പുനലൂർ: ഒത്തിരി സ്വപ്നങ്ങളുമായാണ് ഒന്നര മാസം മുമ്പ് കരവാളൂർ സ്വദേശി സാജൻ ജോർജ് (29) കുവൈറ്റിലെത്തിയത്. ഈ മാസം 5ന് ആദ്യ ശമ്പളം വീട്ടിലേക്ക് അയച്ചു. അപകടം നടന്നതിന് തലേന്ന് രാത്രിയും പതിവുപോലെ സാജന്റെ ഫോൺ കോൾ മാതാപിതാക്കളായ ജോർജ് പോത്തനെയും വത്സമ്മയും തേടിയെത്തി.
മകന്റെ സന്തോഷം കണ്ട് ഉറങ്ങാൻ കിടന്ന അച്ഛനും അമ്മയും മണിക്കൂറുകൾക്ക് ശേഷം കേൾക്കുന്നത് കുവൈറ്റിലുണ്ടായ തീപിടിത്ത വാർത്തയാണ്. അപ്പോഴും തങ്ങളുടെ പൊന്നുമകൻ അപടകത്തിൽ പെട്ടുകാണല്ലേയെന്ന പ്രാർത്ഥനയിലായിരുന്നു കുടുംബം. ഉച്ച കഴിഞ്ഞതോടെയാണ് സാജന്റെ വിയോഗം വാഴവിള അടവള്ളൂർ സാജൻ വില്ലയിൽ എത്തുന്നത്.
നിമിഷങ്ങൾക്കുള്ളിൽ വീട് ജനക്കൂട്ടത്തിൽ മുങ്ങി. മാതാപിതാക്കളെ സമാധാനിക്കാനാകാതെ കണ്ടുനിന്നവരും വിങ്ങിപ്പൊട്ടി. എം-ടെക് ബിരുദധാരിയായ സാജൻ അടൂരിലെ സ്വകാര്യ എൻജി. കോളേജിൽ അസി. പ്രൊഫസറായി ജോലി ചെയ്യുന്നതിനിടെയാണ് എൻ.ബി.ടി.സി കമ്പനിയിൽ ജൂനിയർ കെമിക്കൽ എൻജിനിയറായി ജോലി കിട്ടുന്നത്. പഠന ശേഷം അഞ്ചലിന് സമീപത്തെ ഇടയം പോസ്റ്റ് ഓഫീസിൽ താത്കാലിക പോസ്റ്റ് മാസ്റ്ററായും ജോലി ചെയ്തിരുന്നു. പഠനത്തിൽ മികവ് പുലർത്തിയിരുന്ന സാജൻ സഹപാഠികൾക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു. സഹോദരി ആൻസി ഒന്നര മാസം മുമ്പാണ് ആസ്ട്രേലിയയിൽ ജോലിക്ക് പോയത്. സാജൻ കുവൈറ്റിൽ പോയ ശേഷം മാതാപിതാക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |