കൊല്ലം: ലഹരി ഉപയോഗവും കൈമാറ്റവും കണക്കിലെടുത്ത് 'പ്രശ്നബാധിത'മെന്ന് എക്സൈസ് ലിസ്റ്റ് ചെയ്തിട്ടുള്ള സ്കൂളുകളുടെ എണ്ണത്തിൽ പുതിയ അദ്ധ്യയന വർഷം കുറവ്. കഴിഞ്ഞ വർഷം 82 സ്‌കൂളുകളാണ് പ്രശ്‌നബാധിതമായി കണ്ടെത്തിയിരുന്നത്. ഇത്തവണ സ്കൂൾ തുറന്ന് രണ്ടു മാസം പിന്നിട്ടപ്പോഴേക്കും എണ്ണം 60ൽ താഴെയായി.
അതേസമയം ഹോട്ട് സ്‌പോട്ടുകളുടെ (ലഹരി ഇടപാടുകൾ ഉള്ള സ്കൂൾ പ്രദേശങ്ങൾ) എണ്ണത്തിൽ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം 45 ആയിരുന്നു. ഇത്തവണ അത് 65 ആയി. സ്‌കൂളുകളുടെ വിവരങ്ങൾ ഇന്റലിജൻസ് വിഭാഗം എക്‌സൈസ് ഓഫീസുകൾക്ക് കൈമാറി. കഴിഞ്ഞ തവണ പ്രശ്‌നബാധിതമെന്ന് കണ്ടെത്തിയിരുന്ന സ്‌കൂളുകളിൽ എക്‌സൈസ് നടത്തിയ കർശന നിരീക്ഷണവും ജാഗ്രത സമിതികളുടെ പ്രവർത്തനവും പൊലീസിന്റെയും എക്‌സൈസിന്റെയും ബോധവത്കരണ ക്ലാസുകളുമാണ് മാറ്റത്തിന് വഴിയൊരുക്കിയത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇതുവരെ സ്‌കൂളുകളിൽ നിന്നോ സ്‌കൂൾ പരിസരങ്ങളിൽ നിന്നോ ലഹരി ഉപയോഗമോ ലഹരിയുമായി ബന്ധപ്പെട്ട പരാതികളോ ഉണ്ടായിട്ടില്ലെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി.
ഹോട്ട് സ്പോട്ടുകളിൽ ജാഗ്രത
സ്‌കൂളുകൾക്കും ട്യൂഷൻ സെന്ററുകൾക്കും സമീപത്തെ ബസ് സ്റ്റാൻഡുകൾ, ഗ്രൗണ്ടുകൾ, ടർഫുകൾ, ആളൊഴിഞ്ഞ പ്രദേശങ്ങൾ, പൂട്ടിക്കിടക്കുന്ന ഫാക്ടറികൾ, ഒഴിഞ്ഞുകിടക്കുന്ന വീടുകൾ, യുവാക്കളും മറ്റുള്ളവരും തമ്പടിക്കുന്ന കേന്ദ്രങ്ങൾ എന്നിവയെയാണ് ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
ഒരു റേഞ്ചിൽ ഏഴെണ്ണം വീതം ഒൻപത് റേഞ്ചുകളിലായി 63 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്
ഈ പ്രദേശങ്ങളിൽ രാവിലെയും രാത്രിയിലും കർശന നിരീക്ഷണവും ഷാഡോ സംഘത്തിന്റെ സാന്നിദ്ധ്യവും ഏർപ്പെടുത്തിയിട്ടുണ്ട്
പ്രശ്‌നബാധിത സ്‌കൂളുകൾ
സ്‌കൂൾ സമയങ്ങളിൽ പുറത്തുനിന്ന് ആളെത്തി വിദ്യാർത്ഥികൾക്ക് ലഹരി നൽകുന്നതുമായി ലഭിച്ച പ്രദേശങ്ങൾ
എളുപ്പത്തിൽ വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ ലഭിക്കുന്ന പരിസരങ്ങൾ
കോട്പ കേസിൽ ഉൾപ്പെട്ട കടകൾക്ക് സമീപമുള്ള സ്‌കൂളുകൾ
ലഹരി ഉപയോഗം സംബന്ധിച്ച പരാതി ഉയർന്നിട്ടുള്ള സ്‌കൂളുകൾ
ലഹരിക്കെണിയിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കൗൺസലിംഗിലൂടെയും ബോധവത്കരണത്തിലൂടെയും തിരിച്ചുകൊണ്ടുവരാനായി. സ്‌കൂളുകളിലെ ജാഗ്രത സമിതികൾ മികച്ച പ്രവർത്തനമാണ് നടത്തുന്നത്.
എക്‌സൈസ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |