലീഷ് പറഞ്ഞു. ബാരലിന്റെ ഉള്ളടക്കം അറിഞ്ഞ്, സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതുവരെ കർശന നിരീക്ഷണത്തിൽ കടപ്പുറത്തു തന്നെ സൂക്ഷിക്കുമെന്ന് ഇൻസ്‌പെക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |