കൊല്ലം: കേരള തീരദേശ വികസന കോർപ്പറേഷൻ (കെ.എസ്.സി.എ.ഡി.സി) തയ്യാറാക്കുന്ന ഉണക്കമത്സ്യ ബ്രാൻഡ് 'ഡ്രഷി'ന് വിദേശത്തും ഡിമാൻഡ്. അടുത്തമാസം ഒരു വയസ് തികയുന്ന ബ്രാൻഡ്, ഇതിനോടകം 10 ലക്ഷം രൂപയുടെ വിദേശനാണ്യമാണ് നേടിത്തന്നത്.
നെത്തോലി, തെള്ളി കൊഞ്ച്, കണവ, സ്രാവ്, പരവ, വാള എന്നിവയാണ് കയറ്റുമതിയിൽ പ്രധാനം. ഇതിൽ തെള്ളി കൊഞ്ചിനും നെത്തോലിക്കുമാണ് 'ആരാധകർ' ഏറെയുള്ളത്. ഫിഷറീസ് വകുപ്പിന്റെ പിന്തുണയോടെ കോർപ്പറേഷൻ ആരംഭിച്ച ഉണക്കമീൻ സംസ്കരണ കേന്ദ്രം ശക്തികുളങ്ങരയിലാണ് പ്രവർത്തിക്കുന്നത്.
കാനഡ, ആസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി നടന്നത്. കൂടുതലും കാനഡയിലേക്ക്. സാങ്കേതിക തടസം കാരണം അഞ്ചുമാസത്തോളം മുടങ്ങിയ കയറ്റുമതി വീണ്ടും സജീവമാവുകയാണ്. യു.എസ്.എ, കാനഡ, ആസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്ന് 50 ലക്ഷം രൂപയുടെ (രണ്ടു കണ്ടെയ്നർ) ഓർഡർ ലഭിച്ചിട്ടുണ്ട്. ആഗസ്റ്റിൽ കയറ്റുമതി ആരംഭിക്കും. യു.എസ്.എയിലേക്ക് കയറ്റുമതിക്ക് മുന്നോടിയായി എഫ്.ഡി.എ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) സർട്ടിഫിക്കറ്റ് അടക്കം നേടാനുള്ള ശ്രമങ്ങൾ തുടങ്ങി. ഇന്ത്യയിലുടനീളം ഡ്രിഷിന് വിപണിയുണ്ട്.
ഗുണനിലവാരം കയറ്റുമതിക്ക് ചിറകായി
കണവ, കൊഞ്ച്, നെത്തോലി, പരവ, കിളിമീൻ, വാള തുടങ്ങി 12 ഇനം മത്സ്യങ്ങളാണ് സൗരോർജ്ജം ഉപയോഗിച്ച് സംസ്കരിക്കുന്നത്
മീനിന്റെ ഗുണനിലവാരം ഉറപ്പാക്കി മത്സ്യത്തൊഴിലാളികളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നു
ഉണക്കമീൻ കയറ്റുമതിക്ക് രാജ്യത്ത് സർക്കാർ തലത്തിൽ ആരംഭിച്ച പ്രഥമ സംരംഭം
'റെഡി ടു ഈറ്റ്' മത്സ്യ അച്ചാറുകളും 'റെഡി ടു കുക്ക്' ഉത്പന്നങ്ങളും വിപണിയിൽ
പ്രതിദിന സംസ്കരണം - 01 ടൺ
പ്രതിമാസം ആഭ്യന്തര വിറ്റുവരവ് ₹ 10 ലക്ഷം
മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഡ്രിഷ് ലഭ്യമാണ്. ഓൺലൈൻ വിൽപ്പനയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
കെ.എസ്.സി.എ.ഡി.സി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |