കൊല്ലം: സ്ഥിരമായി വൈകുകയും നേരത്തെ മുങ്ങുകയും ഓഫീസിൽ എത്താത്ത ദിവസങ്ങളിലെയും ഹാജർ രേഖപ്പെടുത്തുകയും ചെയ്യുന്ന ജില്ലയിലെ താലൂക്ക് ഓഫീസ് ജീവനക്കാർക്ക് വൈകാതെ പണി കിട്ടും. ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും സ്പെഷ്യൽ തഹസീൽദാർ ഓഫീസുകളിലും പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ പണം അനുവദിച്ചു.
ജില്ലയിലെ ആറ് താലൂക്ക് ഓഫീസുകളിലും സ്പെഷ്യൽ തഹസീൽദാർ ഓഫീസുകളിലും രണ്ട് മാസത്തിനകം പഞ്ചിംഗ് സംവിധാനം നിലവിൽ വരും. പൊതുജനങ്ങൾ വിവിധ ആവശ്യങ്ങളുമായി താലൂക്ക് ഓഫീസുകളിൽ രാവിലെ 10ന് എത്തുമ്പോൾ പല കസേരകളും ഒഴിഞ്ഞുകിടക്കുകയായിരിക്കും. സംഘടനാ പരിപാടികൾക്കും മറ്റും കൂട്ടത്തോടെ വൈകിട്ട് നേരത്തെ മുങ്ങും. സംഘടനാ നേതാക്കൾ പല ദിവസങ്ങളിലും ഓഫീസിൽ എത്താതിരുന്നിട്ട് സ്വാധീനം ഉപയോഗിച്ച് പിന്നീട് ഹാജർ രേഖപ്പെടുത്തുന്ന അവസ്ഥയുമുണ്ട്. പഞ്ചിംഗ് സംവിധാനം വരുന്നതോടെ ഇതിനൊക്കെ പരിഹാരമാകും. ഗ്രേസ് സമയം കഴിഞ്ഞിട്ടും പഞ്ച് ചെയ്യാതിരുന്നാൽ ശമ്പളം തയ്യാറാക്കുന്ന സ്പാർക്ക് സോഫ്ട്‌വെയറിൽ ആബ്സന്റ് രേഖപ്പെടുത്തും. കൃത്യമായ കാരണം ബോദ്ധ്യപ്പെടുത്തിയാൽ ഓഫീസ് മേലധികാരിക്ക് ആബ്സെന്റ് നീക്കി ഹാജർ നൽകാം.
നേരത്തെ കളക്ടറേറ്റിൽ പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. വൈകാതെ വില്ലേജ് ഓഫീസുകളിലേക്കും പഞ്ചിംഗ് സംവിധാനം വ്യാപിപ്പിക്കും.
പ്രവർത്തനം രണ്ട് മാസത്തിനുള്ളിൽ
രാവിലെ എത്തുമ്പോൾ ഇൻ പഞ്ച്
വൈകിട്ട് പോകുമ്പോൾ ഔട്ട് പഞ്ച്
ഏതെങ്കിലും ഒന്നുമാത്രമായാൽ ഹാജരില്ല
ഓരോ മാസവും നിശ്ചിത സമയം ഗ്രേസ് ടൈം
ഗ്രേസ് ടൈം അധികരിച്ച ശേഷം വൈകിയാൽ ഹാജർ പോകും
പഞ്ചിംഗ് ടൈം
കൊല്ലം താലൂക്ക് ഓഫീസ് - രാവിലെ 10.15 മുതൽ 5.15
മറ്റിടങ്ങളിൽ - 10 മുതൽ 5 വരെ
കൈക്കൂലി അടക്കമുള്ള ഇടപാടുകൾ തടയാൻ താലൂക്ക്, വില്ലേജ് ഓഫീസുകളിൽ നിരീക്ഷണ കാമറയും വൈകാതെ സ്ഥാപിക്കും.
റവന്യു വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |