കൊല്ലം: ജില്ല രൂപീകൃതമായി 75 വർഷമായ പശ്ചാത്തലത്തിൽ നടത്തുന്ന ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി. സി.കേശവൻ സ്മാരക ടൗൺഹാളിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു.
അഭിമാനകരമായ ചരിത്രത്തിൽനിന്നുകൊണ്ട് മുന്നോട്ടുള്ള പ്രയാണമാണ് ആഘോഷകാലത്ത് ഉണ്ടാകേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലയിലും മികവിന്റെ അടയാളപ്പെടുത്തലുകൾ ജില്ല നടത്തിയിട്ടുണ്ട്. മതസൗഹാർദ്ദത്തിന്റെ മാതൃകയും പുലർത്തി. പ്രകൃതിവിഭവ സമ്പന്നതയും എടുത്തുപറയേണ്ട പ്രത്യേകതയാണ്. പ്രാദേശികമായ ഓർമ്മകളെ വീണ്ടെടുക്കാൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുൻകൈയെടുക്കണം. ഒരു ചരിത്ര മ്യൂസിയം തന്നെ സ്ഥാപിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
എം. മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായി. മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, മുൻ മന്ത്രി ജെ.മേഴ്‌സിക്കുട്ടിഅമ്മ, ജില്ലാ കളക്ടർ എൻ.ദേവിദാസ്, സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷൻ പ്രസിഡന്റ് സി.ഉണ്ണികൃഷണൻ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ, തെക്കുംഭാഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻ പിള്ള, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ, ഇന്ത്യൻ ബാങ്ക് സോണൽ മാനേജർ സാം സമ്പത്ത് യൂജിൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കലാസാംസ്‌കാരികസാമൂഹിക മേഖലകളിലെ പ്രമുഖർ, രാഷ്ട്രീയകക്ഷി നേതാക്കൾ, കായിക പ്രതിഭകൾ തുടങ്ങിയവർ പങ്കെടുത്തു.
സാംസ്‌കാരിക വകുപ്പ്, ജില്ലാ ശിശുക്ഷേമ സമിതി, എസ്.എൻ വനിതാകോളജ് എന്നിവടങ്ങളിലെ പ്രതിഭകൾ കലാപരിപാടികൾ അവതരിപ്പിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് കൊല്ലത്തിന്റെ ചരിത്രം ഉൾക്കൊള്ളിച്ച് നിർമ്മിച്ച ലഘു ഡോക്യുമെന്ററി പ്രകാശനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |