കൊല്ലം: 1988 ജൂലായ് 8, ആ ദിവസത്തെ ഇന്നും ഭയത്തോടെ അല്ലാതെ പെരുമൺകാർക്ക് ഓർക്കാൻ കഴിയില്ല. 105 പേരുടെ മരണത്തിന് ഇടയാക്കിയ പെരുമൺ ട്രെയിൻ ദുരന്തത്തിന് ഇന്നേക്ക് 36 വർഷം തികയുകയാണ്.
ഇന്നും കാരണം വ്യക്തമല്ലാത്ത അപകടത്തിൽ ഇരുന്നൂറിലേറെപ്പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പ്രദേശവാസികളുടെ നേതൃത്വത്തിൽ ദുരന്തത്തിന്റെ തൊട്ടടുത്ത വർഷം മുതൽ ഇവിടെ ദുരന്തവാർഷികവും ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. അഷ്ടമുടി കായലിന് കുറുകെ മൺറോത്തുരുത്തിനും പെരിനാടിനും ഇടയിൽ 125 മീറ്റർ നീളമുള്ള പെരുമൺ പാലത്തിൽ ഉച്ചയ്ക്ക് 12.20നായിരുന്നു അപകടം.
80 കിലോമീറ്റർ വേഗത്തിലെത്തിയ ട്രെയിനിന്റെ എൻജിനും പാഴ്സൽ കമ്പാർട്ട്മെന്റും തൊട്ടുപിന്നിലുള്ള ഒരു സെക്കൻഡ് ക്ലാസ് കമ്പാർട്ട്മെന്റും പാലം കടന്നതിന് പിന്നാലെയായിരുന്നു ദുരന്തം. 15 ബോഗികളുണ്ടായിരുന്ന ട്രെയിനിന്റെ 9 ബോഗികളും ഒന്നിന് പിറകെ ഒന്നായി കായലിലേക്ക് പതിച്ചു. ഉഗ്രശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്. മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായെത്തി. നീന്തിയും വള്ളത്തിലുമായി അവർ കോച്ചുകൾക്കടുത്തെത്തി. സാഹചര്യങ്ങൾ പ്രതികൂലമായിട്ടും സ്വന്തം ജീവൻ പണയം വച്ച് നടത്തിയ രക്ഷാപ്രവർത്തനമാണ് മരണസംഖ്യ കുറച്ചത്.
പിന്നീടാണ് ഫയർഫോഴ്സ് അടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിന് എത്തിയത്.
ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹങ്ങളിൽ ചിലത് കണ്ടെത്താനായത്. അപകടത്തിൽ പാലത്തിലെ റെയിലുകൾ പൂർണമായും തകർന്നു. പാലത്തിൽ തൂങ്ങി നിന്ന ഒരു ബോഗി തട്ടി അവസാനത്തെ തൂണിന് കേടുപാടുമുണ്ടായി.
അപകടകാരണം ഇന്നും അജ്ഞാതം
ചുഴലിക്കാറ്റെന്ന് റെയിൽവേ സേഫ്ടി കമ്മിഷണർ സൂര്യനാരായണന്റെ അന്വേഷണ റിപ്പോർട്ട്
പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും ഇത് പൂർണമായും നിഷേധിക്കുന്നു
യഥാർത്ഥ കാരണം മറച്ചുവയ്ക്കുന്നുവെന്ന ആക്ഷേപത്തിൽ പുനരന്വേഷണം
റിട്ട. വ്യോമസേന ഉദ്യോഗസ്ഥൻ സി.എസ്.നായിക്കിന്റെ പുനരന്വേഷണത്തിലും പഴയപല്ലവി
മരിച്ചത് - 105 പേർ
പരിക്കേറ്റവർ - 200 ഓളം
തങ്ങളെ വിട്ടുപോയ ഉറ്റവരുടെ ഓർമ്മ പുതക്കാൻ പ്രിയപ്പെട്ടവർ ഇന്നും പെരുമണിലെ സ്‌മൃതി സ്‌തൂപത്തിൽ പുഷ്പങ്ങൾ അർപ്പിക്കാനെത്തും.
പ്രദേശവാസികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |